മയ്യിൽ: മൂവായിരത്തഞ്ഞൂറ്‌് കിലോമീറ്റർ അകലെ ദാരിദ്ര്യം തുന്നിയെടുത്ത മുളന്തണ്ട് വീട്ടിൽനിന്ന് നാലു സഹോദരിമാരും നിലവിളിച്ചുകൊണ്ട് ചോദിച്ചു: ‘ഷോക്കേറ്റുമരിച്ച തങ്ങളുടെ അനിയനെ അവസാനമായൊന്നു കാണിക്കുമോ...’ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുടുംബത്തിലെ ഒരേയൊരത്താണിയായിരുന്നു 21-കാരനായ റഫീൽഖുൽ ഇസ്‌ലാം. കഴിഞ്ഞദിവസം നാറാത്ത് ടൗണിന് സമീപം നിർമാണത്തിലിരിക്കുന്ന വീട്ടിൽ തേപ്പുപണിക്കെത്തിയ റഫീൽഖുൽ ഷോക്കേറ്റ് മരിച്ചു. കോവിഡ് കാലത്ത് അസമിലെ ചക്ല ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോകാൻ യാതൊരു വഴിയുമില്ല. പണവുമില്ല. അപ്പോഴാണ് ചേച്ചിമാരുടെ നിലിവിളിയും വീട്ടിന്റെ ദൈന്യതയും നാട്ടുകാർ അറിഞ്ഞത്. നാറാത്തെ അൽഫലാഫ് റിലീഫ് പ്രവർത്തകർക്ക് ആ കരച്ചിൽ വല്ലാതെ കൊണ്ടു. അന്വേഷിച്ചപ്പോൾ അസമിലെ ഉൾഗ്രാമങ്ങളിൽ എവിടെയോ ആണ്. ഇന്ത്യയിൽ എവിടെയായാലും ആ ചേച്ചിമാർക്ക് അനിയനെ അവസാനമായി കാണിച്ചുകൊടുക്കണമെന്ന് അവർ തീരുമാനിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ആംബുലൻസിലാണ് മൃതദേഹവുമായി സംഘം പുറപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടോടെ അസമിലെത്തുമെന്നാണ് കരുതുന്നത് ചതുപ്പുപ്രദേശത്ത് മുളന്തണ്ടുവെച്ചുണ്ടാക്കിയ കൊച്ചുപുരയിൽ ദൈന്യതയുടെ രൂപമായി നാലുപേർ. റഫീഖുൽ ഇസ്‌ലമാന്റെ വരുമാനമായിരുന്നു ഏക ആശ്രയം. അൽഫലാഹ് റിലീഫ് പ്രവർത്തകർ കൂടുതലൊന്നുമാലോചിച്ചില്ല. ആ ഒറ്റമുറി വീടിനെ ലക്ഷ്യമാക്കി പോകാൻ തീരുമാനിച്ചു. ഇത്രയും ദൂരം ഓടാനായി ഏകദേശം ഒന്നേകാൽ ലക്ഷത്തിലധികം രൂപ മണിക്കൂറുകൾക്കകം സമാഹരിച്ചു. ഇതിൽ ‘നാറാത്തൊരുമ’ എന്ന ഗൾഫിലെ കൂട്ടായ്മയുടെ സഹായവും ലഭിച്ചു. നിർധന കുടുംബത്തിന് 25,000 രൂപയും നൽകാനാണ് തീരുമാനം. ബോങ്കൈഗോൺ ജില്ലയിലെ ചക്ല ഗ്രാമത്തിലെ പരേതരായ മുസാഫർ അലിയുടെയും സോറാബാനുവിന്റെയും മകനാണ് റഫീൽഖുൽ.അൽഫലാഹ് റിലീഫ് സെൽ പ്രസിഡന്റ് പി.പി. അബ്ദുൾഖാദർ, സെക്രട്ടറി ജാബിർ, പി.വി. സമദ്, പി.പി. കാദർ, നൗഷാദ് നാറാത്ത്, സി.കെ. ഷംനാദ്, പി.ടി. ജലാൽ, എ.പി. ഷംസു, പി.വി. ഹമീദ്, പി.കെ. റഫീഖ്, വി.പി. ഷമീം, കെ.എൻ. ഇർഷാദ് എന്നിവരാണ് കാര്യങ്ങൾക്ക് ചുക്കാൻപിടിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/32vNP4i
via
IFTTT