ഗുവാഹത്തി: അസമിലെ ഗുവാഹത്തി മെഡിക്കൽ കോളേജിൽ നിന്ന് ദിബ്രൂഗഡിലെ അസം മെഡിക്കൽ കോളേജിലേക്ക് 450 കിലോമീറ്ററോളം ദൂരമുണ്ട്. അസം മെഡിക്കൽ കോളേജിൽ കോവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയിലായ ആരോഗ്യപ്രവർത്തകയുടെ ജീവൻ രക്ഷിക്കാൻ ചെറുപ്പക്കാരുടെ ഒരു സന്നദ്ധസംഘം നടത്തിയത് റിലേ യാത്രയായിരുന്നു. ജീവൻ രക്ഷിക്കാനുള്ള പ്ലാസ്മ അസം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു അവരുടെ ദൗത്യം. അസം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സ്റ്റാഫ് നഴ്സായ ബിജുറാണി ഗോഗോയ്ക്ക് പ്ലാസ്മ ആവശ്യമാണെന്നറിയിച്ച് ദിബ്രൂഗഡിലുള്ള ഡോക്ടർ ഭാസ്കർ പാപുകോൻ ഗൊഗോയ്ക്ക് ഫോൺകോൾ ലഭിച്ചതോടെയാണ് റിലേ ദൗത്യം ആരംഭിച്ചത്. സാമൂഹിക പ്രവർത്തകൻ കൂടിയായ ഡോക്ടർ ഭാസ്കർ മറ്റു പല രോഗികൾക്കു വേണ്ടിയും പ്ലാസ്മയ്ക്കുള്ള സൗകര്യം ഒരുക്കിയിരുന്നു. അസം മെഡിക്കൽ കോളേജിന് സമീപത്തുള്ള ജോർഹത്ത് മെഡിക്കൽ കോളേജിലും പ്ലാസ്മ ശേഖരംസ്റ്റോക്കുണ്ടായിരുന്നില്ല. ഗുവാഹത്തി മെഡിക്കൽ കോളേജിൽ നിന്ന് ഒരു യൂണിറ്റ് പ്ലാസ്മ ഡോക്ടർ ഭാസ്കർ സൗകര്യപ്പെടുത്തി. അപ്പോഴാണ് ഇത്രയും ദൂരത്തുള്ള ആശുപത്രിയിൽ എത്തിക്കേണ്ടതിനെ കുറിച്ച് ഓർമ വന്നത്. സംസ്ഥാനത്തിലെ ജില്ലാ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. കൂടാതെ വൈകുന്നേരം ആറ് മണി മുതൽ രാവിലെ ആറ് മണി വരെ യാത്രാവിലക്കും വാരാന്ത്യത്തിൽ സമ്പൂർണ ലോക്ക് ഡൗണും. ഡോക്ടർ ഉടൻ തന്നെ മാർവാഡി യുവ മഞ്ച് എന്ന യുവസംഘടനയുമായി ബന്ധപ്പെട്ടു. രാജ്യത്തിനകത്ത് വിവിധയിടങ്ങളിലുള്ള മാർവാഡി സമുദായത്തിലെ യുവാക്കൾ ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് മാർവാഡി യുവ മഞ്ച് എന്ന എംവൈഎം. സംഘടനയുടെ സഹായത്തോടെ ഡോക്ടർ ഭാസ്കർ കഴിഞ്ഞയാഴ്ച പ്ലാസ്മാദാനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പ്രളയദുരിതാശ്വാസം, രക്തദാനം തുടങ്ങിയ സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമാണൈങ്കിലും ഇത്തരത്തിലൊരു ദൗത്യം സംഘടനയുടെ മുന്നിലെത്തിയത് ആദ്യമാണെന്നും അതേറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സംഘടനയുടെ വടക്കുകിഴക്കൻ മേഖലാ ജനറൽ സെക്രട്ടറി രാഹുൽ അഗർവാൾ പറഞ്ഞു. ഈ മേഖലയിൽ മാത്രം സംഘടനയ്ക്ക് 7000 ത്തോളം പ്രവർത്തകരുണ്ട്. പിന്നെ ദൗത്യം പൂർത്തീകരിക്കാനുള്ള പ്ലാനിങ്ങായിരുന്നു. ജില്ലാ തല യൂണിറ്റുകളിലേക്ക് സന്ദേശങ്ങൾ പറന്നു. വടക്കുകിഴക്കൻ മേഖലാപ്രസിഡന്റ് മോഹിത് നഹത ദൗത്യം ഏകോപിപ്പിച്ചു. ജില്ലകളുടെ അതിർത്തികളിൽ പ്ലാസ്മ കൈമാറാമെന്ന ധാരണയിലെത്തി. രാത്രി 10.35 ഓടെ ഗുവാഹത്തി മെഡിക്കൽ കോളേജിൽ നിന്ന രാഹുൽ അഗർവാളും രവി സുരേഖയും പ്ലാസ്മ അടങ്ങുന്ന പെട്ടി ഏറ്റുവാങ്ങി. പിന്നെ വൈകിയില്ല, നാഗാവിലേക്ക് അവർ പാഞ്ഞു. നാഗാവിലെ യൂണിറ്റ് പ്ലാസ്മ ബൊക്കാഘട്ടിലെത്തിച്ചു. ബൊക്കാഘട്ടിൽ നിന്ന് ജോർഹത്, പിന്നെ ശിവ്സാഗർ, മോറാൻ, അവസാനം ദിബ്രൂഗഡ്. റിലേ മത്സരത്തിൽ ബാറ്റൺ കൈമാറുന്നതു പോലെയായിരുന്നു പ്ലാസ്മാ കൈമാറ്റം. അതിർത്തികളിൽ എത്തുമ്പോൾ തന്നെ കാത്തിരിക്കുന്ന അടുത്ത യൂണിറ്റ് പ്രവർത്തകർ. പെട്ടി കൈമാറുന്ന സമയം മാത്രം. അതിശക്തമായ മഴ പോലും കണക്കിലെടുക്കാതെ വീണ്ടും യാത്ര. രാവിലെ 6.14 ന് ദിബ്രൂഗഡിൽ സുബീർ കെജ്രിവാൾ ഏറ്റുവാങ്ങിയ പ്ലാസ്മയടങ്ങുന്ന പെട്ടി താമസിയാതെ അസം മെഡിക്കൽ കോളേജിലെത്തി. ഡോക്ടർ ഭാസ്കറിനും എംവൈഎം പ്രവർത്തകർക്കും ഉറക്കമില്ലാത്ത ഒരു രാത്രിയായിരുന്നു അത്. എങ്കിലും തടസമില്ലാതെ, ഇത്രയും ദൂരം ഒരു കോവിഡ് പോരാളിക്കായുള്ള ജീവൻ രക്ഷാ മാർഗമെത്തിക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഡോക്ടറും സംഘടനയും. യുവതലമുറയുടെ ആത്മാർഥമായ സേവനമാണ് ഇതിന് സഹായിച്ചതെന്നും അവരില്ലായിരുന്നെങ്കിൽ ഈ ദൗത്യം അസാധ്യമാവുമായിരുന്നുവെന്ന് ഡോക്ടർ ഭാസ്കർ പറഞ്ഞു. ശനിയാഴ്ച തന്നെ രോഗിയ്ക്ക് പ്ലാസ്മ നൽകിയതായി അസം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2XKoX7c
via
IFTTT