Breaking

Saturday, August 29, 2020

ബി.ജെ.പി.ക്കായി അനിൽ നമ്പ്യാർ സഹായംതേടിയെന്ന് സ്വപ്‌ന

കൊച്ചി: ഇന്ത്യയിലെ യു.എ.ഇ. നിക്ഷേപങ്ങൾക്കായി ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ സഹായംതേടി. സ്വപ്ന കസ്റ്റംസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബി.ജെ.പി.യെ കോൺസുലേറ്റ് പിന്തുണയ്ക്കണമെന്നും അനിൽ ആവശ്യപ്പെട്ടതായി സ്വപ്ന മൊഴിനൽകി. സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്ത് വഴിയാണ് അനിൽ നമ്പ്യാരെ പരിചയപ്പെട്ടതെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ദുബായിൽ വഞ്ചനക്കുറ്റത്തിന് അനിൽ നമ്പ്യാരുടെപേരിൽ കേസുണ്ടായിരുന്നു. ഇതിൽ അറസ്റ്റ് ഭയന്ന് അനിൽ ദുബായിലേക്കു പോയിരുന്നില്ല. അവിടെ ജയിലിൽ കഴിഞ്ഞിരുന്ന വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖം തയ്യാറാക്കാനെന്ന പേരിലാണ് രണ്ടുവർഷംമുമ്പ് സരിത്ത് വഴി തന്നെ അനിൽ സമീപിച്ചതെന്ന് സ്വപ്ന പറയുന്നു. തുടർന്ന് കോൺസുൽ ജനറലിന്റെ സ്വാധീനം ഉപയോഗിച്ച് അനിൽ നമ്പ്യാരുടെ കേസ് ഒത്തുതീർപ്പാക്കി. ഇതിനുശേഷമാണ് അനിലും സ്വപ്നയും സുഹൃത്തുക്കളായത്. 2018-ൽ അനിൽ ക്ഷണിച്ചതുപ്രകാരം താജ്ഹോട്ടലിൽ അത്താഴവിരുന്നിന് കണ്ടുമുട്ടി. ഇവിടെവെച്ചാണ് അനിൽ, യു.എ.ഇ.യുടെ ഇന്ത്യയിലെ നിക്ഷേപങ്ങളെക്കുറിച്ച് ആരാഞ്ഞതും ബി.ജെ.പി.യെ കോൺസുലേറ്റ് പിന്തുണയ്ക്കണമെന്ന് പറഞ്ഞതും. ഇതിനുശേഷം അനിലിന്റെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്യാൻ കോൺസുൽ ജനറലിനെ കൊണ്ടുവരാൻ അനിൽ സ്വപ്നയുടെ സഹായംതേടിയിരുന്നു. ഉദ്ഘാടനത്തിന് ഇരുവരും തമ്മിൽ വീണ്ടും കാണുകയും ചെയ്തു. ഇതിനുശേഷം സുഹൃദ്ബന്ധം പുതുക്കാൻ അനിൽ ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്നെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. നയതന്ത്ര ബാഗേജ് പിടിച്ച വാർത്തകൾ പുറത്തുവന്നതോടെ കോൺസുൽ ജനറൽ ദുബായിൽനിന്ന് സ്വപ്നയെ വിളിച്ച് വാർത്തകൾ വരുന്നതു തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ തനിക്ക് ഒന്നും ചെയ്യാനായില്ലെന്ന് സ്വപ്ന പറയുന്നു. അതിനിടെ ജൂലായ് അഞ്ചിന് ഉച്ചയോടെ ഒളിവിൽപ്പോകാൻ അഭിഭാഷകനായ കേസരി തനിക്ക് നിർദേശം നൽകി. ഇതിനുപിന്നാലെയാണ് അനിൽ നമ്പ്യാർ സ്വപ്നയെ ഫോണിൽ ബന്ധപ്പെടുന്നത്. സ്വർണം പിടിച്ചെന്ന വാർത്ത കണ്ടിട്ടാണ് വിളിക്കുന്നതെന്ന് അനിൽ പറഞ്ഞു. പിടിച്ചുവെച്ചിരിക്കുന്നത് നയതന്ത്ര ബാഗേജ് അല്ലെന്നും സ്വകാര്യവ്യക്തിയുടെ ബാഗേജ് ആണെന്നും വ്യക്തമാക്കി കോൺസുൽ ജനറലിന്റെ പത്രക്കുറിപ്പ് ഇറക്കാൻ അനിൽ ഉപദേശം നൽകിയതായി സ്വപ്ന വെളിപ്പെടുത്തി. ഇത് കോൺസുൽ ജനറലിനോടു പറഞ്ഞപ്പോൾ അനിലിനോടുതന്നെ ഇത്തരത്തിലൊരു കത്ത് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ഇത് താൻ അറിയിച്ചപ്പോൾ അനിൽ സമ്മതിക്കുകയുംചെയ്തു. എന്നാൽ, പിന്നീട് കാര്യങ്ങൾ വഷളായതിനെത്തുടർന്ന് ഇക്കാര്യം താൻ വിട്ടുപോയെന്നും സ്വപ്ന മൊഴിയിൽ പറഞ്ഞു. Content Guidelines: Gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/31FsC8Z
via IFTTT