ബെംഗളൂരു: ബൈക്കും മൊബൈലും വാങ്ങാൻ മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെ ലക്ഷം രൂപയ്ക്ക് വിറ്റ പിതാവ് ഒളിവിൽ. ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ കർഷകത്തൊഴിലാളിയാണ് കുഞ്ഞിനെ സമീപഗ്രാമത്തിലെ ദമ്പതിമാർക്ക് വിറ്റത്. ദിവസങ്ങളായി കുട്ടിയെ കാണാതായതോടെ അയൽക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ പോലീസ് ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ വിറ്റതായി കണ്ടെത്തിയത്. പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞതിനെത്തുടർന്നാണ് അച്ഛൻ ഒളിവിൽപ്പോയത്. ഒരാഴ്ചമുമ്പാണ് ഇയാൾ കുഞ്ഞിനെ മാമച്ചനഹള്ളിയിലെ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിറ്റത്. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വിൽക്കാൻ സമ്മതിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാരിൽനിന്ന് കിട്ടിയ തുകയിൽ 50,000 രൂപ ബൈക്ക് വാങ്ങാനും 15,000 രൂപ ഫോൺ വാങ്ങാനുമാണ് ഇയാൾ ഉപയോഗിച്ചത്. പ്രസവിച്ചയുടൻ ബെംഗളൂരുവിലെ ആശുപത്രിയിൽവെച്ചും കുഞ്ഞിനെ ഇയാൾ വിൽക്കാൻ ശ്രമിച്ചതായാണ് കണ്ടെത്തൽ. അന്ന് ആശുപത്രി അധികൃതരുടെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞില്ല. പിന്നീട് മാമച്ചനഹള്ളിയിലെ ദമ്പതിമാരെക്കുറിച്ചറിഞ്ഞ ഇയാൾ ഇവരുമായി ബന്ധപ്പെടുകയായിരുന്നു. ദമ്പതിമാരിൽനിന്ന് കുഞ്ഞിനെ ഏറ്റെടുത്ത അധികൃതർ ചിക്കബെല്ലാപുരയിലെ ബാലഭവനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, കുഞ്ഞിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ അറിയിച്ചു. content highlights:father sells his own daughter to couples in Bengaluru
from mathrubhumi.latestnews.rssfeed https://ift.tt/34O5YNm
via
IFTTT