Breaking

Saturday, August 29, 2020

പരീക്ഷ നടത്താതെ ജയിപ്പിക്കാനാവില്ല -സുപ്രീംകോടതി

ന്യൂഡൽഹി: അവസാനവർഷ സർവകലാശാലാ പരീക്ഷകൾ നടത്താതെ വിദ്യാർഥികളെ ജയിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ദുരന്തനിവാരണ നിയമമുപയോഗിച്ച് പരീക്ഷ റദ്ദാക്കാനാവില്ല. സെപ്റ്റംബർ 30-നകം പരീക്ഷ നടത്താൻ സാധിക്കില്ലെങ്കിൽ തീയതി നീട്ടാൻ സംസ്ഥാനങ്ങൾക്ക് യു.ജി.സി.യെ സമീപിക്കാം. യു.ജി.സി. ഇക്കാര്യത്തിൽ എത്രയുംവേഗം തീരുമാനമറിയിക്കണം. സെപ്റ്റംബർ 30-നകം അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണമെന്ന യു.ജി.സി.യുടെ ജൂലായ് ആറിലെ മാർഗരേഖ ചോദ്യംചെയ്യുന്ന ഹർജികളിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിധിപറഞ്ഞത്. യു.ജി.സി. മാർഗരേഖയെ ദുരന്ത നിവാരണ നിയമമുപയോഗിച്ച് സംസ്ഥാനങ്ങൾക്ക് മറികടക്കാമോ എന്ന വിഷയമാണ് ബെഞ്ച് പരിശോധിച്ചത്. മനുഷ്യജീവനുകൾ രക്ഷിക്കുന്നതിനാണ് 2005-ലെ ദുരന്തനിവാരണ നിയമത്തിൽ ഏറ്റവും പ്രാമുഖ്യം. അതിനാൽ മഹാമാരിയുടെ കാലത്ത് ദുരന്തനിവാരണ നിയമം ഉപയോഗിച്ചുള്ള പ്രവൃത്തികൾ മറ്റെന്തിനെക്കാളും മുകളിൽ നിൽക്കും. നിശ്ചിത ദിവസത്തിനകം പരീക്ഷ നടത്തേണ്ടതില്ലെന്ന ചില സംസ്ഥാനങ്ങളുടെ തീരുമാനം നിലനിൽക്കും. അതേസമയം, പരീക്ഷ നടത്താതെ വിദ്യാർഥികളെ ജയിപ്പിക്കുന്നത് ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പരീക്ഷ നടത്താതെ ഡിഗ്രി നൽകാൻ സർവകലാശാലകൾക്ക് തീരുമാനിക്കാനാവില്ലെന്ന് യു.ജി.സി. വ്യക്തമാക്കിയിരുന്നു. പരീക്ഷ നീട്ടിവെക്കണമെന്ന് അവർക്ക് ആവശ്യപ്പെടാം. ദുരന്തനിവാരണ നിയമമനുസരിച്ച് പരീക്ഷകൾ റദ്ദാക്കിയ മഹാരാഷ്ട്ര, ഡൽഹി സർക്കാരുകളുടെ നടപടിയെയും യു.ജി.സി. എതിർത്തു. ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളും ഇപ്പോൾ പരീക്ഷ നടത്തുന്നതിന് എതിരായിരുന്നു. വിദ്യാർഥികളുടെ ഭാവിയും അക്കാദമിക താത്പര്യവും മുൻനിർത്തിയാണ് തീരുമാനമെന്ന് യു.ജി.സി.യും ആഭ്യന്തരമന്ത്രാലയവും വാദിച്ചു. വിധി ഒറ്റനോട്ടത്തിൽ: 1. സെപ്റ്റംബർ 30-നകം അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണമെന്ന യു.ജി.സി. മാർഗരേഖ റദ്ദാക്കണമെന്ന ആവശ്യം തള്ളി. 2. സെപ്റ്റംബർ 30-നു മുൻപായി പരീക്ഷകൾ നടത്തേണ്ടതില്ലെന്ന ചില സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം നിലനിൽക്കും. അതായത്, പരീക്ഷ പൂർത്തിയാക്കാൻ അന്തിമ തീയതി (സെപ്റ്റംബർ 30) നിശ്ചയിച്ച യു.ജി.സി. നടപടിയെ ദുരന്തനിവാരണ നിയമംകൊണ്ട് മറികടക്കാം. 3. സെപ്റ്റംബർ 30-നകം പരീക്ഷ നടത്താനാവില്ലെന്ന് ഏതെങ്കിലും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർക്ക് തീയതി നീട്ടിക്കിട്ടാൻ യു.ജി.സി.യെ സമീപിക്കാം. സംസ്ഥാനങ്ങളുടെ അപേക്ഷയിൽ യു.ജി.സി. എത്രയും വേഗം തീരുമാനമറിയിക്കണം. 4. സംസ്ഥാനങ്ങൾക്കോ സർവകലാശാലകൾക്കോ അവസാനവർഷ പരീക്ഷയില്ലാതെ മുൻ പ്രകടനത്തിന്റെയും ഇന്റേണൽ അസസ്മെന്റിന്റെയും അടിസ്ഥാനത്തിൽ വിദ്യാർഥികളെ ജയിപ്പിക്കാനാവില്ല. അങ്ങനെ ചെയ്യുന്നത് ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിലല്ല. അത് യു.ജി.സി.യുടെ മാർഗരേഖയ്ക്ക് വിരുദ്ധവുമാണ്. 5. യു.ജി.സി.യുടെ മാർഗരേഖ നിയമവിരുദ്ധമാണെന്നോ ഉപദേശകരൂപത്തിലുള്ളതാണെന്നോ പറയാനാവില്ല. യു.ജി.സി.യുടെ മാർഗരേഖ പാലിക്കാൻ സർവകലാശാലകൾക്ക് നിയമപരമായ ബാധ്യതയുണ്ട്. Content Highlights: No degrees without exam, Supreme Court upholds UGCs position


from mathrubhumi.latestnews.rssfeed https://ift.tt/34JB2he
via IFTTT