Breaking

Monday, August 31, 2020

ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കാൻ കഴിയില്ല -കപിൽ സിബൽ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിൽ സമഗ്രവും ക്രിയാത്മകവുമായ മാറ്റം ആവശ്യപ്പെട്ട് തങ്ങൾ ഉയർത്തിയ വിഷയങ്ങളിൽ ഒന്നുപോലും ആരും പരിഗണിച്ചില്ലെന്ന് കപിൽ സിബൽ. കോൺഗ്രസ് പ്രവർത്തകസമിതി കത്ത് പരിശോധിച്ചില്ലെന്നും ഒരു നേതാവുപോലും വിഷയത്തിൽ ഇടപെട്ടില്ലെന്നും ഞായറാഴ്ച ഇംഗ്ലീഷ് മാധ്യമത്തിനുനൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിൽ സമൂലമാറ്റം ആവശ്യപ്പെട്ട് കത്തയച്ച 23 നേതാക്കളിൽ ഉൾപ്പെട്ടയാളാണ് സിബൽ. “രാഷ്ട്രീയമെന്നത് മാറ്റമാണ്. ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കാൻ കഴിയില്ല. പുതിയ കാലത്തെ ഉൾക്കൊള്ളണം. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കണം. ജനങ്ങൾക്ക് എന്താണ് ആവശ്യമുള്ളതെന്നും പാർട്ടിയുടെ നയമെന്താണെന്നും ചർച്ചചെയ്യണം. ആളുകളുടെ നീക്കങ്ങളിൽ സംശയിച്ചുതുടങ്ങിയാൽ, സ്വാഭാവികമായും തെറ്റിദ്ധാരണകൾ രൂപപ്പെടും” -സിബൽ തുറന്നടിച്ചു. “കോൺഗ്രസിന് നിയമപ്രകാരമുള്ള ഒരു പ്രസിഡന്റുണ്ടാകണം. കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഉടൻ പരിഹരിക്കപ്പെടണം. ബി.ജെ.പി. ഭരണഘടനാവ്യവസ്ഥകൾ പിന്തുടരുന്നില്ലെന്നും ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുകയാണെന്നുമാണ് കോൺഗ്രസ് പതിവായി ആരോപിക്കുന്നത്. കോൺഗ്രസിൽ പാർട്ടിയുടെ ഭരണപ്രകാരം കാര്യങ്ങൾ നടക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ഇത് ആർക്ക് തടയാൻ കഴിയും. ഈ രാജ്യത്തെ രാഷ്ട്രീയം വിധേയത്വത്തെ അടിസ്ഥാനമാക്കിയാണ്” -സിബൽ പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയെ ഉദ്ദേശിച്ചല്ല പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. “വിധേയത്വത്തിനൊപ്പം ചിലതുകൂടി വേണമെന്നാണ് തങ്ങളുടെ ആവശ്യം. യോഗ്യത, എല്ലാവരെയും ഉൾക്കൊള്ളാനുള്ള കഴിവ്, പ്രതിജ്ഞാബദ്ധത, മറ്റുള്ളവരെ കേൾക്കാനുള്ള കഴിവ് തുടങ്ങിയവകൂടി വേണം. ഉള്ളടക്കത്തെക്കുറിച്ച് ചർച്ചചെയ്യാതെ കത്തെഴുതിയ സമയത്തെക്കുറിച്ചാണ് ചർച്ച. അടിസ്ഥാനകാരണത്തിൽനിന്നുള്ള വിട്ടുനിൽക്കലാണിത്” -അദ്ദേഹം പറഞ്ഞു. 'ആകാശം ഇടിഞ്ഞുവീഴില്ല' തിരഞ്ഞെടുത്ത പ്രസിഡന്റില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് മറ്റൊരു മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് അഭിപ്രായപ്പെട്ടു. കത്തിൽ ഒപ്പിടാൻ തന്നെയും 'സംഘം' സമീപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കത്തിൽ ഒപ്പിട്ട ഗുലാംനബി ആസാദിനെപ്പോലുള്ള നേതാക്കൾ ഇപ്പോളവർ വിമർശിക്കുന്ന സംവിധാനത്തിലൂടെത്തന്നെയാണ് ദീർഘകാലം വലിയ പദവികൾ വഹിച്ചതെന്നും ഖുർഷിദ് പറഞ്ഞു. Content Highlights:Kapil Sibal Congress


from mathrubhumi.latestnews.rssfeed https://ift.tt/31MgMKl
via IFTTT