Breaking

Friday, August 28, 2020

പെൻഷൻ ഔദാര്യമല്ലെന്ന് സുപ്രീംകോടതി, എന്നിട്ടും തീർപ്പാവാതെ ഇ.പി.എഫ്. കേസ്

ന്യൂഡൽഹി: പെൻഷൻ ഔദാര്യമല്ലെന്നും വിരമിച്ചശേഷം അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണെന്നും സുപ്രീംകോടതി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് യുക്തിരഹിതമായി പെൻഷൻ നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. കേരളത്തിൽ യു.ഡി. ക്ലാർക്കായി വിരമിച്ചയാളുടെ അപ്പീൽ തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം, സുപ്രീംകോടതിയുടെ അനുകൂലവിധിയുണ്ടായിട്ടുപോലും രാജ്യത്തെ ലക്ഷക്കണക്കിന് ഇ.പി.എഫ്. പെൻഷൻകാരുടെ കാത്തിരിപ്പ് 17 മാസം പിന്നിടുകയാണ്. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനാണ് ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധിവന്നത്. കേരള ഹൈക്കോടതി വിധിക്കെതിരേ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) നൽകിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. പെൻഷൻ വിഹിതം കണക്കാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ പരിധി നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ചുകൊണ്ടായിരുന്നു വിധി.വിധിക്കെതിരേ ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കാൻ വൈകുന്നതാണ് തൊഴിലാളികൾക്ക് അർഹമായ ഉയർന്ന പെൻഷൻ അനിശ്ചിതത്വത്തിലാക്കുന്നത്. കേരള ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര തൊഴിൽമന്ത്രാലയം നൽകിയ അപ്പീലും സുപ്രീംകോടതിയിലുണ്ട്. ഇവ രണ്ടും ഒന്നിച്ച് തുറന്ന കോടതിയിൽ കേൾക്കാമെന്ന് കഴിഞ്ഞവർഷം ജൂലായ് 12-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനുശേഷം ഒന്നും സംഭവിച്ചില്ല.സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ നിരവധി ഇ.പി.എഫ്. പെൻഷൻകാർ വ്യക്തിപരമായും സംഘടിതമായും വിവിധ ഹൈക്കോടതികളെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും പലർക്കും ഫലമുണ്ടായില്ല. പുനഃപരിശോധനാ ഹർജിയിൽ തീരുമാനമാകുംവരെ ഉയർന്ന പെൻഷൻ നൽകേണ്ടതില്ലെന്ന് ഇ.പി.എഫ്.ഒ. ഉദ്യോഗസ്ഥരുടെ വാക്കാലുള്ള നിർദേശമുണ്ടെന്നാണ് പറയുന്നത്.ഫെബ്രുവരി ആറിന് ഇതുസംബന്ധിച്ച കോടതിയലക്ഷ്യവും റിട്ട് ഹർജികളും സുപ്രീംകോടതിക്ക് മുന്നിലെത്തിയപ്പോൾ അതിൽ വാദം കേൾക്കുന്നതിനെ കേന്ദ്രം എതിർത്തു. ഇ.പി.എഫ്.ഒ.യുടെ പുനഃപരിശോധനാ ഹർജിയും കേന്ദ്രത്തിന്റെ അപ്പീലും നിലനിൽക്കുന്നതിനാൽ കോടതിയലക്ഷ്യം കേൾക്കരുതെന്ന് ആവശ്യപ്പെട്ടു. സർക്കാരിന് 15 ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കുന്ന വിഷയമാണിതെന്ന് അറ്റോർണി ജനറൽ വാദിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3lAamps
via IFTTT