Breaking

Monday, August 31, 2020

യുവാവിന്റെ ആത്മഹത്യ: യൂത്ത് കോൺഗ്രസ്, യുവമോർച്ച മാർച്ചുകളിൽ സംഘർഷം

തിരുവനന്തപുരം: കാരക്കോണത്ത് യുവാവ് ആത്മഹത്യ ചെയ്തതിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും പി.എസ്.സി. ചെയർമാനുമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് ഒട്ടേറെത്തവണ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലു, പാളയം മണ്ഡലം പ്രസിഡന്റ് രാഹുൽ എന്നിവർക്ക് പരിക്കേറ്റു. വീണ എസ്. നായർ, റിജി റഷീദ് എന്നിവർ സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടന്നു. ഇവരെ റിമാൻഡ് ചെയ്തു.യുവമോർച്ച സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്തു. പി.എസ്.സി. അംഗങ്ങളും സർക്കാരും നിയമനങ്ങൾ ലേലംചെയ്തു വിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ മാർച്ചിനു നേരെ പോലീസ് മൂന്നുതവന്ന ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ പലർക്കും പരിക്കേറ്റു. പരിക്കുപറ്റിയ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, പാറശ്ശാല മണ്ഡലം ജനറൽ സെക്രട്ടറി ഷിജു എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹവുമായി ക്ലിഫ് ഹൗസിന് മുന്നിലും സമരംആത്മഹത്യ ചെയ്ത അനുവിന്റെ മൃതദേഹവുമായി ബി.ജെ.പി. പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിലെത്തി സമരം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൃതദേഹ പരിശോധനയ്ക്ക് ശേഷമാണ് നാട്ടുകാരും ബന്ധുക്കളുമുൾപ്പെടെ വിലാപയാത്രയായി ക്ലിഫ് ഹൗസിന് മുന്നിലെത്തിയത്. ഉന്നത പോലീസുദ്യോഗസ്ഥർ എത്തി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ദേശീയസമിതി അംഗം കരമന ജയൻ എന്നിവരുമായി ചർച്ച നടത്തി. സർക്കാർ പ്രതിനിധി സെപ്റ്റംബർ അഞ്ചിനകം അനുവിന്റെ വീട്ടിലെത്തി ചർച്ച നടത്തി കുടുബത്തിനുവേണ്ട സഹായങ്ങൾ ചെയ്യാമെന്ന് അവർ ഉറപ്പുനൽകി. തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3juK2Ly
via IFTTT