Breaking

Friday, August 28, 2020

പൊട്ടിയാല്‍ ലോകം വിറയ്ക്കും, പിന്നെ ഭൂമി വെറുമൊരു ചാരക്കൂന; 'സാര്‍ ബോംബ' ഇത് വെറും ബോംബല്ല

മോസ്കോ: ലോകം ആണവായുധങ്ങളില്ലാത്ത ഒരു ഭാവിയേപ്പറ്റി സ്വപ്നം കണ്ടുകൊണ്ടിരിക്കെ അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യ.ശീതയുദ്ധം കത്തിനിന്ന സമയത്ത് 1961 ഒക്ടോബർ 30ന് പരീക്ഷിച്ച സാർ ബോംബയുടെ ദൃശ്യങ്ങളാണ് വീണ്ടും പുറത്തുവിട്ടത്. ജപ്പാനിലെ ഹിരോഷിമയിൽ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാൾ 333 മടങ്ങ് ശക്തിയേറിയ സാർ ബോംബ എന്ന അണുബോബിന്റെ പരീക്ഷണമാണ് അന്ന് നടത്തിയത്. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് റഷ്യ ഇപ്പോൾപുറത്തുവിട്ടിരിക്കുന്നത്. 30 മിനിറ്റാണ് ഈ വീഡിയോയുടെ ദൈർഘ്യം. റഷ്യൻ ആണവ വ്യവസായം അതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതാപത്തിന്റെ തെളിവുകൾ റഷ്യ വീണ്ടും അനാവരണം ചെയ്യുന്നത്. ആർട്ടിക്കിലെ ബാരന്റ് കടലിലാണ് വിമാനത്തിൽ നിന്ന് ഈ ബോംബ് പരീക്ഷിച്ചത്. 26.5 ടൺ ഭാരമുള്ള ഈ ബോംബ് പൊട്ടിയപ്പോൾ അതിന്റെ ആഘാതം നിരീക്ഷിച്ചത് 162 മൈലുകൾക്കപ്പുറത്ത് ബങ്കർ ഉണ്ടാക്കി അതിനുള്ളിൽ നിന്നായിരുന്നു. ഭൂനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിൽ വെച്ചാണ്സ്ഫോടനം നടത്തിയത്. നിലവിലെ സകല സംഹാര ആയുധങ്ങളേയും നിഷ്ഫലമാക്കുന്ന സ്ഫോടനമാണ് തുടർന്ന് നടന്നത്. ഏതാണ് 50 മെഗാടൺ ശേഷിയുള്ള സ്ഫോടനമാണ് അന്ന് നടന്നത്. റഷ്യയുടെ കൈവശമുള്ള ഏറ്റവും ശക്തിയേറിയ അണുബോംബുകളിലൊന്നാണ് ഇത്. സാർ ബോംബ ഡൽഹി നഗരത്തിന് മുകളിലാണ് പ്രയോഗിക്കപ്പെടുന്നതെങ്കിൽ നിമിഷങ്ങൾക്കകം നഗരം വെറുമൊരു ചാരക്കൂനയായി തീരും. മനുഷ്യരും മൃഗങ്ങളും ജന്തുജാലങ്ങളും നിന്ന നിൽപ്പിൽ ഭസ്മമായി തീരും. കെട്ടിടങ്ങളോ നിർമിതികളോ ഒന്നും തന്നെ ശേഷിക്കുകയില്ല. ഇതിന്റെ റേഡിയോ വികിരണങ്ങൾ പാകിസ്താനിലുമെത്തും. സാർ ബോബ പൊട്ടിത്തെറിക്കുന്നതോടെ ആ സ്ഥലത്ത് റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാകും. ഇതിന്റെ പ്രകമ്പനം എമ്പാടുമെത്തും. അത്ര ഭീകരമായ അവസ്ഥയാണ് സാർ ബോംബ ഉണ്ടാക്കുക. ബോംബ് പൊട്ടി 40 സെക്കൻഡുകൾക്കുള്ളിൽ ഭീമാകാരമായ തീഗോളവും തുടർന്ന് കൂറ്റൻ പുകമേഘം കൂണുപോലെ മുകളിലേക്ക് ഉയരുന്നതും റഷ്യ പുറത്തുവിട്ട വീഡിയോയിലുണ്ട്. 100 മൈലുകൾക്കപ്പുറത്ത് സ്ഥാപിച്ച ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കൂണുപോലെ ഉയർന്നുപൊങ്ങിയ ആ പൂകമേഘത്തിന് 213,000 അടി ഉയരമുണ്ടായിരുന്നു. Image Credit/nuclearweaponarchive.org ആറ് ദശകത്തോളമായി ഈ ബോംബിന്റെ വീഡിയോ ദൃശ്യങ്ങൾ റഷ്യ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. അമേരിക്ക തെർമോ ന്യൂക്ലിയർ ബോംബ് പരീക്ഷിച്ചതിന് ബദലായി ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും ഒരു അണുബോംബ് നിർമിച്ചു. ഇവാൻ എന്നായിരുന്നു അതിന്റെ പേര്. 1954ലാണ് അമേരിക്ക 15 മെഗാടൺ ശേഷിയുള്ള കാസ്റ്റൽ ബ്രാവോ എന്ന ബോംബ് മാർഷൽ ദ്വീപുകളിൽ പരീക്ഷിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന എല്ലാ അണുബോംബുകളേക്കാളും ഭീകരനായിരുന്നു കാസ്റ്റൽ ബ്രാവോ. അമേരിക്കയ്ക്ക് മുന്നിൽ തലഉയർത്തിപ്പിടിക്കാൻ ഏഴ് വർഷം നീണ്ട പരിശ്രമത്തെ തുടർന്നാണ് സാർ ബോംബയെന്ന് പടിഞ്ഞാറൻ ലോകം വിശേഷിപ്പിച്ച ഇവാൻ എന്ന ബോംബ് സോവിയറ്റ് യൂണിയൻ വികസിപ്പിച്ചത്. ഇതിന്റെ പരീക്ഷണത്തിന് പിന്നാലെ 1963ൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ആണവ ബോബ് പരീക്ഷണത്തിനെതിരായ കരാറിൽ ഒപ്പുവെച്ചതോടെയാണ് ലോകം ആശ്വാസത്തിന്റെനെടുവീർപ്പുയർത്തിയത്. ലോകം സാർ ബോംബയെന്ന് വിശേഷിപ്പിക്കുമ്പോൾ റഷ്യ ഇതിനെ ഇവാൻ എന്നാണ് വിളിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും വലിയ അണുബോബ് പരീക്ഷണമായിരുന്നു സാർ ബോംബയുടേത്. ഹൈഡ്രജൻ ഫ്യൂഷൻ ബോംബാണ് ഇത്. Content Highlights:Russia releases test footage of world's most powerful atomic bomb blast, 3333 times than Hiroshima


from mathrubhumi.latestnews.rssfeed https://ift.tt/2FVlFYL
via IFTTT