Breaking

Thursday, August 27, 2020

സ്വാതന്ത്ര്യസമരസേനാനിയെ വിളിച്ചു; ‘ഇന്ത്യയെന്തെന്നറിയുന്ന’ സിനിമയിലെ കളക്ടർ

തൃശ്ശൂർ: ഫോണിന്റെ അങ്ങേത്തലയ്ക്കൽ സിനിമയിൽ നന്മയും നട്ടെല്ലുമുള്ള കളക്ടറുടെ വേഷമണിഞ്ഞ മമ്മൂട്ടിയായിരുന്നു. അതറിഞ്ഞപ്പോൾ പാപ്പുച്ചേട്ടൻ വിതുമ്പി- ‘‘എത്രയോ മുഖ്യമന്ത്രിമാർക്കു പരാതിനൽകി. പിണറായി വിജയനും കൊടുത്തു. കളക്ടർമാർക്ക് കൊടുത്തു. പക്ഷേ, ഒന്നും നടന്നില്ല. ഒന്നു പറയാമോ’’. മമ്മൂട്ടി സാന്ത്വനിപ്പിച്ചു- ‘‘ശരിയാകും, സർക്കാരിന് ഒരുപാട് പദ്ധതികൾ ഇതിനായുണ്ടല്ലോ. നമുക്ക് പറയാവുന്നവരോടൊക്കെ പറയാം. സമാധാനമായിരിക്കൂ.’’കൊടകര കാവുംതറയിലെ ചോർന്നൊലിക്കുന്ന വീട്ടിൽക്കഴിയുന്ന തൊണ്ണൂറ്റിനാലുകാരനായ സ്വാതന്ത്ര്യസമരസേനാനി വീട് പുതുക്കാനും പെൻഷനും സഹായത്തിനായി വർഷങ്ങളായി ഓഫീസുകൾതോറും അലയുന്നതിന്റെ കഥ ‘മാതൃഭൂമി’യാണ് പ്രസിദ്ധീകരിച്ചത്. പത്രവാർത്ത അറിഞ്ഞ മമ്മൂട്ടി ചൊവ്വാഴ്ച പാപ്പുച്ചേട്ടനോട് ഫോണിൽ സംസാരിക്കാൻ ആഗ്രഹംപ്രകടിപ്പിച്ചു. സ്വാതന്ത്യസമരസേനാനിയായ മുളയംകുടത്ത് പാപ്പു ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നിട്ടുണ്ട്. ഒരുകാലത്ത് കെ.പി.സി.സി. അംഗവും ഹരിജൻ ലീഗ് സംസ്ഥാന പ്രസിഡന്റുമായിരുന്നു. 300 രൂപ ശമ്പളത്തിന് പൊതുമരാമത്ത് വകുപ്പിൽ സ്വീപ്പറായി ജോലിചെയ്തിട്ടുണ്ട്. ഇപ്പോഴും 11 വർഷത്തെ ശമ്പളം കിട്ടാനുണ്ടെന്ന് പാപ്പു പറയുന്നു. ഒരിക്കൽ കളക്ടർ ഇടപെട്ട് ഉദ്യോഗസ്ഥർ വീട്ടിലെത്തി. പറമ്പ് വൃത്തിയാക്കി, മുണ്ടും പുതപ്പും നൽകി. അന്നത്തെ കളക്ടർ സ്ഥലംമാറിപ്പോയി. അവിവാഹിതനായ പാപ്പുവിന്റെ ബന്ധുക്കളാരും കൊടകരയിലില്ല. പത്രവാർത്തയറിഞ്ഞ് പല സംഘടനാനേതാക്കളും വീട്ടിലെത്തി.


from mathrubhumi.latestnews.rssfeed https://ift.tt/3jld4wO
via IFTTT