Breaking

Saturday, August 1, 2020

വെള്ളിയാഴ്ച അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: വെള്ളിയാഴ്ച അന്തരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസ്സി (80)ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് കണ്ടെത്തിയത്. ആലുങ്കൽ ദേവസ്സിയുടെ കുടുംബത്തിൽ ഒരാൾ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇയാളിൽ നിന്നാണോ ദേവസ്സിക്ക് രോഗം പകർന്നതെന്ന് പരിശോധിച്ചുവരികയാണ്. കോവിഡ് സംശയം നിലനിന്നതിനാൽ ശവസംസ്കാരത്തിന്റെ സമയം കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്നില്ല. കോവിഡ് സ്ഥിരീകരിച്ചതോടെ പ്രോട്ടോക്കോൾ അനുസരിച്ചാകും സംസ്കാരം. സ്വതന്ത്ര വിദ്യാർഥി പ്രസ്ഥാനമായിരുന്ന ഐ.എസ്.ഒ.യിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് വരുന്നത്. എറണാകുളം മഹാരാജാസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളിൽ പഠിക്കുമ്പോൾ വിദ്യാർഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. തുടർന്ന് യുവജന സഭയുടെ സെക്രട്ടറിയും സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായി. പാർട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം 1975-ൽ അടിയന്തരാവസ്ഥയിൽ അറസ്റ്റിലായി ഇരുപത് മാസത്തോളം ജയിലിൽ കിടന്നു. കളമശ്ശേരി മേഖലയിലെ ഫാക്ട്, ഐ.എ.സി., അപ്പോളോ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ തൊഴിലാളി യൂണിയൻ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. 1977-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി സ്ഥാനാർത്ഥിയായി പിറവത്ത് ടി.എം. ജേക്കബ്ബിനെതിരേ മത്സരിച്ചു. 1991-ൽ ജനതാദൾ സ്ഥാനാർത്ഥിയായി പെരുമ്പാവൂരിൽ പി.പി. തങ്കച്ചനെതിരേയും മത്സരിച്ചു. കൊച്ചി കപ്പൽശാല, ജി.സി.ഡി.എ., കെ.എസ്.എഫ്.ഇ., ഇടപ്പള്ളി ബി.ഡി.സി. തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘനാൾ ജനതാപാർട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു. ജനതാദൾ-എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഭാര്യ: ബേബി ദേവസ്സി. മക്കൾ: അഡ്വ. ആലുങ്കൽ ജോർജ്, അഡ്വ. പോൾ ആലുങ്കൽ. മരുമക്കൾ: ടിന്റു ജോർജ്, നിഖിൽ പോൾ.


from mathrubhumi.latestnews.rssfeed https://ift.tt/2XeC4xg
via IFTTT