Breaking

Saturday, August 29, 2020

ഖേല്‍രത്‌ന ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ്; പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കില്ല

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും ഈ വർഷത്തെ ഖേൽരത്ന പുരസ്കാരത്തിന് അർഹയുമായ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കോവിഡ്. ഇതോടെ ദേശീയ കായിക ദിനമായ ശനിയാഴ്ച ഓൺലൈനായി നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാൻ താരത്തിന് സാധിക്കില്ല. ഖേൽരത്ന പുരസ്കാരദാന ചടങ്ങിന്റെ റിഹേഴ്സലിന്റെ ഭാഗമായാണ് താരത്തെ കോവിഡ് പരിശോധനക്ക് വിധേയയാക്കിയത്. വെള്ളിയാഴ്ചയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതയാണെന്ന കാര്യം വിനേഷ് തന്നെയാണ് അറിയിച്ചത്. രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് ഇത്തവണത്തെ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. ഇതുപ്രകാരം സോനിപതിലെ സായി സെന്ററിൽ നിന്നായിരുന്നു വിനേഷ് ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നത്. ചടങ്ങിന് ഒരു ദിവസം മുമ്പ് കോവിഡ് ബാധിതയാകുകയും ചെയ്തു. ഇതോടെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് താരം. വിനേഷ് ഫോഗട്ടിനെ കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ടേബിൾ ടെന്നീസ് ചാമ്പ്യൻ, മണിക ബത്ര, പാരാലിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു, ഹോക്കി താരം റാണി രാംപാൽ എന്നിവർക്കാണ് ഇത്തവണ ഖേൽ രത്ന പുരസ്കാരം ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരുവർഷം അഞ്ചുപേർക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്കാരം നൽകുന്നത്. Content Highlights: Wrestler Vinesh Phogat tests Covid-19 positive to miss virtual awards ceremony


from mathrubhumi.latestnews.rssfeed https://ift.tt/3hEh0IF
via IFTTT