Breaking

Sunday, March 31, 2019

ആകാശത്തെ ചാരക്കണ്ണ്, ശത്രുവിന്റെ റഡാര്‍ വിവരങ്ങള്‍ പിടിച്ചെടുക്കും, എമിസാറ്റ് വിക്ഷേപണം നാളെ

ചെന്നൈ: ഡിആർഡിഒ വികസിപ്പിച്ച ഉപഗ്രഹം എമിസാറ്റിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ 9.30 ന് എമിസാറ്റിനെ വഹിച്ചുകൊണ്ടുള്ള പിഎസ്എൽവി റോക്കറ്റിന്റെ വിക്ഷേപണം നടക്കും. 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിക്കുക. ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സരൾ ( SARAL) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡിആർഡിഒയും ഐഎസ്ആർഒയും ചേർന്നാണ് എമിസാറ്റ് നിർമിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഴുവൻ കാര്യക്ഷമമായ ഇലക്ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധ സേനകളെ സഹായിക്കും. കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിർമാണം ഡിഫൻസ് എലക്ട്രോണിക് റിസർച്ച് ലാബിൽ നടന്നത്. 2013-14 ലെ പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് എമിസാറ്റിനെ പറ്റി പരാമർശം ഉണ്ടായിരുന്നത്. എട്ടുവർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് എമിസാറ്റിന്റെ പിറവി. കെഎ ബാൻഡിൽ പ്രവർത്തിക്കുന്ന ആൾട്ടിമീറ്റർ ആണ് എമിസാറ്റിൽ ഉപയോഗിക്കുന്നത്. ആൾട്ടിക എന്ന ഈ മീറ്റർ വികസിപ്പിച്ചത് ഫ്രഞ്ച് ബഹിരാകാശ ഏജൻസിയാണ്. മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥകളിലും തീരപ്രദേശങ്ങൾ, കരപ്രദേശങ്ങൾ, വനപ്രദേശങ്ങൾ തുടങ്ങിയവയിലും കാര്യക്ഷമമായി തടസങ്ങളില്ലാതെ നിരീക്ഷണം നടത്താൻ കെഎ ബാൻഡ് ആൾട്ട് മീറ്റർ സഹായിക്കും. അതിർത്തികളിൽ ഉള്ള ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയെടുക്കാനും എമിസാറ്റിന് സാധിക്കും. ഓരോ 90 മിനിറ്റ് കൂടുമ്പോഴും എമിസാറ്റ് ഒരേസ്ഥലത്ത് വീണ്ടും എത്തും. എമിസാറ്റിന് പുറമെ വിവിധ രാജ്യങ്ങളുടേതുൾപ്പെടെ 28 ചെറു ഉപഗ്രഹങ്ങളും തിങ്കളാഴ്ച വിക്ഷേപിക്കും. ഒറ്റ വിക്ഷേപണത്തിൽ മൂന്ന് ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിക്കുന്നതും, റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിൽ ശേഷിക്കുന്ന ഭാഗങ്ങൾ പരീക്ഷണത്തിനായി ഉപയോഗിക്കാനുമുള്ള പരിശ്രമവും ഈ ദൗത്യത്തിന്റെ ഭാഗമാണ്. പിഎസ്എൽവിയുടെ 47-ാമത്തെ ദൗത്യമാണ് ഇത്. Content Highlights:Countdown begins for defence satellite Emisat launch


from mathrubhumi.latestnews.rssfeed https://ift.tt/2I2zyDB
via IFTTT