Breaking

Sunday, April 12, 2020

’ഈശ്വരചിന്ത...’ വൈറലായി, ഈ മുത്തശ്ശിമാർ ഹാപ്പിയാണ്...

തൃക്കണ്ടിയൂർ (മലപ്പുറം): പണ്ടേ ഹിറ്റാണ് ’ഈശ്വരചിന്തയിതൊന്നേ...’ എന്ന ഗാനം. 1961-ൽ ഇറങ്ങിയ ഭക്തകുചേല എന്ന സിനിമയിൽ കമുകറ പുരുഷോത്തമൻ പാടിയപാട്ടാണത്. എന്നാൽ ഇപ്പോഴത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്...മൂന്ന് മുത്തശ്ശിമാരുടെ പാട്ടായി.’ഭീതി വര്മ്പഴാണല്ലോ മന്ഷ്യൻ ഈശ്വരനെ കൂട്തൽ വിചാരിക്ക്യ... ലോകമാകെ കൊറോണപ്പേടീലല്ലേ, അതോണ്ടാവും ഞങ്ങൾടെ പാട്ട് ഇത്ര ഹിറ്റായത്...പിന്നെ ഞങ്ങള് മൂന്നാളും പ്രായമായ അമ്മമാരും ആണല്ലോ...’, പാട്ട് വൈറലായതിനെപ്പറ്റി അതിലൊരു മുത്തശ്ശിയായ വി.എൻ. സരസ്വതിയുടെ വിലയിരുത്തൽ ഇങ്ങനെ. മലബാറിലെ തന്നെ പ്രശസ്തമായ വഞ്ഞേരി ഇല്ലത്തെ പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യയാണ് സരസ്വതി അന്തർജനം. ’എനിക്ക് 74 വയസ്സായി... സരസ്വതിട്ടീച്ചർ വൈറലായ പാട്ടിന്റെ കഥ വിശദീകരിച്ചു: ’ഈ വീഡിയോയിൽ പാടണത് ഞാനും എന്റെ മൂത്ത സഹോദരി അമ്മിണിയുമാണ്. അമ്മിണിയോപ്പോൾ പാടണേന്റെ കൂടെ ഹാർമോണിയോം വായിക്കുന്നു. അവർക്ക് 85 വയസ്സായി. അവർ ഹാർമോണിയംമാത്രല്ല, വീണേം വായിക്കും. അമ്മിണിയോപ്പോൾ ബാംഗ്ലൂരിലാണ്. ഞങ്ങൾ രണ്ടുപേരും കുറേക്കാലം സംഗീതം പഠിച്ചിട്ടുണ്ട്. കച്ചേരിക്കും പോകാറുണ്ട്. കലാമണ്ഡലം വാസുദേവപ്പണിക്കരായിരുന്നു എന്റെ ഗുരു. വീഡിയോയിലെ മൂന്നാമത്തെയാൾ ഭർത്താവിന്റെ സഹോദരിയാണ് -സാവിത്രി. 78 വയസ്സുണ്ട്. അവർ പെരിന്തൽമണ്ണയിലാണ്. ജനവരീലാണ് ഒരുദിവസം സന്ധ്യയ്ക്ക് ഞങ്ങളിത് പാടിയത്. ഞാനിവിടെ രാഗമാലിക എന്ന പേരിൽ ഒരു സംഗീതവിദ്യാലയം നടത്ത്ണ്ട്. അതിന്റെ വാർഷികത്തിന് വന്നതായിരുന്നു അവർ രണ്ടുപേരും. ഭജൻസ് പാടിയിരിക്കണ നേരത്താണ് ഈ പാട്ടും പാടാൻ തോന്നിയത്.മൂന്നുപേരും ഒന്നിച്ചുള്ള സമയമല്ലേ, അതുകൊണ്ട് മൊബൈലിൽ അതിന്റെ വീഡിയോയും പകർത്തി. വാർഷികാഘോഷം കഴിഞ്ഞ് അവർ രണ്ടുപേരും തിരിച്ചുപോയശേഷം. ആ വീഡിയോ ഞാൻ ഒന്നുരണ്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഇട്ടു. അന്നൊന്നും അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെയത് സുഹൃത്തുക്കളിലാരൊക്കെയോ ഫെയ്‌സ്ബുക്കിലിട്ടു. ലോക്ക് ഡൗണിന്റെ സമയത്ത് വീട്ടിലിരിക്കണ പലരും അതുകണ്ടു. കണ്ടവർക്കെല്ലാം നന്നേ ഇഷ്ടപ്പെട്ടു. അവരത് ഷെയർചെയ്തിട്ടുണ്ടാകണം. എന്തായാലും ഇപ്പൊ പലരും വീഡിയോ കണ്ടതായി ഫോൺവിളിക്കുമ്പൊ പറയണുണ്ട്...’, സരസ്വതിട്ടീച്ചർ സന്തോഷംകൊണ്ടു. രാഗമാലിക സ്കൂളിലെ നൂറിലേറെ വരുന്ന ടീച്ചറുടെ കുട്ടികളും പാട്ട് വൈറലായതിൽ സന്തുഷ്ടരാണ്. പാട്ടിന്റെ ഫെയ്‌സ് ബുക്ക് ലിങ്ക്: https://ift.tt/34ryVwD


from mathrubhumi.latestnews.rssfeed https://ift.tt/2JZRpuw
via IFTTT