Breaking

Thursday, August 27, 2020

സ്വപ്നയുടെ ‘വെളിപ്പെടുത്തലുകൾ’ പൊളിയുന്നു; കമ്മിഷൻ നൽകിയിട്ടില്ലെന്ന് സെയിൻ വെഞ്ച്വേഴ്‌സ്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്നാ സുരേഷിന്റെ ‘കമ്മിഷൻ’ വെളിപ്പെടുത്തലുകൾ പൊളിയുന്നു. സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയിട്ടില്ലെന്ന് സെയിൻ വെഞ്ച്വേഴ്‌സ് ഉടമ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. നേരത്തേ യൂണിടാക് ഉടമയും സ്വപ്നയ്ക്ക് നേരിട്ട് കമ്മിഷൻ നൽകിയിട്ടില്ലെന്ന് മൊഴിനൽകിയിരുന്നു. ഇതോടെ, യു.എ.ഇ. കോൺസുലേറ്റുമായുള്ള പല ഇടപാടുകളിൽ ലഭിച്ച കമ്മിഷനാണ് ലോക്കറുകളിലുള്ള ഒരുകോടി രൂപയെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ സംശയത്തിന്റെ നിഴലിലായി.സെയിൻ വെഞ്ച്വേഴ്‌സ്, യൂണിടാക് ബിൽഡേഴ്‌സ്, ഫോർത്ത് ഫോഴ്‌സ്, യു.എ.എഫ്.എക്സ്. എന്നീ കമ്പനികൾ യു.എ.ഇ. കോൺസുലേറ്റുമായി വിവിധ ഇടപാടുകൾ നടത്തിയപ്പോൾ തനിക്ക് കമ്മിഷൻ ലഭിച്ചെന്നായിരുന്നു സ്വപ്നയുടെ മൊഴി. എന്നാൽ, സ്വപ്നയ്ക്ക് നേരിട്ട് കമ്മിഷൻ നൽകിയിട്ടില്ലെന്നും ബാങ്ക് ട്രാൻസ്ഫറിലൂടെ ‘ഇസോമങ്ക്’ എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയതെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഇ.ഡി.ക്കുമുമ്പാകെ മൊഴിനൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ്‌ നായരുടെ കമ്പനിയാണ് ‘ഇസോമങ്ക്’.അതിനിടെ, തിരുവനന്തപുരത്തെ ബാങ്ക് ലോക്കറിലെ സന്പാദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. തന്റെ പേരിൽക്കൂടിയുള്ള ലോക്കറുകൾ ആയതിനാൽ അത് അന്വേഷിക്കേണ്ടതായിരുന്നെന്നും വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ റിമാൻഡ് കാലാവധി പ്രിൻസിപ്പൽ സെഷൻസ് കോടതി സെപ്റ്റംബർ ഒമ്പതുവരെ നീട്ടി. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/32r1t8V
via IFTTT