Breaking

Friday, April 10, 2020

ഇന്ത്യയ്ക്ക് പണമുണ്ടാക്കേണ്ട ആവശ്യമില്ല; അക്തറിന്റെ ഇന്ത്യ - പാക് പരമ്പര ആശയത്തെ വിമര്‍ശിച്ച് കപില്‍

ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ ഇന്ത്യ - പാകിസ്താൻ പരമ്പര നടത്താമെന്ന ആശയം മുന്നോട്ടുവെച്ച പാക് താരം ഷുഐബ് അക്തറിന് മറുപടിയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഇന്ത്യയ്ക്ക് ഇപ്പോൾ പണമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കപിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മനുഷ്യജീവനുകൾ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിയല്ലെന്നും ചൂണ്ടിക്കാട്ടി. കോവിഡ് രോഗ ബാധയെ തുടർന്ന് ഇരു രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ മൂന്നു മത്സര ഏകദിന പരമ്പര കളിക്കാമെന്നായിരുന്നു അക്തറിന്റെ ആശയം. അടച്ചിട സ്റ്റേഡിയത്തിൽ മത്സരം നടത്താമെന്നും ടെലിവിഷൻ വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നും അക്തർ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ എല്ലാ അതോറിറ്റികളും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയെന്നതാണ് ഈ സമയത്ത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കപിൽ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബി.സി.സി.ഐ 51 കോടി രൂപ പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും കൂടുതൽ നൽകാൻ ബി.സി.സി.ഐയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇനി ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനും രോഗബാധ കാരണം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനുമാകണം ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രാധാന്യം നൽകേണ്ടതെന്നും കപിൽ ചൂണ്ടിക്കാട്ടി. Content Highlights: Kapil Dev responds to India vs Pakistan series proposal of Shoaib Akhtar


from mathrubhumi.latestnews.rssfeed https://ift.tt/2RsttUN
via IFTTT