Breaking

Friday, August 28, 2020

വിമതരെ ഒതുക്കി സോണിയ; പാർലമെന്റിൽ സ്ഥാനമാറ്റം

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കത്തെഴുതിയ നേതാക്കളെ ഒതുക്കി അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. വേണുഗോപാൽ എന്നിവരെയും നിയമിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിനെയും ഉപനേതാവായ ആനന്ദ് ശർമയെയും ഒതുക്കുന്നതിന്റെ ഭാഗമായാണിത്. ഇരുവരും നേതൃത്വത്തെ വിമർശിച്ച് അയച്ച കത്തിനുപിന്നിൽ പ്രവർത്തിച്ച പ്രധാനികളാണ്. സമാനമായി ലോക്‌സഭയിൽ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും വിപ്പായി പഞ്ചാബിൽനിന്നുള്ള രൺവീത് സിങ് ബിട്ടുവിനെയും നിയമിച്ചു. ഇരുവരും ഗാന്ധികുടുംബവുമായി ഏറെ അടുപ്പമുള്ളവരാണ്. ഗൗരവ് ഗൊഗോയിയും മാണിക്കം ടാഗോറുമായിരുന്നു ലോക്‌സഭയിലെ വിപ്പുമാർ. ഗൊഗോയിയെ ഉപനേതാവാക്കിയതോടെ ബിട്ടു വിപ്പായി. കഴിഞ്ഞ ലോക്‌സഭയിൽ അംഗവും ലോക്‌സഭാ ഉപനേതാവുമായിരുന്ന അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി ആയതുമുതൽ ലോക്‌സഭയിൽ ഉപനേതൃത്വസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. വേണുഗോപാൽ രാജ്യസഭയിൽ പുതുമുഖമാണെങ്കിലും ലോക്‌സഭയിൽ നേരത്തേ ഡെപ്യൂട്ടി വിപ്പായിരുന്നു. നേതൃത്വത്തോട് വളരെ അടുപ്പംപുലർത്തുന്ന അധീർ രഞ്ജൻ ചൗധരിയെ കക്ഷിനേതാവായും കൊടിക്കുന്നിൽ സുരേഷിനെ ചീഫ് വിപ്പായും ലോക്‌സഭയിൽ നിലനിർത്തിയിട്ടുണ്ട്. ലോക്‌സഭയിലെ മികച്ച പ്രാസംഗികരാണെങ്കിലും മനീഷ് തിവാരി, ശശി തരൂർ എന്നിവർക്ക് ഇനി ഏറെ അവസരം ലഭിക്കില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. രാജ്യസഭയിൽ ഗുലാംനബി ആസാദിനെയും ആനന്ദ് ശർമയെയും സഭാ നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിനുശേഷമായിരിക്കും ഈ മാറ്റം.


from mathrubhumi.latestnews.rssfeed https://ift.tt/3gENwJs
via IFTTT