Breaking

Sunday, August 30, 2020

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: വിവരങ്ങൾ ശേഖരിച്ചുതുടങ്ങി, സർക്കാർ പ്രസ് കൗൺസിലിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാസ്തവവിരുദ്ധമായി നൽകിയെന്ന് സർക്കാർ കരുതുന്ന മാധ്യമവാർത്തകളുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഇവ പരിശോധിച്ച് പ്രസ് കൗൺസിലിനു പരാതി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെ ഫയലുകൾ കത്തിച്ചതാണെന്നതരത്തിൽ വാർത്തകൾവന്ന പത്രങ്ങൾക്കെതിരേയാണ് സർക്കാർ നിയമനടപടിക്കൊരുങ്ങുന്നത്. രണ്ടു പത്രങ്ങളിൽ ഇത്തരം വാർത്തവന്നതായാണു കണ്ടെത്തിയിട്ടുള്ളത്.ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി അപ്രധാനമായ ഏതാനും ഫയലുകൾ മാത്രമേ കത്തിയിട്ടുള്ളൂവെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. പൊതുമരാമത്ത്, അഗ്നിരക്ഷാസേന തുടങ്ങിയ ഏജൻസികൾ നൽകിയ പ്രാഥമിക റിപ്പോർട്ടും ആകസ്മികമായുണ്ടായ ചെറിയ തീപ്പിടിത്തമെന്നാണ്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും പ്രതിസ്ഥാനത്ത് നിർത്തി വാർത്തനൽകിയിട്ടും ഒരു നടപടിയും എടുത്തില്ലെങ്കിൽ അത് അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. നിയമവകുപ്പാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. തെറ്റായ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡി.യിൽ സർക്കാർ ഫാക്ട് ചെക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെതിരേ ആസൂത്രിതരീതിയിൽ വാസ്തവവിരുദ്ധ വാർത്തകൾ വരുന്നുണ്ടെന്നാണ് ഭരണനേതൃത്വത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണ് ഫയൽ കത്തിച്ചതെങ്കിൽ തെളിവുനൽകണമെന്നും അല്ലെങ്കിൽ മാപ്പുപറയണമെന്നും മന്ത്രി എ.കെ. ബാലൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങൾക്കെതിരേ പ്രസ് കൗൺസിൽപോലുള്ള സംവിധാനങ്ങളിൽ പരാതിപ്പെടുന്നത് ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെടും. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പാർട്ടി മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനവും ഉയരും. ഇക്കാര്യത്തിൽ പാർട്ടിയെന്നനിലയിലും നയപരമായ തീരുമാനം ആവശ്യമായിവരാം. അതിനുശേഷമേ സർക്കാർ നടപടികളുമായി മുന്നോട്ടുപോകാൻ സാധ്യതയുള്ളൂ. കോവിഡ് മാനദണ്ഡം ലംഘിച്ച് സെക്രട്ടേറിയറ്റിൽ സമരം ചെയ്തതിന് അതിനനുസരിച്ച വകുപ്പുകളിട്ട് നേതാക്കൾക്കെതിരേ കേസ് നടത്താനും തീരുമാനമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Dcgbbh
via IFTTT