ന്യൂഡൽഹി:ആദ്യം പൃഥ്വി ഷായ്ക്ക് സെഞ്ചുറി ഒരു റൺസ് അരികെ നഷ്ടം, പിന്നീട് അവസാന ഓവറിൽ വിജയിക്കാനുള്ള ആറു റൺസ് കണ്ടെത്താനായില്ല, നിർഭാഗ്യങ്ങൾ ഒന്നൊന്നായി പിന്തുടർന്നെങ്കിലും സൂപ്പർ ഓവറിൽ ഭാഗ്യം ഡൽഹി ക്യാപിറ്റൽസിന് ഒപ്പം നിന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സൂപ്പർ ഓവറിൽ മൂന്ന് റൺസിനാണ് ഡൽഹി തോൽപ്പിച്ചത്. പ്രസീദ് കൃഷ്ണയുടെ ആറു പന്തിൽ ഡൽഹി നേടിയത് 10 റൺസാണ്. ഇതോടെ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 11 റൺസ് വേണമെന്നായി. എന്നാൽ ഡൽഹിക്കായി സൂപ്പർ ഓവർ എറിയാനെത്തിയ റബാദ വിട്ടുകൊടുത്തില്ല. ഏഴു റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് ഡൽഹിക്ക് വിജയമൊരുക്കി. നേരത്തെ അവസാന ഓവറിൽ ഡൽഹിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് ആറു റൺസായിരുന്നു. എന്നാൽ കുൽദീപ് യാദവിന്റെ ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഡൽഹി നേടിയത് അഞ്ച് റൺസ് മാത്രം. ഇതോടെ ഡൽഹിക്ക് അനായാസം വിജയിക്കാമായിരുന്ന മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. ഒരു റണ്ണിന് സെഞ്ചുറി നഷ്ടപ്പെട്ട പൃഥ്വി ഷായുടേയും 32 പന്തിൽ 43 റൺസടിച്ച ശ്രേയസ് അയ്യരുടേയും മികവിലായിരുന്നു ഡൽഹി വിജയത്തിന്റെ പടിവാതിൽക്കലെത്തിയത്. എന്നാൽ അവസാന ഓവറിൽ ഹനുമ വിഹാരിയും കോളിൻ ഇൻഗ്രാമും ചേർന്ന് എല്ലാം കുളം തോണ്ടി. 55 പന്തിൽ 12 ഫോറും ഒരു സിക്സുമടക്കമായിരുന്നു പൃഥ്വി ഷായുടെ 99 റൺസ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 185 റൺസടിച്ചു. ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റിന് 61 റൺസ് എന്ന നിലയിലായിരുന്ന സന്ദർശകരെ ക്യാപ്റ്റൻ ദിനേശ് കാർത്തിക്കും ആന്ദ്രെ റസലും കൈപ്പിടിച്ചുയർത്തുകയായിരുന്നു. ദിനേശ് കാർത്തിക്ക് 36 പന്തിൽ അഞ്ചു ഫോറും രണ്ട് സിക്സുമടക്കം 50 റൺസ് നേടി. 28 പന്തിൽ നാല് ഫോറിന്റേയും ആറു സിക്സിന്റേയും അകമ്പടിയോടെ 62 റൺസ് അടിച്ചായിരുന്നു റസലിന്റെ വെടിക്കെട്ട് ഇന്നിങ്സ്. ഇതോടെയാണ് കൊൽക്കത്തയുടെ സ്കോർ 150 കടന്നത്. ഇരുവരും ആറാം വിക്കറ്റിൽ പടുത്തുയർത്തിയ 95 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായി. 16 റൺസിനിടെ ഓപ്പണർ നിഖിൽ നായിക്കിനെ (7) നഷ്ടമായ കൊൽക്കത്തയ്ക്ക് പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. റോബിൻ ഉത്തപ്പ (11), ക്രിസ് ലിൻ (20), നിധീഷ് റാണ് (1), ശുഭ്മാൻ ഗിൽ (4), പിയൂഷ് ചൗള (12) എന്നിങ്ങനെയാണ് പുറത്തായ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. 10 റൺസോടെ കുൽദീപ് യാദവ് പുറത്താകാതെ നിന്നു. Content Highlights: IPL 2019 Delhi Capitals vs Kolkata Knight Riders
from mathrubhumi.latestnews.rssfeed https://ift.tt/2uzqm1p
via
IFTTT