Breaking

Thursday, April 16, 2020

നിശ്ചേതനായി യാത്ര ചരക്കുവിമാനത്തിൽ, ഉറ്റവരാരും ഒപ്പമില്ല

ദുബായ്: ഒരിടപോലും അച്ഛനരികിൽനിന്നും മാറി നിൽക്കാതെ ചുറ്റിപ്പറ്റി നിൽക്കും ജുവൽ. കളിചിരികളെല്ലാം അടക്കിവെച്ച് അതുവരെ ഒരിക്കലും കണ്ടിട്ടേയില്ലാത്ത പോലെ അവനടങ്ങിക്കിടക്കുമ്പോൾ മരണത്തിന്റെ മടിയാണതെന്ന് ഇനിയും അച്ഛൻ ജോമെയ്ക്ക് പൊരുത്തപ്പെടാനായിട്ടില്ല. അതിലേറെ വേദനയായിരുന്നു ജീവനറ്റ അവനെ ഒരനാഥദേഹം പോലെ ചരക്ക് വിമാനത്തിൽ നാട്ടിലേക്കയയ്ക്കുക എന്നതും. ഒരിക്കൽപോലും ഒറ്റയ്ക്ക് പുറത്തേക്ക് വിടാതിരുന്ന പൊന്നോമന മകനെയാണ് ഇപ്പോൾ മരണത്തിനൊപ്പം തനിയെ നാട്ടിലേക്കയക്കുന്നത്. യാഥാർഥ്യം ചുറ്റും കൂടിനിന്നവർ എത്ര തവണ വിവരിച്ചു കൊടുത്തിട്ടും ആ അച്ഛന് ഉൾക്കൊള്ളാനായിട്ടില്ല. ‘‘എന്റെ മകനെങ്ങനെ ഒറ്റയ്ക്ക് പോകും’’ എന്ന് ആ അച്ഛൻ ചോദിക്കുന്നു. ഷാർജ ജെംസ് മില്ലേനിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി പതിനാറുകാരൻ ജുവൽ ജോർജിന്റെ മരണം അത്രയേറെയാണ് പ്രവാസലോകത്തെ ദുഃഖത്തിലാഴ്ത്തുന്നത്. പത്തനംതിട്ട മല്ലശ്ശേരി സ്വദേശി ചാമക്കാല വിളയിൽ ജോമെയ് ജോർജിന്റെയും ജൻസിൻ ജോർജിന്റെയും മകൻ ജുവൽ അർബുദത്തെത്തുടർന്നാണ് മരിച്ചത്. അച്ഛനും അമ്മയുമില്ലാതെ നാട്ടിൽ ജുവലിന് അന്ത്യനിദ്ര. ഹൃദയാഘാതംകാരണം ദുബായിൽ മരിച്ച തൃശ്ശൂർ ഒല്ലൂർ സ്വദേശി ജെ.പി. ആന്റണിയുടെ മൃതദേഹം ഏപ്രിൽ 14-നാണ് നാട്ടിലേക്ക് കൊണ്ടുപോയത്. എന്നാൽ ഭാര്യയും മക്കളും അദ്ദേഹത്തിന്റെ ഭൗതിക ദേഹത്തിനൊപ്പം നാട്ടിൽ പോകാനാവാതെ യു.എ.ഇ.യിൽ തന്നെ ഒറ്റപ്പെട്ടുപോയി. രക്ഷകനായി ഇത്രകാലം കൂടെക്കഴിഞ്ഞ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ദേഹം തനിയെ നാട്ടിലേക്ക് പോയി. നോവിന്റെ വലിയൊരു മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയി ആ അമ്മയും മക്കളും. മരണം വേർപ്പെടുത്തിക്കൊണ്ടുപോകുന്ന വേദന മാത്രമല്ല, തനിച്ചായിപ്പോകുന്ന കുടുംബാംഗങ്ങൾക്ക് ജീവിതം ഇനിയെങ്ങനെ എന്ന് ഒരു നിശ്ചയവുമില്ല. മനസ്സ് കലങ്ങുന്ന അവസ്ഥ. ഉറ്റവരുടെ ഉയിരറ്റ ദേഹം കടൽ കടന്നുപോകുമ്പോൾ അനുഗമിക്കാനാകാതെ കണ്ണീരടക്കിപ്പിടിച്ചു കഴിയുന്ന ബന്ധുക്കളുടെകൂടി നൊമ്പരഭൂമിയാക്കുകയാണ് കോവിഡ് ഗൾഫ് നാടുകളെ. മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് ചരക്ക് വിമാനങ്ങളിലാണ് ഇപ്പോൾ. കോവിഡ് കാലത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങളെ അനുഗമിക്കാൻ ബന്ധുക്കൾക്ക് അനുമതിയില്ല. വിധിയുടെയോ വൈറസിന്റെയോ ക്രൂരത എന്ന് നെടുവീർപ്പിടുന്നതിന് പകരം, അന്യനാട്ടിൽ കഴിഞ്ഞവർക്ക് ഉറ്റവരുടെ വിലാപങ്ങൾ ഏറ്റുവാങ്ങി അന്ത്യയാത്രയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തേണ്ടതുണ്ട്. മൃതദേഹം കൊണ്ടുപോകുന്ന അതേ വിമാനത്തിൽ അവർക്കും ഒരിടമാണ് അവർ മോഹിക്കുന്നത്.ഭൂമിയിൽ മനുഷ്യർക്കിടയിൽ അകലം കുറിച്ചൊരു വൈറസ് ഇപ്പോൾ ജീവിതത്തിനും മരണത്തിനുമിടയിൽ പ്രിയപ്പെട്ടവർക്ക് എത്തിച്ചേരാൻ കഴിയാത്ത വിധം, തീരാദുഃഖത്തിന്റെ മറ്റൊരകലംകൂടി തീർക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2XEOkbB
via IFTTT