Breaking

Sunday, August 30, 2020

നിർധനരുടെ പേരിൽ ജി.എസ്.ടി. രജിസ്ട്രേഷൻ; നടക്കുന്നത് വൻ നികുതിവെട്ടിപ്പ്

കൊച്ചി : നിർധനരുടെ പേരിലെടുക്കുന്ന ജി.എസ്.ടി. രജിസ്ട്രേഷന്റെ മറവിൽ സംസ്ഥാത്ത് നടക്കുന്നത് വൻ നികുതിവെട്ടിപ്പ്. ഇത്തരത്തിൽ ജി.എസ്.ടി. രജിസ്ട്രേഷൻ എടുത്തുനൽകാൻ മാഫിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ജി.എസ്.ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വാറ്റ് നിയമത്തിന് വിഭിന്നമായി, ജി.എസ്.ടി. നിയമത്തിൽ കച്ചവടത്തിന് രജിസ്ട്രേഷൻ എടുക്കാനുള്ള ലളിതമായ നടപടിക്രമങ്ങളാണ് തട്ടിപ്പിന് സഹായകരമാകുന്നത്. ഇത്തരം മാഫിയ സംഘത്തിന് ഇരയായ കുന്ദംകുളം പെരുമ്പിലാവ് സ്വദേശി പ്രശാന്ത് നായാടിവളപ്പിൽ നികുതിയിനത്തിൽ അടയ്ക്കേണ്ടത് 42 ലക്ഷം രൂപയാണ്. വെറും രണ്ടര സെന്റ് ഭൂമിയുടെ ഉടമയായ പ്രശാന്തിന്റെ പേരിലെടുത്ത ജി.എസ്.ടി. രജിസ്ട്രേഷന്റെ മറവിൽ മാഫിയ സംഘം നാഗ്പുരിലേക്ക് കടത്തിയത് ലോഡു കണക്കിന് അടയ്ക്കായായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കടത്ത് പിടികൂടാനായത്. ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ പ്രശാന്ത്, താൻ തട്ടിപ്പിന് ഇരയായതാണെന്ന് വെളിപ്പെടുത്തി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ജി.എസ്.ടി. ഉദ്യോഗസ്ഥർ പറയുന്നത്. തട്ടിപ്പ് ഇങ്ങനെ... ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവ സംഘടിപ്പിക്കുന്നതിലാണ് തുടക്കം. ഇതിനായി നിർധനനായ ഒരാളെ ഏജന്റുമാർ വലയിൽ വീഴിക്കും. ചെറിയ തുകയിലോ 'കുപ്പി'യിലോ വീഴുന്ന പാവങ്ങളായിരിക്കും ഇവർ. ആധാർ കാർഡ് നൽകിയാൽ ബാക്കിയെല്ലാം ഏജൻുമാർ ചെയ്യും. ഇത് ഉപയോഗിച്ച് പാൻ കാർഡ്, മൊബൈൽ സിം എന്നിവ എടുക്കും. അതിനുശേഷം ആധാർ കാർഡ് തിരികെ നൽകും. ഇതിനു ശേഷമാണ് ജി.എസ്.ടി. രജിസ്ട്രേഷൻ എടുക്കുന്നത്. രജിസ്ട്രേഷനുള്ള രഹസ്യ പിൻ ഫോൺ നമ്പരിലേക്കാണ് വരുന്നത്. അതിനായാണ് പുതിയ സിം കാർഡ് എടുക്കുന്നത്. ദിവസം കൊണ്ട് നിരവധി ലോഡുകൾ കടത്തും ജി.എസ്.ടി. രജിസ്ട്രേഷൻ ഉണ്ടെങ്കിൽ 'ഇ-വേ ബിൽ' എടുത്ത് രാജ്യത്ത് എവിടേക്കും ചരക്ക് കൊണ്ടുപോകാം. രജിസ്ട്രേഷൻ എടുക്കുന്ന ആൾക്ക് ആദ്യ റിട്ടേൺ സമർപ്പിക്കാൻ 50 ദിവസം വരെ സമയം കിട്ടും. ഇതാണ് കള്ളക്കടത്ത് സംഘം ഉപയോഗിക്കുന്നത്. 50,000 രൂപയുടെ മുകളിലുള്ള ഇടപാടുകൾക്കാണ് ഇ-വേ ബിൽ ആവശ്യമായിവരുന്നത്. ഇതിന്റെ മറവിൽ 50 ദിവസത്തിനുള്ളിൽ ടൺ കണക്കിന് സാധനങ്ങൾ കടത്തും. അടയ്ക്ക, മരം, പ്ലൈവുഡ് തുടങ്ങി എല്ലാ ഉത്പന്നങ്ങളും ഇത്തരത്തിൽ കൊണ്ടുപോകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ലോഡ് അടക്കയ്ക്ക് നഷ്ടം രണ്ടര ലക്ഷം രൂപ വലിയ ലോറിയിൽ 22 ടൺ സാധനം വരെ കൊണ്ടുപോകാം. ഒരു ലോഡ് അടയ്ക്ക 50 ലക്ഷം രൂപയുടെ ഇടപാടാണ്. ഇതിന്റെ അഞ്ച് ശതമാനമാണ് നികുതി. ഒരു ലോഡ് കൊണ്ടുപോകുമ്പോൾ നികുതിയായി 2.5 ലക്ഷം രൂപ അടയ്ക്കണം. 10 ലോഡ് കൊണ്ടുപോയാൽ നികുതിയായി അടയ്ക്കേണ്ടത് 25 ലക്ഷം. ഇതാണ് വെട്ടിക്കുന്നത്. വില കൂടിയ സാധനമാണെങ്കിൽ നികുതി ഇതിലേറെയാകും.ദിവസം പിന്നിട്ടാൽ പൂട്ടിക്കെട്ടും രജിസ്ട്രേഷൻ എടുത്ത് 50 ദിവസം പിന്നിടുന്നതോടെ ഇത്തരം രജിസ്ട്രേഷനിലുള്ള ഇടപാടുകൾ നിലയ്ക്കും. നികുതി അടയ്ക്കാത്ത ആളേത്തേടി ഉദ്യോഗസ്ഥർ എത്തുമ്പോൾ കാണുക ജി.എസ്.ടി. എന്ന് കേട്ടിട്ടു പോലുമില്ലാത്ത ഒരു പഞ്ചപാവത്തിനെ. നികുതി വെട്ടിപ്പ് ക്രിമിനൽ കുറ്റമൊന്നുമല്ല. തട്ടിപ്പിന് ഇരയായ ആളുടെ പേരിലെ സിവിൽ കേസ് നടത്തിപ്പും മാഫിയ സംഘം ഏറ്റെടുക്കും. രജിസ്ട്രേഷൻ എടുത്ത ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമൊന്നും എത്തിയിട്ടില്ലാത്തതിനാൽ കേസ് കോടതിയിലും നിലനിൽക്കില്ല. രേഖകൾ നൽകിയവർക്ക് ഏജന്റിനെയോ ഏജന്റുമാർക്ക് അവർക്ക് മുകളിലുള്ളവരെയോ അറിയില്ല എന്നതാണ് ഈ ഇടപാടിന്റെ യഥാർഥ വസ്തുത.


from mathrubhumi.latestnews.rssfeed https://ift.tt/34HazkB
via IFTTT