Breaking

Friday, August 28, 2020

9 മണിക്കൂര്‍ PPEധരിച്ച് 300 km,-കോവിഡ് മുക്തരെ വീട്ടിലെത്തിക്കാന്‍ KSRTC ഡ്രൈവര്‍ താണ്ടിയ ദുരിതപാത

വടകര:പി.പി.ഇ. കിറ്റിനുള്ളിൽ വീർപ്പുമുട്ടി ഒമ്പതുമണിക്കൂർ ഡ്രൈവിങ്. അതിനിടയിൽ വിലങ്ങാട് പാനോത്ത് റോഡിൽ കുഴഞ്ഞുവീണു. എന്നിട്ടും പിന്മാറാതെ അവസാനത്തെയാളെ കൂരാച്ചുണ്ടിൽ ഇറക്കിത്തിരിച്ച് തൊട്ടിൽപ്പാലം ഡിപ്പോയിലെത്തിയ ഉടൻ വീണ്ടും തളർന്നുവീണു. വീണത് തെരുവുനായ്ക്കൾക്കിടയിലേക്ക്... ആ രാത്രി മറക്കാനാകില്ല തൊട്ടിൽപ്പാലം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ഡ്രൈവർ ഹരിക്ക്. മണിയൂരിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽനിന്ന് കോവിഡ് ഭേദമായ 26 പേരേയുമായുള്ള യാത്രയാണ് ഹരിക്ക് അഗ്നിപരീക്ഷയായത്. വേണ്ടത്ര ആസൂത്രണമില്ലാതെ പല സ്ഥലങ്ങളിലുള്ളവരെ ഒറ്റബസിൽ വീട്ടിലേക്ക് വിട്ട അധികൃതരുടെ നടപടി ബസിലുണ്ടായിരുന്ന കോവിഡ്മുക്തർക്കും തീരാദുരിതമായി. മണിക്കൂറുകളോളമാണ് പലരും ബസിലിരുന്നത്. അതും ഭക്ഷണമോ വെള്ളമോപോലും കുടിക്കാതെ. 40 മിനിറ്റുകൊണ്ട് വീട്ടിൽനിന്ന് മണിയൂരിലെ കൊറോണ സെന്ററിലെത്തിയ കൂരാച്ചുണ്ട് സ്വദേശിയും മകനും തിരിച്ച് വീട്ടിലെത്താനെടുത്തത് ഏഴുമണിക്കൂർ. അതും പുലർച്ചെ രണ്ടുമണിക്കുശേഷം. 250-ലേറെ കിലോമീറ്റർ ഇതിനായി സഞ്ചരിക്കേണ്ടിയും വന്നു. മണിയൂരിൽനിന്ന് കുറ്റ്യാടിയിലേക്ക് കോവിഡ്മുക്തരെയും കൊണ്ടുപോകണമെന്ന സന്ദേശം കിട്ടിയതിനെത്തുടർന്നാണ് ഹരി 24-ന് വൈകീട്ട് നാലുമണിയോടെ തൊട്ടിൽപ്പാലം ഡിപ്പോയിൽനിന്ന് മണിയൂരിലെത്തിയത്. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം അവിടെനിന്ന് പി.പി.ഇ. കിറ്റ് ധരിച്ചു. ആദ്യമായിട്ടാണ് കിറ്റ് ധരിക്കുന്നത്. ഏഴരയോടെ 26 പേർ ബസിൽ കയറി. ഇതിനുശേഷമാണ് ഇവരെല്ലാം പല സ്ഥലങ്ങളിലുള്ളവരാണെന്ന് വ്യക്തമായത്. ഒടുവിൽ ഒരു യാത്രാറൂട്ട് തയ്യാറാക്കി അതുപ്രകാരം യാത്രതുടങ്ങി. ആദ്യം വടകരയിലേക്ക്, പിന്നെ കൊയിലാണ്ടി, കൊയിലാണ്ടിയിൽനിന്ന് കുഞ്ഞിപ്പള്ളി. കുഞ്ഞിപ്പള്ളിയിൽ എത്തുമ്പോൾ 9.30 ആയി. ഇറങ്ങേണ്ടത് ഒരു സ്ത്രീക്ക്. ബസ് വീട്ടിലേക്ക് പോകാത്തതിനാൽ ബസിലുള്ള രണ്ടുപേർ ഇവരെ വീട്ടിലേക്ക് കൊണ്ടുവിട്ടു. ഇവിടെനിന്ന് വടകരയിലെത്തി തിരുവള്ളൂരിലേക്ക്, പിന്നെ ആയഞ്ചേരി-വില്യാപ്പള്ളി-ചേലക്കാട് വഴി കക്കട്ടിലേക്ക്. ഇവിടെനിന്ന് കല്ലാച്ചി വഴി വാണിമേൽ, പിന്നെ വിലങ്ങാട് പാനോത്ത്. അപ്പോഴേക്കും 12 മണിയായി. എല്ലാവരെയും മെയിൻറോഡിൽ മാത്രമേ ഇറക്കാൻ കഴിയൂ. പാനോത്തുനിന്ന് ഏറെ പണിപ്പെട്ടാണ് ബസ് തിരിച്ചത്. പി.