Breaking

Saturday, August 1, 2020

കോവിഡ് ചികിത്സ: ഇൻഷുറൻസിന് മലയാളികൾ ചെലവഴിച്ചത് 3.38 കോടി

കോഴിക്കോട്: കോവിഡ് ചികിത്സാ ഇൻഷുറൻസ് പ്രീമിയത്തിനായി കേരളീയർ 20 ദിവസത്തിനുള്ളിൽ ചെലവഴിച്ചത് 3.38 കോടി. 'കോവിഡ് കവച്', 'കോവിഡ് രക്ഷാ' പോളിസികൾക്കായി നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്കുമാത്രം ലഭിച്ചത് 2.18 കോടിയാണ്. ന്യൂ ഇന്ത്യ, യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനികളിലായി 10,446 പോളിസികളാണു വിറ്റത്. സ്വകാര്യമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് ഓൺലൈനിൽ ലഭിച്ചവ ഉൾപ്പെടെ 6,938 പോളിസികളും കേരളത്തിൽനിന്നു ലഭിച്ചു. ജൂലായ് 10-നാണ് കോവിഡ് ചികിത്സയ്ക്കുമാത്രമുള്ള രണ്ട് പോളിസികൾക്ക് കേന്ദ്ര നിർദേശപ്രകാരം ഐ.ആർ.ഡി.എ. അനുമതി നൽകിയത്. പോളിസിയെടുത്ത് 14 ദിവസത്തിനുശേഷം കോവിഡ് ചികിത്സയ്ക്ക് പണം ലഭിക്കുന്നതാണ് ഈ പോളിസികൾ. വ്യക്തിഗത പോളിസികളും സ്ഥാപനങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കുമുള്ള ഗ്രൂപ്പ് പോളിസികളുമുണ്ട്. 18-65 പ്രായപരിധിയിലുള്ളവർക്ക് കോവിഡ് പോളിസികളിൽ ചേരാം. കോവിഡ് രക്ഷക് മൂന്നര, ആറര, ഒൻപതര മാസ കാലയളവിലുള്ള പോളിസികളാണ്. അമ്പതിനായിരം മുതൽ രണ്ടരലക്ഷം വരെ രൂപ കവറേജുള്ള പോളിസികളുണ്ട്. അമ്പതിനായിരത്തിന്റെ പോളിസിക്ക് യഥാക്രമം 915, 1098, 1235 രൂപ വീതമാണ് കാലയളവനുസരിച്ച് പ്രീമിയം. കവച് പോളിസിക്ക് റീ ഇംപേഴ്സ്മെന്റ് രീതിയാണ്. ആശുപത്രിബില്ലിലെ നിരക്ക് തിരികെ കിട്ടും. അഖിലേന്ത്യാതലത്തിൽ 30 കമ്പനികളാണ് കോവിഡ് ഇൻഷുറൻസ് പോളിസി ഇടപാട് നടത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2Peg1Cy
via IFTTT