Breaking

Monday, August 31, 2020

ഒരച്ഛൻ, ഒരമ്മ, ആരുടെയോ ഒരു അരുമ

പതിവുപോലെ പുലർച്ചെമുതൽ മകന്റെ ശരീരം തിരഞ്ഞുനടക്കുകയാണ് ആ അച്ഛൻ - ഷണ്മുഖനാഥൻ. പെട്ടിമുടി ദുരന്തത്തിൽ രണ്ടു മക്കളെയും നഷ്ടപ്പെട്ടു. ഇളയമകന്റെ മൃതദേഹം കിട്ടി. ഇരുപത്തിരണ്ടുകാരനായ മൂത്തമകൻ ദിനേഷ്കുമാറിനെ തേടിയുള്ള അതിസാഹസിക യാത്രയിലാണ് ഇപ്പോൾ ഷണ്മുഖനാഥൻ. പുലിയിറങ്ങുന്ന പൂതക്കുഴിയും കയങ്ങളും പാറകളും നിറഞ്ഞ പെട്ടിമുടിപ്പുഴയും കടന്ന് കാട്ടിനുള്ളിലേക്ക് നീളുകയാണ് ആ തിരച്ചിൽ. കുറച്ചു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഷണ്മുഖന് കൂട്ടുപോകും. കാണാതായ എഴുപതിൽ 65 പേരുടെയും മൃതദേഹങ്ങൾ കിട്ടിയതോടെ സർക്കാരും ജില്ലാ ഭരണകൂടവും പതിനെട്ടുദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. എങ്കിലും ഷണ്മുഖനാഥൻ എന്ന അച്ഛന്റെ വേദന അടങ്ങിയില്ല. ബാക്കിയായ അഞ്ചിലൊരാൾ തന്റെ മകനായിരുന്നു. ''എന്റെ എല്ലാം പോയി. രണ്ടു മക്കളും... അവന്റെ ശരീരമെങ്കിലും കിട്ടാതെ ഞാനെങ്ങനെ കിടന്നുറങ്ങും?'' ''സർക്കാർ കണക്കിൽ 93 ശതമാനം മൃതദേഹങ്ങളും കണ്ടെത്തി. പക്ഷേ, ബാക്കിയുള്ള ഏഴ് ശതമാനത്തിൽ എത്രയോ പേരുടെ കണ്ണീരും ഉള്ളുപിടച്ചിലുമുണ്ടെന്ന് അത് അനുഭവിച്ചവർക്കേ അറിയൂ'' -ഷണ്മുഖനാഥൻ പറഞ്ഞു. മൂന്നാറിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മക്കൾ രണ്ടുപേരും വല്യച്ഛന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിന് പോയപ്പോഴാണ് ദുരന്തമുണ്ടായത്. മകളെയും പേരക്കുട്ടിയെയും കാണാതായ കറുപ്പായി എന്ന അമ്മയും ആ ദുരന്തഭൂമിയിൽ ഉഴറിനടക്കുന്നു; മകൾ കസ്തൂരിയും ചെറുമകൾ പ്രിയദർശിനിയും എവിടെയെന്നറിയാതെ. പ്രിയദർശിനിക്ക് ഏഴുവയസ്സേയുള്ളൂ. പതിന്നാലു കിലോമീറ്റർ ദൂരെയുള്ള പൂതക്കുഴിയിൽനിന്ന് ചില മൃതദേഹങ്ങൾ കണ്ടെടുത്തതറിഞ്ഞപ്പോൾ കറുപ്പായി വിതുമ്പി -''കുഴന്തൈ ഉയിരോടെ അത്രയും ദൂരെ ഒഴുകിപ്പോയിക്കാണുമോ? പുലിയൊക്കെ ഉള്ള സ്ഥലമാണ്...'' കറുപ്പായിയുടെ ഉറ്റ ബന്ധുക്കളായ 13 പേരെ ദുരന്തത്തിൽ കാണാതായി. അതിൽ പതിനൊന്നുപേരുടെ ശരീരം കിട്ടി. പ്രിയദർശിനിയുടെ അനുജത്തി ധനുഷ്കയുടെ മൃതദേഹം കുവിയെന്ന വളർത്തുനായ കണ്ടെത്തി. തിരച്ചിലിനൊന്നും പോകാൻ ആവില്ലെങ്കിലും