വാഷിങ്ടൺ: ടെക്സാസിലും ലൂസിയാനയിലും ലോറ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന കാലാവസ്ഥാപ്രവചനത്തെ തുടർന്ന് അമേരിക്കയുടെ തെക്കൻ സമുദ്രതീരപ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞു തുടങ്ങി. കോവിഡ് മഹാമാരിയ്ക്കിടയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണിത്. അഞ്ച് ലക്ഷത്തോളം ജനങ്ങളോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ബ്യൂമോണ്ട്, ഗാൽവസ്റ്റൺ, പോർട്ട് ആർതർ എന്നീ ടെക്സാസ് നഗരങ്ങളിൽ നിന്ന് 385,000 പേരോട് മാറിത്താമസിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. 13 അടി(4 മീറ്ററോളം) ഉയരത്തിൽ തിരകൾ ആഞ്ഞടിക്കാനിടയുള്ളതിനാൽ ലൂസിയാനയിലെ താഴ്ന്ന തീരപ്രദേശങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തോളം ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച അതിരാവിലെയോ തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്ന ലോറ ചുഴലിക്കാറ്റിന് കൂടുതൽ ശക്തിപ്രാപിക്കാൻ സഹായകമായ ഉഷ്ണകാലാവസ്ഥയാണ് നിലവിലുള്ളത്. കര തൊടുന്നതിന് മുമ്പ് 115 മൈൽ/മണിക്കൂർ(185 കിമീ/മണിക്കൂർ) വേഗത്തിൽ കാറ്റഗറി 3 ചുഴലിക്കാറ്റായി ലോറ മാറിയേക്കുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ കാറ്റിന്റെ പാത മാറുന്നതിനനുസരിച്ച് ഭീഷണി കുറയാനിടയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ലോറ ചുഴലിക്കാറ്റിന്റെ ഉപഗ്രഹച്ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ബഹിരാകാശ പരീക്ഷണശാലയിലുള്ള നാസയുടെ ബഹിരാകാശയാത്രികൻ ക്രിസ് കാസ്സിഡി ലോറ ചുഴലിക്കാറ്റിന്റെ സഞ്ചാരചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തു. Hurricane Laura pic.twitter.com/zVd2HracH7 — Chris Cassidy (@Astro_SEAL) August 25, 2020 തെക്കു പടിഞ്ഞാറൻ ലൂസിയാനയിൽ വൻ നാശനഷ്ടമുണ്ടാക്കി പതിനഞ്ച് വർഷം മുമ്പ് വീശിയടിച്ച റീത്ത ചുഴലിക്കാറ്റിന് സമാനമായ രീതിയിലാണ് ലോറ രൂപപ്പെടുന്നതെന്ന് ലൂസിയാന ഗവർണർ ജോൺ ബെൽ എഡ്വേർഡ് പറഞ്ഞു. ടെക്സാസ് മുതൽ മിസ്സിസിപ്പി വരെയുള്ള തീരങ്ങളിൽ 450 മൈൽ(724 കിമീ) വരെ തിരകളെത്താനും തത്ഫലമായി മിസ്സിസിപ്പി നദി ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പുയരാനും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ലോറ ചുഴലിക്കാറ്റിന്റെ ഗതി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വ്യത്യാസപ്പെടുകയാണെങ്കിൽ കൂടുകൽ പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ മുൻമേധാവി ക്രെയ്ഗ് ഫ്യൂഗേറ്റ് സൂചിപ്പിച്ചു. ജനങ്ങൾ പറഞ്ഞ സമത്തിനുള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. കോവിഡ്-19 വ്യാപനസാധ്യത നിലനിൽക്കുന്നതിൽ ബന്ധുക്കളുടെ വീടുകളിലോ ഹോട്ടൽ മുറികളിലോ താത്ക്കാലികാഭയം തേടണമെന്നാണ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. ഹെയ്തിയിൽ 20, ഡൊമിനികൻ റിപ്പബ്ലിക്കിൽ മൂന്ന് തുടങ്ങി ഹിസ്പാനിയോല ദ്വീപിൽ രണ്ട് ഡസനോളം പേരുടെ ജീവനെടുക്കുകയും പ്രളയാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ശേഷമാണ് ലോറ ക്യൂബ കടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുനരധിവാസകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പുനരധിവാസകേന്ദ്രങ്ങളിലെത്തുന്നവർ മാസ്ക് ധരിക്കണമെന്ന് നിർദേശമുണ്ട്. 2005 ൽ 1,800 പേരുടെ മരണത്തിനിടയാക്കി, മിസ്സിസിപ്പിയെ തരിപ്പണമാക്കി കത്രീന ചുഴലിക്കാറ്റ് ഓഗസ്റ്റ് 29 നാണ് വീശിയടിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3hxFqn6
via
IFTTT