Breaking

Saturday, March 30, 2019

ചൂട് മൂന്ന് ഡിഗ്രിവരെ കൂടാം; ഞായറാഴ്ചവരെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശരാശരിയിൽനിന്ന് മൂന്നുഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വരെ ജാഗ്രതാനിർദേശം നൽകി. വയനാട് ഒഴികെയുള്ള ജില്ലകളിൽ രണ്ടുമുതൽ മൂന്നുഡിഗ്രിവരെ ചൂടുകൂടാമെന്നാണ് മുന്നറിയിപ്പുള്ളത്. വെള്ളിയാഴ്ച സംസ്ഥാനത്താകെ 60 പേർക്ക് സൂര്യതാപമേറ്റു. കോഴിക്കോട്ട് മൂന്നുപേർക്ക് സൂര്യാഘാതമുണ്ടായി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 59 പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകളുണ്ടായി. ആലപ്പുഴയും കോഴിക്കോട്ടുമാണ് കൂടുതൽ പേർക്ക് പൊള്ളലേറ്റത്. ആലപ്പുഴ 18 പേർക്കും കോഴിക്കോട്ട് 14 പേർക്കും. എറണാകുളം വയനാട്, കൊല്ലം, പാലക്കാട് ജില്ലകളിൽ മൂന്നുപേർക്ക് വീതവും തൃശ്ശൂരിൽ അഞ്ചുപേർക്കും തിരുവനന്തപുരത്ത് ഒരാൾക്കും മലപ്പുറത്ത് രണ്ടുപേർക്കും കോട്ടയത്തും പത്തനംതിട്ടയിലും ഏഴുപേർക്കുവീതവും പൊള്ളലേറ്റു. എറണാകുളത്ത് അഞ്ചുപേർക്കും തൃശ്ശൂർ, കാസർകോട് ജില്ലകളിൽ മൂന്നുപേർക്കും മലപ്പുറം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒരാൾക്കുവീതവും ഇടുക്കി, കണ്ണൂർ എന്നിവിടങ്ങളിൽ എട്ടുപേർക്ക് വീതവും കൊല്ലത്ത് 12 പേർക്കും പത്തനംതിട്ടയിൽ രണ്ടുപേർക്കും ആലപ്പുഴ ഒമ്പതുപേർക്കും ശരീരത്തിൽ പാടുകൾ രൂപപ്പെട്ടു. വെള്ളിയാഴ്ച പുനലൂരിൽ 38.2 ഡിഗ്രിയും തിരുവനന്തപുരത്ത് 36.6 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. പുനലൂരിൽ ശരാശരി ഉയർന്ന താപനിലയിൽനിന്ന് രണ്ട് ഡിഗ്രിയും തിരുവനന്തപുരത്ത് ശരാശരി ഉയർന്ന താപനിലയിൽ നിന്ന് മൂന്നുഡിഗ്രി ചൂടുമാണ് വർധിച്ചത്. ആലപ്പുഴ-36.8, കോട്ടയം-36.4, എറണാകുളം-34, കോഴിക്കോട് -36, കണ്ണൂർ -34.7 എന്നിങ്ങനെയാണ് താപനില. തിരുവനന്തപുരം കൂടാതെ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലും ശരാശരി ഉയർന്ന താപനില മൂന്നുഡിഗ്രി സെൽഷ്യസ് കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുനലൂരാണ്- 23.5 ഡിഗ്രി. എറണാകുളത്ത് കുറഞ്ഞ താപനില ശരാശരിയിൽനിന്ന് ഒരു ഡിഗ്രി കുറഞ്ഞ് 27.6 ഡിഗ്രി രേഖപ്പെടുത്തി. content highlights:heat wave in kerala


from mathrubhumi.latestnews.rssfeed https://ift.tt/2HObsgK
via IFTTT