Breaking

Sunday, August 30, 2020

“സാറേ, അച്ഛനേം അമ്മേം തരാമോ?”; ‘ചിരി’യിൽ ഫോണെടുത്തയാൾ കരഞ്ഞു

കോട്ടയം: "ഞങ്ങൾക്ക് അച്ഛനെയും അമ്മയെയും കിട്ടണം; തിരിച്ചുകൊണ്ടുവരാമോ സാറേ?"-മല്ലപ്പള്ളി പെരുമ്പെട്ടിയിൽനിന്ന് ഒരുവിദ്യാർഥിയുടെ ഫോൺ കോളാണ്. ലോക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള പോലീസിന്റെ സഹകരണത്തോടെ സർക്കാർ ആരംഭിച്ച 'ചിരി' പദ്ധതിയിലേക്ക് വിളിച്ച് ഇങ്ങനെ ചോദിച്ചത് ഏഴാം ക്ലാസുകാരനായിരുന്നു. മറ്റ് രണ്ട് സഹോദരങ്ങളുമൊത്ത് അമ്മൂമ്മയുടെ തണലിലാണ് ഇൗ കുട്ടി താമസം. അച്ഛനും അമ്മയും വേർപിരിഞ്ഞു. അച്ഛൻ മറ്റൊരുസ്ത്രീക്കൊപ്പവും അമ്മ മറ്റൊരു പുരുഷനൊപ്പവും ജീവിക്കുന്നു. അച്ഛനെയും അമ്മയെയും വേണമെന്ന് മാത്രമാണ് അവന്റെ ആഗ്രഹം. ഒടുവിൽ അവൻ അമ്മൂമ്മയ്ക്ക് ഫോൺ കൈമാറി. ഒറ്റവാക്കിൽ മറുപടി പറയാനാവാതെ വിഷമത്തിലായി, 'ചിരി'യിലെ കൗൺസലർമാർ. ഒടുവിൽ പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് കുട്ടിയുടെ പരാതി കൈമാറി. അവന്റെ ആഗ്രഹം സാധിക്കുമോയെന്ന് ആർക്കും ഉറപ്പുപറയാനാവാത്ത അവസ്ഥ. പഠനപ്രശ്നങ്ങൾ മാത്രമല്ല, കുട്ടികൾ മനസ്സിൽ ഒതുക്കുന്ന ഇത്തരം ഒട്ടേറെ വിഷമങ്ങളാണ് ഫോണിലൂടെ ചിരിയിലേക്ക് വരുന്നത്. കോളുകളിൽ പലതും നമ്മെ ചിരിപ്പിക്കാൻ പോന്നവയല്ല. വീട്ടിനുള്ളിൽ കുട്ടികൾ അനുഭവിക്കുന്ന സങ്കടങ്ങളും മാനസികമായ സംഘർഷങ്ങളുമാണ് ഏറെയും. രക്ഷിതാക്കളുടെ വിഷമങ്ങളും ഇക്കൂട്ടത്തിലുണ്ട്. തൃശ്ശൂരിൽനിന്ന് പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ പിതാവ് വിളിച്ചത് മകളുടെ ഫോൺ ദുരുപയോഗത്തെക്കുറിച്ച് പറയാനായിരുന്നു. പഠിക്കാൻ മിടുക്കി. ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ സ്മാർട്ട് ഫോൺ വാങ്ങിനൽകി. ഇപ്പോൾ തന്നേക്കാൾ ഏറെ പ്രായമുള്ള ഒരാളുമായി അവൾ നിരന്തരം വീഡിയോകോൾ വിളിക്കുന്നു. മൊബൈലിൽ ഒൻപതാം ക്ലാസുകാരനായ മകന്റെ ഗെയിംകളിയെക്കുറിച്ചായിരുന്നു ഹരിപ്പാട്ടുനിന്നുള്ള ഒരു വീട്ടമ്മയുടെ പരാതി. ഗെയിം ഡീലിറ്റ് ചെയ്തപ്പോൾ കത്തികൊണ്ട് കുത്തുമെന്നായിരുന്നത്രേ അവന്റെ ഭീഷണി. ഒടുവിൽ കൗൺസലിങ്ങിലൂടെയാണ് പ്രശ്നം തീർത്തത്. വളർത്തുകിളികളെ പിടിച്ചുകൊണ്ടുപോയെന്നായിരുന്നു, തിരുവനന്തപുരം ജില്ലയിലെ ഒരു വിദ്യാർഥി പരാതി പറഞ്ഞത്. ബാപ്പയുടെ സിഗരറ്റുവലി നിർത്തിത്തരണമെന്ന് വിളിച്ചത് മഞ്ചേരിയിലെ ഒരു ഏഴാം ക്ലാസുകാരി. ഒടുവിൽ ജനമൈത്രി പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പാലക്കാട്, വയനാട് ജില്ലകളിൽനിന്നുള്ള പരാതികളിലേറെയും ഇന്റർനെറ്റ് കണക്ഷനെക്കുറിച്ചുള്ളതായിരുന്നു. ഒടുവിൽ ബി.എസ്.എൻ.എല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചു. തിരുവനന്തപുരം എറണാകുളം ജില്ലകളിലായി അഞ്ചുകുട്ടികൾക്ക് ജനമൈത്രി പോലീസ് ഇടപെട്ട് സ്മാർട്ട് ഫോൺ വാങ്ങിനൽകി. ഇതുവരെ മൂവായിരത്തോളം ഫോൺ കോളുകളാണ് തിരുവനന്തപുരത്തെ ചിരി ഓഫീസിലേക്ക് വന്നത്. 9497900200 ആണ് 'ചിരി' നമ്പർ. തിരുവനന്തപുരത്ത് ചിൽഡ്രൻ ആൻഡ് പോലീസ് (ക്യാപ്) ഓഫീസാണ് സ്റ്റേറ്റ് റിസോഴ്സ് സെന്റർ. ഹെഡ് ക്വാർട്ടേഴ്സ് ഐ.ജി. പി.വിജയനാണ് പദ്ധതിയുടെ ചുമതല. കട്ടികൾക്ക് കൗൺസലിങ്ങിനായി എല്ലാ ജില്ലകളിലും മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും പോലീസ് ഒരുക്കിയിട്ടുണ്ട്. Content Highlights: Chiri, an initiative by student police cadets to provide counselling


from mathrubhumi.latestnews.rssfeed https://ift.tt/3bayNoz
via IFTTT