തിരുവനന്തപുരം: ഷോർട്ട് സർക്യൂട്ട് പോലെയുള്ള കാരണങ്ങൾകൊണ്ട് ചെറു തീപ്പിടിത്തങ്ങൾ സെക്രട്ടേറിയറ്റിൽ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഫയലുകളിലേക്ക് തീപടരുന്നതുപോലുള്ള വലിയ അപകടം ഇതാദ്യമാണെന്ന് മുൻ ചീഫ് സെക്രട്ടറിമാർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർ പറയുന്നു. ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ സുരക്ഷാ ഓഡിറ്റ് അടക്കം നടത്തണമെന്ന് പലകാലങ്ങളിൽ നിർദേശം ഉയർന്നിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ഫയലുകളുടെ എണ്ണം കൂടിയപ്പോൾ തൊട്ടടുത്തായി രണ്ട് അനക്‌സ് കെട്ടിടങ്ങൾ ഉയർന്നു. പക്ഷേ, പ്രധാന കെട്ടിടത്തിലെ തിരക്കിനും ഞെരുക്കത്തിനും കാര്യമായ കുറവു വന്നതുമില്ല.ലാവലിൻ ഫയലുകൾതേടി സി.ബി.ഐ. എത്തിയപ്പോഴും തീപ്പിടിത്തമുണ്ടായി എന്നത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണെന്നാണ് മുൻ ജീവനക്കാർ പറയുന്നത്. ലാവലിനുമായി ബന്ധപ്പെട്ട അന്വേഷണസമയത്ത് സെക്രട്ടേറിയറ്റിൽ നോർത്ത് ബ്ലോക്കിൽ സ്വിച്ച് ബോർഡിന് സമീപം തീപിടിച്ചിരുന്നു. എന്നാൽ, ഫയലുകൾക്കൊന്നും നാശമുണ്ടായില്ല. നിസ്സാര തീപ്പിടിത്തങ്ങളാണ് മുമ്പെല്ലാം ഉണ്ടായിട്ടുള്ളത്.2010-ൽ ധനമന്ത്രി തോമസ് ഐസക്കിന്റെ ചേംബറിലും രണ്ടുവർഷംമുമ്പ് മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിലും തീപിടിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മന്ത്രി വി.എസ്. ശിവകുമാറിന്റെ ഓഫീസ് കോറിഡോറിനു സമീപവും തീപ്പിടിത്തമുണ്ടായിരുന്നു.ഇപ്പോൾ തീപ്പിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിൽ എ.സി. സ്ഥാപിക്കാൻ 2013-ൽ വയറിങ് നടത്തിയിരുന്നു. അതിനാൽ ഷോർട്ട്‌സർക്യൂട്ടിനു സാധ്യതയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. വളരെ പഴയ കെട്ടിടമാണെന്നും പല ഭാഗങ്ങളും തടിയിൽ നിർമിച്ചതാണെന്നും ചീഫ് സെക്രട്ടറിമാരിൽ പലരും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മുൻ ചീഫ് സെക്രട്ടറി സി.പി. നായർ പറഞ്ഞു. സെക്രട്ടേറിയറ്റിൽ സുരക്ഷാ ഓഡിറ്റിന് പലതവണ നിർദേശിച്ചിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്നും അപകടസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2ECVeGQ
via
IFTTT