Breaking

Friday, August 28, 2020

ഡിജിറ്റൽ പേമെന്റ് വ്യവസായത്തിൽ ചുവടുവെക്കാൻ എസ്.ബി.ഐ.

മുംബൈ: നാഷണൽ പേമെന്റ് കോർപ്പറേഷനു സമാനമായി പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം കൊണ്ടുവരുന്നതിന് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി റിസർവ് ബാങ്കിന്റെ പദ്ധതിയായ 'ന്യൂ അംബ്രല്ല എന്റിറ്റി' പദ്ധതിയിൽ ലൈസൻസിനായി അപേക്ഷിക്കാനാണ് തീരുമാനം. വിഷയത്തിൽ എസ്.ബി.ഐ.യുടെ ഉന്നതതലത്തിൽ പ്രാഥമിക ചർച്ചകൾ നടന്നു. പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കാനും ലൈസൻസിന് അപേക്ഷിക്കാനുമാണ് തത്ത്വത്തിൽ തീരുമാനമായിരിക്കുന്നത്. എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കൺസോർഷ്യം രൂപവത്കരിച്ച് പദ്ധതി നടപ്പാക്കുക, ഫിൻടെക് സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ സംരംഭത്തിന് തുടക്കമിടുക എന്നിങ്ങനെ വിവിധ സാധ്യതകളാണ് പരിഗണനയിലുള്ളത്. പദ്ധതിയുടെ മാനദണ്ഡങ്ങൾ കഴിഞ്ഞയാഴ്ചയാണ് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചത്. 2021 ഫെബ്രുവരി വരെ ലൈസൻസിനായി അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. എൻ.പി.സി.ഐ.ക്കുള്ള അതേ അധികാരങ്ങൾ പുതിയ സംരംഭത്തിനു ലഭിക്കും. നിലവിൽ യു.പി.ഐ., ഐ.എം.പി.എസ്., നാഷണൽ ഫിനാൻഷ്യൽ സ്വിച്ച് തുടങ്ങിയവ വഴി ഡിജിറ്റൽ പേമെന്റിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന എൻ.പി.സി.ഐ. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന കമ്പനിയാണ്. ഈ രംഗത്തെ പുതിയ കമ്പനികൾ ലാഭം മുൻനിർത്തിതന്നെയാകും പ്രവർത്തിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2EBKIiZ
via IFTTT