തൃശ്ശൂർ: ഒരു കുപ്പായവും അഴിച്ചു വെച്ചല്ല ഈ യുവ നേതാവ് മീൻപിടിത്തക്കാരന്റെ വേഷമണിഞ്ഞത്. കോവിഡ് കാലത്ത് അന്നത്തിനുള്ള വക സമ്പാദിക്കുന്നു എന്നുമാത്രം. മീൻപിടിത്തക്കാരന്റെ ജീവിത വേഷത്തെപ്പറ്റി കെ.എസ്.യു. തൃശ്ശൂർ ജില്ലാ സെക്രട്ടറി നിധീഷിന് കടലോളമാണ് അഭിമാനം. എം.എ. പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ് നിധീഷ്. കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് കോ-ഓർഡിനേറ്ററുമാണ്. ഒരു കുടുംബത്തിന്റെ ഏക വരുമാനമാർഗമാണ് ഈ ചെറുപ്പക്കാരൻ. ചാലക്കുടിയിലെ പനമ്പിള്ളി മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ നിന്നാണ് നിധീഷ് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയത്. ബിരുദം കഴിഞ്ഞുള്ള ഇടവേളകളിൽ ധനകാര്യസ്ഥാപനത്തിൽ ജോലി കിട്ടിയിരുന്നു. പഠനത്തിനായി അത് ഉപേക്ഷിച്ചു. പഠനം കഴിഞ്ഞ ശേഷം കോവിഡ് കാലമെത്തി. പഴയ ജോലി തേടി പോയെങ്കിലും കിട്ടിയില്ല. പുതിയ ജോലികളൊന്നും ലഭിച്ചതുമില്ല. മീൻപിടിത്ത തൊഴിലാളിയായ അച്ഛൻ തിലകന് ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയായതോടെയാണ് നിധീഷ് ആ തൊഴിലിലേക്ക് ഇറങ്ങിയത്. 60 ജീവനക്കാരുള്ള ശ്രീ ഭരതൻ എന്ന ബോട്ടിലാണ് മീൻപിടിത്തം. പുലർച്ചെ നാലിന് ബോട്ടിൽ കയറണം. എത്ര രാത്രിയായാലും മീൻ കിട്ടിയിട്ടേ മടക്കമുള്ളൂ. മീൻ കിട്ടുന്നതിനനുസരിച്ചാണ് കൂലി. കടലമ്മ എന്നും ഒരേ പോലെ കനിയാറില്ല. അഭിഭാഷകനാവുകയാണ് ലക്ഷ്യം. വലപ്പാട് പാലപ്പെട്ടിയിലെ വീട്ടിൽ അമ്മ രമണിയും സഹോദരി നീതുവും ഉണ്ട്. Content Highlights: Story of Nidheesh, a KSU leader who worked as a fisherman
from mathrubhumi.latestnews.rssfeed https://ift.tt/34PFoDw
via
IFTTT