Breaking

Friday, April 10, 2020

ലോക് ഡൗൺ ലംഘിച്ച് ഡി.വൈ.എഫ്.ഐ. കൊയ്ത്തുത്സവം നടത്തി; പത്തുപേർ അറസ്റ്റിൽ

ശാസ്താംകോട്ട (കൊല്ലം) : ലോക് ഡൗൺ ലംഘിച്ച് ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിൽ ഡി.വൈ.എഫ്.ഐ. കൊയ്ത്തുത്സവം നടത്തി. വിവാദമായതോടെ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എഴുപതോളം പേർക്കെതിരേ കേസെടുത്തു. പോരുവഴി വീട്ടിനാൽ ഏലായിൽ കൊയ്ത്ത് ഉത്സവമാക്കിയത്‌ നൂറോളം പേരാണ്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഡി.വൈ.എഫ്.ഐ. നേതാക്കളും അണിനിരന്നാണ് കൊയ്ത്ത് നടത്തിയത്. സംഘടനയുടെ അഭിമാനനേട്ടമായി ആരെയും കൂസാതെയായിരുന്നു കൊയ്ത്ത്. സമീപത്ത് ബാനറും കെട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊയ്ത്തിന്റെ വാർത്തകൾ നവമാധ്യമങ്ങളിൽ നൽകി ആഘോഷം തുടങ്ങുകയും ചെയ്തിരുന്നു. കൊയ്ത്തിനിറങ്ങിയവരാരും മാസ്ക് ധരിച്ചില്ല. സർക്കാർ നിർദേശിക്കുന്ന ഒരു മീറ്റർ അകലം പാലിച്ചില്ല. എല്ലാവരും നിരന്നുനിന്നായിരുന്നു കൊയ്ത്ത്. മൂന്നുപേരിൽ കൂടുതലായാൽ കേസെടുത്ത് പിഴ വിധിക്കുന്ന പോലീസും അഞ്ചുപേരിൽ കൂടുതൽ ഒത്തുചേർന്നാൽ റിപ്പോർട്ട് ചെയ്യുന്ന ആരോഗ്യവകുപ്പും ഇതുവഴി പോയിട്ടും അനങ്ങിയില്ല. ഒടുവിൽ സംഭവം വിവാദമായതോടെയാണ് പോലീസ് കേസെടുത്തത്. പുറത്തുനിന്നെത്തിയവർ ഉൾപ്പെടെ ഇരുനൂറോളം പേർ ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന സ്ഥലമാണ് പോരുവഴി. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാൽ ഏലായിലെ അഞ്ചേക്കർ പാടത്ത്‌ ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകളാണ് നെൽക്കൃഷിയിറക്കിയത്. ഇതിൽ ഐശ്വര്യ ഗ്രൂപ്പിന്റെ കുറച്ച് നെല്ല് കൊയ്യാൻ പാകമായി. കുടുംബശ്രീക്കാർ സ്വന്തമായി കൊയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ. നേതൃത്വം കൊയ്ത്ത് ഏറ്റെടുക്കുകയായിരുന്നു. പോലീസ് തുടക്കത്തിൽ നടപടിയെടുത്തില്ലെന്ന വാദം ശരിയല്ലെന്നും സർക്കാർ നിർദേശം പാലിച്ചില്ലെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ശൂരനാട് എസ്.ഐ. ശ്രീജിത്ത് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2RpgGSY
via IFTTT