Breaking

Monday, August 31, 2020

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: ഉടമകൾക്ക് ഓസ്‌ട്രേലിയയിൽ കോടികളുടെ നിക്ഷേപം

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകൾ വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി അന്വേഷണസംഘം. ഓസ്ട്രേലിയയിൽ ഇവർക്ക് കോടികളുടെ നിക്ഷേപമുണ്ട്. പിടിയിലായ രണ്ട് പെൺമക്കൾക്കാണ് തട്ടിപ്പിൽ പ്രധാനപങ്കെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. അഞ്ചാംപ്രതിയായ ഉടമയുടെ മറ്റൊരു മകളെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്ന് എസ്.പി. പറഞ്ഞു. പുറത്തുവന്നതിലും വളരെ വലുതാണ് തട്ടിപ്പിന്റെ ആഴം. നിക്ഷേപകർക്ക് അറിയാത്ത പല കാര്യങ്ങളുമുണ്ട്. ഓസ്േട്രലിയയിലേക്ക് കടക്കാൻ ശ്രമിച്ച ഇവരെ പെട്ടെന്ന് പിടികൂടാൻ കഴിഞ്ഞതാണ് കേസിൽ നിർണായക വഴിത്തിരിവായതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. നിക്ഷേപത്തുക മാറ്റിയത് അഞ്ച് അക്കൗണ്ടിലേക്ക് അരനൂറ്റാണ്ടുകൊണ്ട് ആർജിച്ച വിശ്വാസത്താൽ കിട്ടിയ നിക്ഷേപങ്ങൾ സ്വന്തം നേട്ടങ്ങൾക്കായി ഉടമകൾ ഉപയോഗിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. വ്യവസായ സംരംഭങ്ങളിൽ നേരിട്ടല്ലാത്ത പങ്കാളിത്തമാണ് നേടിയത്. നിക്ഷേപത്തുക മുഴുവൻ മാറ്റിയിട്ടുള്ളത് പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ, മാനേജിങ് പാർട്ണർ പ്രഭാ തോമസ്, സി.ഇ.ഒ. ഡോ. റീനു മറിയം തോമസ് എന്നിവരുടെ പേരിലുള്ള സ്ഥാപനങ്ങളിലേക്കാണ്. മൂന്ന് ദേശസാത്കൃത ബാങ്കുകളിലായി അഞ്ച് അക്കൗണ്ടുകളാണ് ഇവർക്കുള്ളത്. 1500 കോടിയുടെ ഇടപാടുകൾ ഉണ്ടായിരുന്നെന്നാണ് പോലീസിനോട് പ്രഭാ തോമസിന്റെ വെളിപ്പെടുത്തൽ. ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പായി (എൽ.എൽ.പി.) 21 കമ്പനികൾ രൂപവത്കരിച്ചു. ഇതിൽ പല സ്ഥാപനങ്ങൾക്കും അംഗീകാരമില്ലെന്നും തോമസ് ഡാനിയേൽ മൊഴി നൽകി. സമീപകാലത്ത് രണ്ട് കോടി രൂപ വിലയുള്ള ഭൂമി ആന്ധ്രയിൽ വാങ്ങിയതായും പ്രതികളുടെ മൊഴിയിലുണ്ട്. ചെമ്മീൻകൃഷി ചെയ്യാനായി 12 ഏക്കർ ഭൂമി വാങ്ങി. ഓസ്േട്രലിയയിൽ അഞ്ചോളം വാഹനങ്ങൾ രജിസ്റ്റർ ചെയ്തെന്ന് സമ്മതിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിൽനിന്നാണ് ഉടമകളുടെ മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവർ പിടിയിലായത്. പോപ്പുലർ ഫിനാൻസ് ഡയറക്ടർ ബോർഡംഗമാണ് റിയ. സ്ഥാപന ഉടമകളായ തോമസ് ഡാനിയലും ഭാര്യ പ്രഭയും ശനിയാഴ്ചയാണ് അറസ്റ്റിലായത്. വിദേശത്തെ ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസ് ഇൻറർപോളിന്റെ സഹായം തേടിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് അന്വേഷണത്തിനുള്ളത്. ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണച്ചുമതല. നിക്ഷേപകരെ വഞ്ചിച്ച് രണ്ടായിരം കോടി തട്ടിയെന്ന് റിമാൻഡ് റിപ്പോർട്ട് പ്രതികൾ പോപ്പുലർ ഫിനാൻസിന്റെ പേരിൽ നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം അവരുടെ അറിവോ സമ്മതമോ ഇല്ലാതെ, മറ്റു കടലാസ് കമ്പനികളിലേക്ക് മാറ്റി 2000 കോടിയിലധികം രൂപ കബളിപ്പിച്ചതായി റിമാൻഡ് റിപ്പോർട്ട്. ആയിരത്തിലധികം പേർ വഞ്ചിതരായതായും നിക്ഷേപകരെ കബളിപ്പിച്ച പണം വിദേശത്ത് നിക്ഷേപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ആയിരത്തിലേറെപ്പേർ വഞ്ചിതരായിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പത്തനംതിട്ട എ.ആർ. ക്യാമ്പിൽ കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ പിടിയിലായ നാല് പേരേയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും മണിക്കൂറുകളോളമാണ് ചോദ്യംചെയ്തത്. തിരുവല്ല മജിസ്ട്രേട്ടിന് മുന്നിൽ വീഡിയോ കോൺഫറൻസിൽകൂടി ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കോവിഡ് പരിശോധനയ്ക്ക് ശേഷം ജയിലുകളിലേക്ക് മാറ്റും. പോലീസ് അടുത്തദിവസം തന്നെ കസ്റ്റഡി അപേക്ഷ നൽകും.


from mathrubhumi.latestnews.rssfeed https://ift.tt/34NDN16
via IFTTT