മൂന്നാർ: ഇടുക്കി പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി എത്താത്തതിൽ വിമർശനവുമായി ഡീൻ കുര്യാക്കോസ് എം.പി. ദുരന്തത്തിൽ പ്രഖ്യാപിച്ച ധനസഹായത്തിലും വേർതിരിവ് കാണിച്ചുവെന്നും അദ്ദേഹം മൂന്നാറിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും 45 ആളുകളെ കണ്ടെത്താനുണ്ട്. 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കുകയാണ്. ഈ ഘട്ടത്തിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും അങ്ങേയറ്റം ഈ നാടിനോടുള്ള തരംതിരിവായി കാണുകയാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. കരിപ്പുർ വിമാനത്താവളത്തിൽ അപകടമുണ്ടായ സ്ഥലത്ത് ഗവർണറും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെയുള്ള ഭരണസംവിധാനത്തിന്റെ മുഴുവൻ ആളുകളുംസന്ദർശനം നടത്തുകയുണ്ടായി. കേന്ദ്രമന്ത്രിയും സന്ദർശനത്തിനെത്തിയെന്നും അദ്ദേഹം ചൂണ്ടികാട്ടി. ദുരന്തസമയത്ത് പെട്ടിമുടിയിൽ 82 ആളുകൾ ഉണ്ടായിരുന്നു. 71 ആളുകളെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയും ഭീകരമായ ഒരു ദുരന്തം ഈ നാട്ടിൽ നടന്നതിന് ശേഷം സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള സമീപനത്തിൽ വ്യത്യാസം കാണുന്നതായും അദ്ദേഹം പറയുന്നു 10 ലക്ഷം രൂപയാണ് മലപ്പുറത്ത് ധനസഹായം പ്രഖ്യാപിച്ചത്. പെട്ടിമുടിയിൽ മരണമടഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയ വിവാദമുന്നയിക്കാനുള്ള സമയമല്ല എന്ന് ഉത്തമ ബോധ്യമുണ്ട്. കരിപ്പുർ അപകടത്തെ കുറച്ചുകാണുന്നില്ല. അവിടെ 10 ലക്ഷം പ്രഖ്യാപിച്ചെങ്കിൽ ഇവിടെയും അങ്ങനെ ന്യായമായും ആർക്കും പ്രതീക്ഷിക്കാവുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരം ചർച്ചകൾക്കുള്ള വഴി തുറന്നിട്ടത്. അത് ഒഴിവാക്കേണ്ടതായിരുന്നു. ഇതിനെ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അതിനെ രാഷ്ട്രീയപരമായ ആരോപണമായി എന്തിനാണ് മുഖ്യമന്ത്രി കാണുന്നത്. ഇടുക്കിയെ വേർതിരിച്ച് കണ്ടതിൽ ജനപ്രതിനിധിയെന്ന നിലയിൽ അംഗീകരിക്കുന്നില്ല, മുഖ്യമന്ത്രി നിലപാട് തിരുത്തണം. ഒറ്റ ഉരുൾപൊട്ടലിൽ തന്നെ നിരവധി ജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി എത്തുമെന്ന് ആളുകൾ പ്രതീക്ഷിച്ചിരുന്നു. അത് മുഖ്യമന്ത്രി കാണേണ്ടതായിരുന്നു, അദ്ദേഹം നേരത്തെ തന്നെ ഇവിടെ എത്തേണ്ടതായിരുന്നു. എന്തുകൊണ്ട് വന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം-ഡീൻ കുര്യാക്കോസ്പറഞ്ഞു. Content Highlights:Idukki Landslide; dean kuriakose MLA slams CM
from mathrubhumi.latestnews.rssfeed https://ift.tt/2XECrkP
via
IFTTT