പി.ഇ. കിറ്റിട്ട് ഇരിക്കുന്നത് ഗ്ലാസുകൊണ്ട് മറച്ച കാബിനിലാണ്. വീർപ്പുമുട്ടാൻ മറ്റൊന്നുംവേണ്ട. മാത്രമല്ല യാത്ര പുറപ്പെട്ടശേഷം വെള്ളം കുടിച്ചിട്ടില്ല. അതിന്റെ ക്ഷീണം വേറെയും. ബസ് നിർത്തി പുറത്തിറങ്ങിയ ഡ്രൈവർ റോഡരികിൽ കുഴഞ്ഞുവീണു. ഈ സമയത്ത് ബസിലുള്ളത് കൂരാച്ചുണ്ട് സ്വദേശിയും മകനും പിന്നെ ഒരു കുറ്റ്യാടി സ്വദേശിയും. ഡ്രൈവർ കുഴഞ്ഞുവീണ വിവരം ഇവർ എഫ്.എൽ.ടി.സി.യിലെ നോഡൽ ഓഫീസറെ അറിയിച്ചു. ആംബുലൻസ് വിട്ടുതരാമെന്ന് പറഞ്ഞെങ്കിലും മണിയൂരിൽനിന്ന് ആംബുലൻസ് എത്തുന്ന സമയം കണക്കാക്കിയപ്പോൾ അത് വേണ്ടെന്നു വെച്ചു. അരമണിക്കൂറിനുശേഷം ഡ്രൈവർ വീണ്ടും ബസിൽ കയറി യാത്രതുടർന്നു. പിന്നെ കുറ്റ്യാടിയിലേക്ക്. അവിടെ ഒരാളെ ഇറക്കി അവസാനകേന്ദ്രമായ കൂരാച്ചുണ്ടിലേക്ക്. കൂരാച്ചുണ്ടിൽ എത്തുമ്പോൾ രണ്ടുമണി കഴിഞ്ഞു. തിരിച്ച് കൂരാച്ചുണ്ട് സ്റ്റാൻഡിൽ കയറ്റി കുറച്ച് വിശ്രമിച്ചശേഷം വീണ്ടും യാത്രതുടർന്നു. പുലർച്ചെ നാലുമണിക്ക് തൊട്ടിൽപ്പാലം ഡിപ്പോയിലെത്തി ബസ് നിർത്തി ഇറങ്ങിയതും തളർന്നുവീണു. ഒരു ഡ്രൈവർ കണ്ടത് തുണയായി. ഇല്ലെങ്കിൽ നായ്ക്കൾ കടിച്ചുകീറുമായിരുന്നു. അപ്പോഴേക്കും ഇദ്ദേഹം സഞ്ചരിച്ച ദൂരം 300 കിലോമീറ്ററിലധികം വരും. ഇപ്പോൾ തൊട്ടിൽപ്പാലത്തെ വീട്ടിൽ വിശ്രമത്തിലാണ് ഹരി. ശരീരം മുഴുവൻ നുറുങ്ങുന്ന വേദനയാണെന്ന് ഹരി പറഞ്ഞു. പി.പി.ഇ. കിറ്റിനുള്ളിൽ ഒമ്പതുമണിക്കൂർ കളക്ടർക്ക് റിപ്പോർട്ട് നൽകി സംഭവങ്ങൾ സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഡ്രൈവറുടെ അനുഭവം പൂർണമായും വിവരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി എം.ഡി.ക്കും റിപ്പോർട്ട് നൽകും. റവന്യൂ അധികൃതരോ പോലീസോ ഒന്നും ബസിൽ ഒപ്പമില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.- ബിജി എ.ടി.ഒ (കെ.എസ്.ആർ.ടി.സി. തൊട്ടിൽപ്പാലം ഡിപ്പോ) പ്രശ്നങ്ങൾ പരിഹരിച്ചു -ന് രാത്രി നടന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്ന് കോഴിക്കോട്ടുനിന്ന് ഒട്ടേറെ പോസിറ്റീവ് കേസുകൾ വന്നതുകൊണ്ടാണ് കോവിഡ് മുക്തർക്ക് മടങ്ങാൻ ആംബുലൻസ് കിട്ടാതെപോയത്. പിറ്റേന്നുമുതൽ ഒരു സ്കൂൾബസും പാർട്ടീഷൻ ചെയ്ത ടാക്സി വാഹനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്.- സന്ദീപ്, (നോഡൽ ഓഫീസർ, എഫ്.എൽ.ടി.സി. മണിയൂർ) content highlights: ksrtc driver crosses more than 300 km in nine hours to take the covid discharged patients to home


from mathrubhumi.latestnews.rssfeed https://ift.tt/31F1qHv
via IFTTT