Breaking

Sunday, August 30, 2020

ആശങ്ക ചര്‍ച്ചചെയ്തില്ല, ആക്രമണം തടുക്കാന്‍ നേതൃത്വം തയ്യാറായില്ല: തുറന്നടിച്ച് കപില്‍ സിബല്‍

ന്യൂഡൽഹി: സോണിയ ഗാന്ധിക്കയച്ച കത്തിലൂടെ തങ്ങളുന്നയിച്ച ആശങ്കകൾ കോൺഗ്രസ് പ്രവർത്തക സമിതിയിൽ പരിഗണിക്കുകയോ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്ന് കപിൽ സിബൽ. കത്തിന്റെ പേരിൽ അതിൽ ഒപ്പിട്ടവർക്കെതിരെ ആക്രമണമുണ്ടായപ്പോൾ അത് തടയാൻ ഒരു നേതാവും മുന്നോട്ടു വന്നില്ലെന്നും സിബൽ പറഞ്ഞു. കോൺഗ്രസിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടെഴുതിയ കത്തിൽ ഒപ്പിട്ട 23 നേതാക്കളിലൊരാളായ കപിൽ സിബൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തുറന്നടിച്ചത്. ബിജെപി ഭരണഘടന മാനിക്കുന്നില്ലെന്നുംജനാധിപത്യ അടിത്തറ നശിപ്പിക്കുകയും ചെയ്യുകയാണെന്ന് കോൺഗ്രസ് എല്ലായ്പ്പോഴും ആരോപിക്കുന്നുണ്ട്. ഞങ്ങൾ എന്താണ് വേണ്ടത്. ഞങ്ങളുടെ (പാർട്ടിയുടെ) ഭരണഘടന പാലിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിനെ ആർക്കാണ് എതിർക്കാനാവുക കപിൽ സിബൽ ചോദിച്ചു. ഈ രാജ്യത്തെ രാഷ്ട്രീയം, ഞാൻ ഏതെങ്കിലും പ്രത്യേക പാർട്ടിയെ അടിസ്ഥാനമാക്കി പറയുന്നില്ല. രാഷ്ട്രീയം പ്രാഥമികമായി വിശ്വസ്തതയിൽ അധിഷ്ഠിതമാണ്. വിശ്വസ്തതയോടൊപ്പം യോഗ്യതയും പ്രതിബദ്ധതയും ഉൾക്കൊള്ളാനുള്ള മനസ്സും അതായത് കേൾക്കാനും ചർച്ചയ്ക്കുള്ള വേദി. അതായിരിക്കണം രാഷ്ട്രീയം അദ്ദേഹം പറഞ്ഞു. കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രവർത്തക സമിതിയിൽ അറിയിക്കേണ്ടതായിരുന്നുവെന്നും കപിൽ സിബൽ പറഞ്ഞു. അതാണ് സംഭവിക്കേണ്ട അടിസ്ഥാനപരമായ കാര്യം. ഞങ്ങൾ എഴുതിയതിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ തീർച്ചയായും ഞങ്ങളെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുകയും വേണമെന്നും കപിൽ സിബൽ വ്യക്തമാക്കി. എന്നാൽ ഞങ്ങൾ എഴുതിയതിന്റെ വസ്തുതയെ കുറിച്ചോ പൊരുളിനെ കുറിച്ചോ സംസാരിക്കുന്നില്ലെങ്കിൽ അത് സ്വന്തം കാരണത്താൽ അകന്നു നിൽക്കുന്നതിന്റെ ഒരു ഉദാഹരണമാണ്. അതാണ് സംഭവിച്ചത്. കത്തിൽ പ്രതിഫലിച്ചിട്ടുള്ള ഞങ്ങളുടെ അഭ്യർത്ഥന പ്രവർത്തക സമതിയിൽ അഭിസംബോധന ചെയ്യാൻ ശ്രമിച്ചിട്ടില്ല. എന്നിട്ടും ഞങ്ങളെ വിമതർ എന്ന് വിളിക്കുന്നുവെന്നും സിബൽ അഭിമുഖത്തിൽ പറഞ്ഞു. കത്ത് ചർച്ചയ്ക്കെടുത്തില്ലെങ്കിലും യോഗത്തിൽ ഞങ്ങളെ രാജ്യദ്രോഹികൾ എന്ന് വിളിച്ചിരുന്നു. നേതൃത്വമടക്കം ഇത് കോൺഗ്രസിൽ ഉപയോഗിക്കുന്ന ഭാഷയല്ലെന്ന് അങ്ങനെ വിളിച്ചവരോട് പറഞ്ഞില്ല. ഞങ്ങളുടെ കത്ത്, അതിന്റെ എല്ലാ ഭാഗങ്ങളും വളരെ പരിഷ്കൃത ഭാഷയിലാണ് പ്രകടിപ്പിച്ചത് രാജ്യത്തുടനീളമുള്ള ആളുകൾ കോൺഗ്രസുകാരാണെങ്കിലും അല്ലെങ്കിലും ഞങ്ങളുയർത്തിയ ആശങ്കകൾക്കൊപ്പം നിൽക്കുന്നുണ്ട്. അതിനാൽ വ്യക്തമായും കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ വിലമതിക്കുന്ന ഒരു പൊതുവികാരമുണ്ട് കപിൽ സിബൽ പറഞ്ഞു. Content Highlights:'No one stepped in when we were attacked-Kapil Sibal-congress


from mathrubhumi.latestnews.rssfeed https://ift.tt/2G3Rdf6
via IFTTT