Breaking

Saturday, August 1, 2020

പാംഗോങ്ങില്‍ നിന്ന് പിന്മാറാതെ ചൈന, കൂടുതല്‍ ബോട്ടുകളും ടെന്റുകളുമെത്തിച്ചു

ലഡാക്ക്: ഇന്ത്യാ- ചൈന തർക്കം നിലനിൽക്കുന്ന പാംഗോങ് തടാകത്തിൽ ചൈന കൂടുതൽ പട്രോളിങ് ബോട്ടുകൾ വിന്യസിച്ചതായി റിപ്പോർട്ടുകൾ. പുതിയ കിടങ്ങുകൾ, ടെന്റുകൾ, താത്കാലിക താമസ കേന്ദ്രങ്ങൾ എന്നിവ തർക്കമേഖലയിൽ ചൈനീസ് സൈന്യം നിർമിച്ചിട്ടുണ്ടെന്ന സാറ്റലൈറ്റ് ചിത്രങ്ങൾ തെളിയിക്കുന്നു. തർക്കം നിലനിൽക്കുന്ന ഫിംഗർ 5 ഫിഗർ 6 എന്നിവിടങ്ങളിൽ 13 ബോട്ടുകളാണ് ചൈനീസ് സൈന്യം വിന്യസിച്ചിരിക്കുന്നതെന്ന് ജൂലൈ 29ലെ സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്. ഫിംഗർ 5ൽ ആറ് ബോട്ടുകളും ഫിംഗർ 6 ൽ 10 ബോട്ടുകളുമാണ് ഉള്ളത്. ഒരുബോട്ടിൽ 10 പേർക്ക് സഞ്ചരിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ രണ്ട് സ്ഥലങ്ങളിലുമായി ഏകദേശം 130 ചൈനീസ് സൈനികരുണ്ടായേക്കാമെന്നാണ് കണക്കുകൂട്ടുന്നത്. തടാകമേഖലയിൽ ചൈന ശക്തിവർധിപ്പിക്കുന്നുവെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ജൂൺ 15ലെ ഉപഗ്രഹ ചിത്രങ്ങളിൽ ഫിംഗർ 6 മേഖലയിൽ എട്ട് ബോട്ടുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെയുള്ള നിർമാണ പ്രവർത്തനങ്ങളും പുതിയവയാണ്. തണുപ്പുകാലത്തെ അതിജീവിക്കാൻ സഹായിക്കുന്ന പ്രീഫാബ്രിക്കേറ്റഡ് ഹട്ടുകൾ ഇവിടങ്ങളിൽ ചൈന സ്ഥാപിച്ചിട്ടുണ്ട്. ഇതിനും പുറമെ 15 പുതിയ ടെന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന് സമീപം കൂടുതൽ കാലം തങ്ങാൻ തയ്യാറെടുത്ത് തന്നെയാണ് ചൈനീസ് സൈന്യം തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരം പ്രീഫാബ്രിക്കേറ്റഡ് ഹട്ടുകളിൽ 12 സൈനികർക്ക് തങ്ങാനുള്ള സൗകര്യങ്ങളുണ്ട്. ഹട്ടുകളിലും ടെന്റുകളിലുമായി ഇങ്ങനെ 480 സൈനികർക്ക് ഇവിടെ തങ്ങാൻ സാധിക്കും. അതേസമയം ശൈത്യകാലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ് ഉയർത്തുന്നത്. ലഡാക്കിൽ നിലവിൽ 40,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇത്രയും വലിയ സൈനിക വിന്യാസം നടത്തിയതിന് ശേഷം അത് ഇത്തരമൊരു കാലാവസ്ഥയിൽ നിലനിർത്തുക വളരെ ചെലവേറിയ കാര്യമാണ്. മുമ്പ് നടന്ന ചർച്ചകളിലെ ധാരണകൾ പ്രകാരം നിയന്ത്രണരേഖയിൽ മുമ്പുണ്ടായിരുന്ന സ്ഥിതിഗതികൾ പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ പാംഗോങ്ങിൽ നിന്ന് പിന്മാറാൻ ചൈന തയ്യാറല്ലെന്നാണ് നിലവിലെ നടപടികൾ സൂചിപ്പിക്കുന്നത്. അതേസമയം ഏത് കാലാവസ്ഥയേയും നേരിടാൻ തയ്യാറെടുത്താണ് ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ കണക്കുകൾ പ്രകാരം നിയന്ത്രണ രേഖ ഫിംഗർ 8 വഴിയാണ് കടന്നുപോകുന്നത്. എന്നാൽ ചൈന ഇത് അംഗീകരിക്കുന്നില്ല. സൈനിക- നയതന്ത്രതല ചർച്ചകളേ തുടർന്ന് ചില പ്രദേശങ്ങളിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയിരുന്നു. എന്നാൽ പാംഗോങ് തടാക മേഖലയിലെ തർക്കമേഖലയിൽ നിന്ന് ചൈന പിന്മാറിയിട്ടില്ല. Content Highlights:China brings in more boats, accommodation for additional troops at Pangong Lake


from mathrubhumi.latestnews.rssfeed https://ift.tt/2D1d1XQ
via IFTTT