Breaking

Sunday, August 30, 2020

പൊരുത്തക്കേട്; എവിടെ ബാക്കി മതഗ്രന്ഥങ്ങൾ

കൊച്ചി: സ്വർണക്കടത്തിനിടെ പുറത്തുവന്ന മതഗ്രന്ഥ വിതരണവും സംശയമുനയിലേക്ക്. യു.എ.ഇ. കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജിലൂടെ എത്തിച്ചെന്നു പറയുന്ന മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും പൊരുത്തക്കേടുണ്ടെന്ന സംശയത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. യു.എ.ഇ. കോൺസുലേറ്റിലേക്ക് കോൺസുൽ ജനറലിന്റെ പേരിൽ മാർച്ച് നാലിനുവന്ന നയതന്ത്ര ബാഗേജിന് എയർവേ ബില്ലിൽ 4478 കിലോ തൂക്കമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 250 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. അങ്ങനെയെങ്കിൽ ഒരു പായ്ക്കറ്റിന് 17.912 കിലോയുണ്ടാവും. മന്ത്രി ജലീൽ സൂക്ഷിച്ച പായ്ക്കറ്റുകളിൽനിന്ന് ശേഖരിച്ച ഒരു സാംപിൾ മതഗ്രന്ഥത്തിന്റെ തൂക്കം കസ്റ്റംസ് അളന്നപ്പോൾ 576 ഗ്രാമാണ്. ഇതനുസരിച്ചാണെങ്കിൽ ഒരു പായ്ക്കറ്റിന് 17.856 കിലോ തൂക്കവും അതിൽ 31 മതഗ്രന്ഥങ്ങളും കണ്ടേക്കാമെന്നാണ് കസ്റ്റംസ് പറയുന്നത്. ബില്ലിൽ രേഖപ്പെടുത്തിയ തൂക്കവും കസ്റ്റംസിന്റെ സാംപിൾ പരിശോധനയുടെ തൂക്കവുമനുസരിച്ച് നോക്കുമ്പോൾ രണ്ടും തമ്മിൽ 14 കിലോയുടെ വ്യത്യാസമുണ്ട്. വന്നത് മുഴുവൻ മതഗ്രന്ഥമാണെന്ന് വിശ്വസിച്ചാലും അധികമുള്ള 14 കിലോ എന്താണെന്നതിൽ സംശയമുണ്ട്. ഇതാണ് അന്വേഷിക്കുന്നത്. മന്ത്രി ജലീൽ മലപ്പുറത്തെത്തിച്ച പായ്ക്കറ്റുകളിൽ 992 മതഗ്രന്ഥങ്ങളാണെന്നാണു സൂചന. എയർവേ ബില്ലിലെ തൂക്കമനുസരിച്ച് മതഗ്രന്ഥങ്ങളാണെങ്കിൽ 7750 എണ്ണമാവും എത്തിയിരിക്കുക. ബാക്കി 6758 എണ്ണം എവിടെയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. എത്തിയ 250 പായ്ക്കറ്റുകളിൽ 32 എണ്ണം സി-ആപ്റ്റിന്റെ ഓഫീസിലെത്തിച്ചു. ഇതാണ് സി-ആപ്റ്റ് വാഹനത്തിൽ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ എത്തിച്ചതെന്ന് മന്ത്രി ജലീൽ അവകാശപ്പെടുന്നത്. കേന്ദ്രാനുമതിയില്ലാതെ കോൺസുലേറ്റിനുപോലും മതഗ്രന്ഥങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനോ വിതരണംചെയ്യാനോ കഴിയില്ലെന്നു വ്യക്തമായിട്ടുണ്ട്. അതിനിടെ, കോൺസുലേറ്റിൽനിന്നുള്ള ഇത്തരം ഇടപാടുകൾക്ക് താൻ കമ്മിഷൻ കൈപ്പറ്റിയിരുന്നതായി സ്വപ്നാ സുരേഷ് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്. മതഗ്രന്ഥങ്ങൾ എല്ലാ വർഷവും യു.എ.ഇ. എംബസികളും കോൺസുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനോടനുബന്ധിച്ച് വിതരണം ചെയ്യാറുള്ളതാണെന്നാണ് മന്ത്രി ജലീൽ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത്. വിതരണം ചെയ്യരുതെന്നാണ് കേന്ദ്ര നിലപാടെങ്കിൽ അവ കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കാൻ തയ്യാറാണെന്നും ജലീൽ വ്യക്തമാക്കിയിരുന്നു. ഇതരരാജ്യത്തിന് ഇവിടെ മതഗ്രന്ഥങ്ങൾ വിതരണംചെയ്യാൻ വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളിലേക്ക് വിവരമറിയിച്ച് മുൻകൂർ അനുമതിതേടണം. കേരളസർക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും വേണം. രണ്ടുവർഷത്തിനിടെ നയതന്ത്ര ബാഗേജുകൾക്കൊന്നും യു.എ.ഇ. കോൺസുലേറ്റിന് അനുമതി നൽകിയിട്ടില്ലെന്ന് പ്രോട്ടോകോൾ ഓഫീസറും വ്യക്തമാക്കിയിരുന്നു. Content Highlights: K T Jaleel C-Apt Customs Enquiry


from mathrubhumi.latestnews.rssfeed https://ift.tt/3lxkE9C
via IFTTT