Breaking

Sunday, March 31, 2019

രാഹുലിന്റെ വയനാടൻ പ്രഖ്യാപനം: ഇന്നില്ലെങ്കിൽ രണ്ടിന്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു സംബന്ധിച്ച് തീരുമാനമായില്ല. ഞായറാഴ്ചയും തീരുമാനമായില്ലെങ്കിൽ പ്രഖ്യാപനം ചൊവ്വാഴ്ചവരെ നീളുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നല്കുന്ന സൂചന. ഏപ്രിൽ നാല് വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക നല്കാനുള്ള അവസാന തീയതി. ആന്ധ്രയിലെ വിജയവാഡ, അനന്തപുർ എന്നിവിടങ്ങളിൽ രാഹുൽ ഞായറാഴ്ച തിരഞ്ഞെടുപ്പു റാലികളിൽ പങ്കെടുക്കുന്നുണ്ട്. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉമ്മൻചാണ്ടി രാഹുലിനൊപ്പമുണ്ടാകും. വയനാട്ടിൽ മത്സരിക്കണമെന്ന കേരളനേതൃത്വത്തിന്റെ താത്പര്യം രാഹുലിനോട് അദ്ദേഹം ആവർത്തിക്കുമെന്നാണറിയുന്നത്. ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നെങ്കിൽ കർണാടകത്തിൽ മത്സരിക്കുന്നതാവും നല്ലതെന്ന് യു.പി.എ.യിലെ ഘടകകക്ഷികൾ നിർദേശിച്ചിട്ടുണ്ട്. ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരേയുള്ള പോരാട്ടത്തിന് ഇതു കരുത്തുപകരുമെന്നാണ് വാദം. വയനാട്ടിൽ രാഹുൽ മത്സരിക്കരുതെന്ന സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം രാഹുലിനെ ധരിപ്പിച്ചത് എൻ.സി.പി. നേതാവായ ശരദ് പവാർ ആയിരുന്നു. രാഹുലിന്റെ തീരുമാനം വൈകുന്നതിൽ സംസ്ഥാനനേതൃത്വത്തിലെ മിക്കവർക്കും അതൃപ്തിയുണ്ട്. പ്രഖ്യാപനം വൈകിയാൽ പ്രചാരണത്തിന് മൂന്നാഴ്ച തികച്ചുകിട്ടില്ലെന്നാണ് നേതാക്കളുടെ ആശങ്ക. രാഹുൽ വന്നാൽ ഈ പ്രതിസന്ധി മറികടക്കാമെങ്കിലും ഇങ്ങനെ മുൾമുനയിൽ നിർത്തുന്നതിലാണ് നീരസം. എന്നാൽ, അവ്യക്തതയ്ക്കൊടുവിൽ രാഹുലെത്തുകയാണെങ്കിൽ വോട്ടർമാർക്കിടയിൽ വലിയ തിരയിളക്കം ഉണ്ടാക്കുമെന്നാണ് ദേശീയനേതൃത്വം കരുതുന്നത്. Content Highlights:2019 Loksabha Election Rahul Gnadhi Wayanad


from mathrubhumi.latestnews.rssfeed https://ift.tt/2FIn3KH
via IFTTT