മറയൂർ: ഇടുക്കി മറയൂരിൽ യുവതി വെടിയേറ്റുമരിച്ചു. പാണപ്പെട്ടകുടിയിൽ ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. വെളളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ചന്ദ്രികയുടെ ചേച്ചിയുടെ മകൻ കാളിയപ്പനാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലപ്പെട്ട ചന്ദ്രികയുടെ ബന്ധു കാളിയപ്പൻ, മാധവൻ, മണികണ്ഠൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൃഷിയിടത്തിൽ കാവൽ നിൽക്കുകയായിരുന്നു ചന്ദ്രിക. കളളത്തോക്കുമായെത്തിയ കാളിയപ്പൻ ചന്ദ്രികയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മണികണ്ഠൻ, മാധവൻ എന്നീ സുഹൃത്തുക്കളും കാളിയപ്പനൊപ്പം ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം സമീപത്തെ കാട്ടിൽ ഒളിച്ച ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ചന്ദനക്കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.നിരവധി ചന്ദന മോഷണക്കേസുകളിൽ പ്രതിയാണ് കാളിയപ്പനും മണികണ്ഠനും. ചന്ദനക്കടത്ത് വനംവകുപ്പിന് ഒറ്റിക്കൊടുത്തത് ചന്ദ്രികയാണ് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കാളിയപ്പൻ ഇവരെ ഇല്ലാതാക്കാൻ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത മൂന്നുപേരേയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നുകൂടി പോലീസ് പരിശോധിച്ചുവരികയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2QcvovR
via
IFTTT