തൃശ്ശൂർ : മലയാളിയെ വിസ്മയിപ്പിച്ച സംഗീതസംവിധായകൻ ഔസേപ്പച്ചന്റെ വീട്ടിൽ അദ്ദേഹം ഒരുക്കുന്ന തടി ഉരുപ്പടികളാണ് ഇപ്പോഴത്തെ വിസ്മയം. മേശയും തടിക്കുരിശും അടുക്കളയിലെ മൂലപ്പലകയും ഷെൽഫുമൊക്കെ ചൂണ്ടി ചെറുചിരിയോടെ അദ്ദേഹം പാടുന്നു -''നീ... എൻ സർഗസൗന്ദര്യമേ...'' ഇതൊക്കെ വശമുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരവും പാട്ടുതന്നെ -''വാഴപ്പൂങ്കിളികൾ... ഒരുപിടി നാരുകൊണ്ട് ചെറുകൂടുകൾ മെടയും...'' തൃശ്ശൂർ കിഴക്കുംപാട്ടുകരയിലെ മേച്ചേരിൽ വീട്ടിൽ ഔസേപ്പച്ചന് ഇപ്പോൾ രണ്ട് ജോലിസ്ഥലങ്ങളാണുള്ളത്. മ്യൂസിക് സ്റ്റുഡിയോയും തടിപ്പണി വർക്ഷോപ്പും. രണ്ടിനും തമ്മിൽ ഒരു ചുവരിന്റെ വേർതിരിവേയുള്ളൂ. മെനഞ്ഞെടുക്കുന്ന സൃഷ്ടിക്ക് പൂർണതയുണ്ടാവണമെന്ന ചിന്ത മാത്രമേ രണ്ടിടത്തേക്കും കടക്കുമ്പോൾ മനസ്സിലുണ്ടാവാറുള്ളൂ. സംഗീതശാലയിൽനിന്ന് അടുത്തിടെ പുറത്തുവന്നതിൽ ശ്രദ്ധേയം 'കണ്ണാം തുമ്പീ...' എന്ന പാട്ടിന്റെ പുതിയ പതിപ്പ്്. ഹരിത എന്ന കുട്ടിയെക്കൊണ്ട് പാടിച്ച ആ ഗാനം അടിസ്ഥാനശൈലിയിൽ മാറ്റംവരുത്താതെ പുതുതലമുറയ്ക്ക് പ്രിയതരമാക്കുന്നതരത്തിലാണ് തയ്യാറാക്കിയത്. കോവിഡ് സന്ദേശ പ്രചാരണത്തിനുള്ള ഗാനങ്ങളും ഈ മുറിയിൽനിന്ന് പുറത്തുവന്നു. തൊട്ടപ്പുറത്തെ പണിശാലയിൽ ഒരു മേശ, ഷെൽഫ്, ചെറിയൊരു തടിക്കുരിശ്, മുറികളിൽ െവക്കാവുന്ന ചെറിയ വിവിധോദ്ദേശ്യ സംവിധാനങ്ങൾ എന്നിവ രൂപംകൊണ്ടു. ഒരു പ്രൊഫഷണൽ മരപ്പണിക്കാരന്റെ കൈവശമുള്ളതിനേക്കാൾ പണിയായുധങ്ങൾ ഔസേപ്പച്ചന്റെ കൈവശമുണ്ട്. ഇപ്പോഴും ഓൺലൈനിലൂടെ അവ വാങ്ങിക്കൊണ്ടിരിക്കുന്നു. സംഗീതത്തിനൊപ്പം ഭർത്താവിന്റെ പുതിയ മേഖലയിലെ സഞ്ചാരത്തോട് ഭാര്യ മറിയയ്ക്ക് തുടക്കത്തിലുണ്ടായിരുന്ന പരിഭവം, 'പ്രിയേ നിനക്കൊരു ഗാനം...' എന്നമട്ടിൽ ഒരു അടുക്കളഷെൽഫ് ഉണ്ടാക്കിക്കൊടുത്ത് ഔസേപ്പച്ചൻ തീർപ്പാക്കി. ചില ദിവസം 10 മണിക്കൂർവരെ തടികൾക്കൊപ്പമായിരിക്കും അദ്ദേഹം. അഞ്ചുമാസംകൊണ്ട് ആരോഗ്യവും മെച്ചപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. ഈയിടെ നടത്തിയ രക്തപരിശോധനയിൽ എല്ലാം പക്കാ. മകൻ അരുൺ, മരുമകൾ ട്രീസ, കൊച്ചുമക്കളായ താഷ, ടിയാര എന്നിവർ ഓണംകൂടാൻ ഇത്തവണ തൃശ്ശൂരിലെ വീട്ടിലുണ്ട്. മറ്റൊരു മകൻ കിരണും ഭാര്യ മായയും അമേരിക്കയിലാണ്. ഒല്ലൂർ ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ശാസ്ത്രമേളകളിൽ സ്ഥിരം ജേതാവായിരുന്നു ഔസേപ്പച്ചൻ. അന്നത്തെ താത്പര്യം കോവിഡ് കാലത്ത് തീവ്രമായി; ഇഷ്ടമുള്ളൊരു പാട്ടിനെപ്പോലെ. Content Highlighlight: Music director Ouseppachan andWoodwork
from mathrubhumi.latestnews.rssfeed https://ift.tt/3hJjWnp
via
IFTTT