കറുപ്പായി എന്നും രാവിലെ പെട്ടിമുടിയിലെത്തി അവിടെ കുത്തിയിരിക്കും. മൺകൂനയിൽ ഒരു കറുത്ത നായ. രക്ഷാപ്രവർത്തകർ കൊടുക്കുന്ന ഭക്ഷണമൊന്നും കഴിക്കാതെ വിദൂരതയിലേക്ക് നോക്കി അതങ്ങനെ കിടക്കും. ചിലപ്പോൾ അവിടെയുമിവിടെയും മണംപിടിച്ച് ചുറ്റി തിരികെവന്നു കിടക്കും. തൊട്ടടുത്തുള്ള തകർന്നുപോകാത്ത ലയത്തിനുചുറ്റും ഒരു കുറിഞ്ഞിപ്പൂച്ച പരതി നടക്കുന്നു. കൂടുകാണാതെ കൊക്കിക്കൊക്കി നടക്കുന്ന പുള്ളിക്കോഴികളെ ആരൊക്കെയോ പിടിച്ചുകൊണ്ടുപോയി. പെട്ടിമുടിയിൽ മറഞ്ഞുപോയ കുഞ്ഞുങ്ങൾ ചട്ടികളിൽ നട്ടുവളർത്തിയ ഡാലിയച്ചെടികൾ നിലത്ത് വീണുകിടക്കുന്നു. കിടന്ന കിടപ്പിലും തലപ്പുയർത്തി അവ കടുംവയലറ്റ് പൂക്കൾ വിടർത്തുന്നു. പെട്ടിമുടിയിലെ ലയത്തിൽ എന്നും രാവിലെ വന്ന് വൈകുന്നേരം തിരികെപ്പോകും ശാന്തേച്ചി. അവിടത്തെ പഞ്ചായത്തംഗമാണ്. ''വൈകീട്ട് രാജമലയിലെ ബന്ധുവീട്ടിൽ ഉറങ്ങും. സന്ധ്യയായാൽ ഇവിടെ നിൽക്കാൻ പേടിയാകും.'' ശാന്തേച്ചിയുടെ ലയം ഇരുന്ന ഭാഗത്തേക്ക് ഉരുൾ എത്തിയില്ല. എങ്കിലും ആ രണ്ടുലൈനിലെ എല്ലാ വീട്ടുകാരും അവിടെനിന്ന് ഒഴിഞ്ഞുപോയി. ഉരുൾ പൊട്ടിയത് ഒരു വ്യാഴാഴ്ച രാത്രിയാണ്. അന്നുരാവിലെ പഞ്ചായത്ത് കുറെ ഫലവൃക്ഷത്തൈകൾ പെട്ടിമുടിയിൽ എത്തിച്ചിരുന്നു. ശാന്തേച്ചിയാണ് അതു വിതരണം ചെയ്തത്. എല്ലാ കുട്ടികൾക്കും ഓരോന്നു കൊടുത്തു. തൊട്ടടുത്ത ലയത്തിലെ ഒരു കൊച്ചുപയ്യൻ വീണ്ടും വന്നു. അവന് ഒരു തൈകൂടി വേണം. ശാന്തേച്ചി അവന് ഒരു പേരയും ഓറഞ്ചും നാരകത്തൈയും കൊടുത്തു. ''ഇതെല്ലാംകൂടി എവിടെവെക്കും? ലയത്തിൽ സ്ഥലമുണ്ടോ''- ശാന്തേച്ചി ചോദിച്ചു. അവൻ പറഞ്ഞു: ''വീട്ടിൽ വെച്ചാൽ രച്ചപ്പെടില്ല. ഞാനിത് കോവിലിനുമുന്നിൽ വെച്ചുപിടിപ്പിക്കും.'' അന്നുരാത്രി എല്ലാം കുത്തിയൊലിച്ചുപോയി. അവനും അവന്റെ ഒറ്റമുറിവീടും എല്ലാം. തൊട്ടുമുകളിലുള്ള കോവിൽ രക്ഷപ്പെട്ടു. അവൻ ആ തൈകൾ കോവിലിനുമുന്നിൽ നട്ടോ എന്ന് ശാന്തേച്ചിക്ക് അറിയില്ല. അവിടെപ്പോയി നോക്കാൻ ശക്തിയുമില്ല. എങ്കിലും ശാന്തേച്ചി കണ്ണീരോടെ പറഞ്ഞു - ''കുഴന്തൈകൾ ദൈവങ്ങൾ...''. Content Highlight: The Pettimudi landslide in Kerala, ​


from mathrubhumi.latestnews.rssfeed https://ift.tt/3gQr28F
via IFTTT