Breaking

Saturday, August 29, 2020

ബിഹാറിൽ ഇടതുപാർട്ടികൾ മഹാസഖ്യത്തിനൊപ്പം

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ ആർ.ജെ.ഡി. നയിക്കുന്ന മഹാസഖ്യത്തിൽ ചേരും. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. ആർ.ജെ.ഡി. നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് സി.പി.എം., സി.പി.ഐ., സി.പി.ഐ. (എം.എൽ.) പാർട്ടികൾ മത്സരിക്കാൻ താത്പര്യമുള്ള സീറ്റുകൾ രേഖാമൂലം നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടും സംഘടനാസാധ്യതകളും കണക്കിലെടുത്ത് സി.പി.എം. 21 സീറ്റിന്റെ പട്ടിക നൽകിയതായി ചർച്ചകളിൽ പങ്കെടുത്ത പൊളിറ്റ്ബ്യൂറോ അംഗം ഹനൻമൊള്ള ‘മാതൃഭൂമി’യോട്‌ പറഞ്ഞു.സി.പി.ഐ. 30 സീറ്റുകളുടെ പട്ടികയും നൽകി. സി.പി.എം. (എം.എൽ.) 23 സീറ്റുകളിൽ മത്സരിക്കാൻ താത്പര്യമറിയിച്ചു. പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നുസീറ്റിൽ വിജയിച്ചിരുന്നു. ചോദിച്ചത്ര ലഭിച്ചില്ലെങ്കിലും കഴിയാവുന്ന സീറ്റുകൾ മഹാസഖ്യം മത്സരിക്കാൻ നൽകുമെന്നാണ് ഇടതുപാർട്ടികളുടെ പ്രതീക്ഷ. കഴിഞ്ഞദിവസം ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ സിങ്ങുമായിട്ടായിരുന്നു ഇടതുനേതാക്കളുടെ ചർച്ച. മത്സരിക്കാൻ താത്പര്യമുള്ള സീറ്റുകൾ എഴുതിനൽകാൻ ആർ.ജെ.ഡി. ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞതവണ മഹാസഖ്യത്തിൽ സി.പി.എമ്മുണ്ടായിരുന്നില്ല. ബി.ജെ.പി.യെ പരാജയപ്പെടുത്താൻ ഇത്തവണ പരമാവധി വിട്ടുവീഴ്ചചെയ്യാനാണ് ഇടതുപാർട്ടികളുടെ തീരുമാനം. അതുകൊണ്ടുതന്നെ സീറ്റുകളെച്ചൊല്ലി ആർ.ജെ.ഡി.യുമായി തർക്കത്തിനുപോവില്ല. ആർ.ജെ.ഡി.ക്കും കോൺഗ്രസിനുംപുറമെ ആർ.എൽ.എസ്.പി, വി.ഐ.പാർട്ടി എന്നിവയാണ് ഇപ്പോൾ മഹാസഖ്യത്തിലുള്ള പാർട്ടികൾ. മുൻമുഖ്യമന്ത്രി ജിതൻ റാം മാഞ്ജിയുടെ നേതൃത്വത്തിലുള്ള എച്ച്.എ.എമ്മും ഈ സഖ്യത്തിൽ വന്നേക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3biGaul
via IFTTT