Breaking

Thursday, August 27, 2020

കത്തിനു പിന്നിൽ നൂറോളം പേർ; ഒപ്പിട്ടത് ധൈര്യമുള്ളവർ മാത്രം

ന്യൂഡൽഹി: നേതൃത്വത്തിന്റെ ദൗർബല്യത്തെ വിമർശിച്ചും ഗാന്ധികുടുംബത്തിനു പുറത്തുനിന്നുള്ളവരുടെ നേതൃകൂട്ടായ്മ ആവശ്യപ്പെട്ടും 23 നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത് വിവിധ ഘട്ടങ്ങളിലുള്ള ആലോചനയ്ക്കു ശേഷം. സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതാൻ പ്രവർത്തകസമിതി അംഗങ്ങളും രണ്ടു ഡസനിലധികം എം.പി.മാരുമടക്കം നൂറോളം നേതാക്കൾ ഒറ്റ മനസ്സായിരുന്നെന്നാണ് സൂചന. എങ്കിലും അച്ചടക്കനടപടികളും തിരഞ്ഞെടുപ്പിൽ അവസരം കിട്ടില്ലെന്നതും ഭയന്ന് മിക്കവരും ഒപ്പിടാൻ തയ്യാറായില്ല. ഗാന്ധികുടുംബത്തോട് പണ്ടേയുള്ള സ്നേഹവും മറ്റു ചിലരെ ഒപ്പിടുന്നതിൽനിന്ന് വിലക്കി. ഇനി പാർട്ടിയിൽ ഒരവസരം കിട്ടില്ലെന്നുറപ്പുള്ളവരും പുറത്താക്കിയാലും ബി.ജെ.പി. അടക്കമുള്ള രാഷ്ട്രീയപ്പാർട്ടികളിലേക്ക് ചേക്കേറാനാവുമെന്ന ആത്മവിശ്വാസമുള്ളവരും കോൺഗ്രസിനെ നന്നാക്കാമെന്ന് ആത്മാർഥമായി ആഗ്രഹിച്ചവരുമാണ് അവസാനം ഒപ്പിട്ടത്.രാഹുൽഗാന്ധി നേതൃത്വം ഏറ്റെടുക്കാതെ പിന്നിൽനിന്ന് അടുപ്പക്കാരുടെ കൈകളിലൂടെ പാർട്ടിയുടെ കടിഞ്ഞാൺ കൈയാളുന്നുവെന്നതാണ് ഇവരുടെയെല്ലാം പ്രധാന ആക്ഷേപം. ഗാന്ധികുടുംബത്തോട് എന്നും വിശ്വസ്തത കാണിച്ച തന്നോടുപോലും രാഹുൽ അകലം പാലിക്കുന്നത് മുതിർന്ന നേതാവായ ഗുലാം നബി ആസാദിനെ വിഷമിപ്പിച്ചിരുന്നു. കശ്മീർ വിഷയത്തിൽ കോൺഗ്രസ് മെല്ലെ പിന്നോട്ടുവലിഞ്ഞതും അദ്ദേഹത്തിന് ഉൾക്കൊള്ളാനായില്ലെന്നറിയുന്നു. ബി.ജെ.പി. ബന്ധമുണ്ടെങ്കിൽ താൻ രാജിവെക്കാൻ തയ്യാറാണെന്നു പറഞ്ഞ ഗുലാം നബിയെ പ്രവർത്തകസമിതി യോഗത്തിനു ശേഷം സോണിയയും രാഹുലും വിളിച്ചിരുന്നു. എങ്കിലും തങ്ങളുന്നയിച്ച വിഷയങ്ങൾ പരിഗണിക്കണമെന്ന നിലപാട് അദ്ദേഹത്തിനുണ്ട്. അഞ്ചുമാസംമുമ്പ് ശശി തരൂർ നടത്തിയ അത്താഴ വിരുന്നിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ദൗർബല്യം പ്രധാന ചർച്ചയാവുന്നത്. പി. ചിദംബരവും അഭിഷേക് മനു സിഘ്‌വിയും മണി ശങ്കർ അയ്യറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവർത്തകസമിതി യോഗത്തിൽ കത്തിലെ ഉള്ളടക്കത്തെ ചിദംബരം വിമർശിച്ചില്ലെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം. അതിനുമുമ്പ് നേതാക്കൾ പാർലമെന്റിലും മറ്റും മാധ്യമപ്രവർത്തകരോട് രഹസ്യമായി ഇക്കാര്യത്തിൽ മനസ്സു തുറക്കുമായിരുന്നു. തനിക്ക് താത്‌പര്യമുള്ള രണ്ടുമൂന്നു നേതാക്കളുടെ നിർദേശങ്ങൾക്കനുസരിച്ചു മാത്രം രാഹുൽ പ്രവർത്തിക്കുന്നു എന്നാണിവരുടെ ആരോപണം. പി.സി. ചാക്കോയെപ്പോലുള്ള നേതാക്കൾ കത്തിലെ ഉള്ളടക്കം മാനിക്കുന്നുവെന്ന അഭിപ്രായം തുറന്നുപറയുന്നു. രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായത് രാഹുലിന്റെ അടുപ്പക്കാരായതോടെയാണ് പലരിലും നീരസം അണപൊട്ടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2QtAWSU
via IFTTT