Breaking

Friday, August 28, 2020

യെദ്യൂരപ്പയുടെ മകൻ ‘സൂപ്പർ മുഖ്യമന്ത്രി’; കത്ത് പുറത്തുവിട്ട് കോൺഗ്രസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര 'സൂപ്പർ മുഖ്യമന്ത്രി'യാകാൻ ശ്രമിക്കുകയാണെന്ന, ബി.ജെ.പി. എം.എൽ.എ.മാരുടേതെന്നു പറയപ്പെടുന്ന കത്ത് കോൺഗ്രസ് പുറത്തുവിട്ടു. സമാന്തര അധികാരകേന്ദ്രമായാണ് വിജയേന്ദ്രയും സംഘവും പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് പാർട്ടിയിലെ ഏഴ് എം.എൽ.എ.മാർ അയച്ച കത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് എം. ലക്ഷ്മണാണ് മൈസൂരുവിൽ മാധ്യമങ്ങൾക്ക് കൈമാറിയത്. ആരോപണം ബി.ജെ.പി. നേതാക്കൾ തള്ളി. സർക്കാർ കരാറുകൾ അനുവദിക്കുന്നതിന് വിജയേന്ദ്ര കോടികൾ കൈക്കൂലി വാങ്ങുന്നുവെന്നും കരാറുകാരിൽനിന്ന് 15 ശതമാനം 'വി.എസ്.ടി.'('വിജയേന്ദ്ര' സർവീസ് ടാക്സ്) ഈടാക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു. പാർട്ടിയിലും സർക്കാരിലുമുള്ള 31-അംഗ സംഘമാണ് സമാന്തരസർക്കാരായി പ്രവർത്തിക്കുന്നത്. ഇവരിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും ബന്ധുക്കളുമുണ്ടെന്നും ആരോപിക്കുന്നു. പാർട്ടിയുടെ പ്രതിച്ഛായ കണക്കിലെടുത്താണ് പൊതുവേദിയിൽ പരാതിയുന്നയിക്കാത്തതെന്നും വിജയേന്ദ്രയെ നിലയ്ക്കുനിർത്തണമെന്നും ആവശ്യപ്പെടുന്നു. 'ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. 5000 കോടിയുടെ അഴിമതിയാണ് നടന്നത്. ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം വേണം'- ലക്ഷ്മൺ ആവശ്യപ്പെട്ടു. കൂടുതൽ തെളിവുകൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോപണങ്ങൾ വിജയേന്ദ്ര തള്ളി. തനിക്കെതിരേയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നും കെട്ടിച്ചമച്ച ആരോപണങ്ങളുള്ള വ്യാജ കത്താണ് കോൺഗ്രസ് പുറത്തുവിട്ടതെന്നും വിജയേന്ദ്ര ആരോപിച്ചു. മൈസൂരുവിൽനിന്നുയർന്ന ആരോപണങ്ങൾ കോൺഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണെന്നും വിജയേന്ദ്ര 'ട്വീറ്റ്'ചെയ്തു. മന്ത്രിസഭാ വിപുലീകരണത്തെച്ചൊല്ലി ബി.ജെ.പി.യിൽ വടംവലി നടക്കുന്നതിനിടയിലാണ് പുതിയ വിവാദം. പാർട്ടിക്കുള്ളിൽ യെദ്യൂരപ്പക്കെതിരേ നടക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് കത്തിനെ രാഷ്ട്രീയവൃത്തങ്ങൾ കാണുന്നത്. ഈ മാസം ഒന്നിന് വിജയേന്ദ്രയെ പാർട്ടി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/32AmzBN
via IFTTT