കൊല്ലം: ഇപ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ് ‘ക്വാറന്റൈൻ’. മലയാളത്തിൽ ആദ്യമായി ഈ വാക്ക് ഉപയാഗിച്ചത് 18-ാം നൂറ്റാണ്ടിൽ രചിച്ച ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിലാണ്. മലയാളത്തിലെ എന്നല്ല, ഇന്ത്യൻ ഭാഷകളിലെതന്നെ ആദ്യ യാത്രാവിവരണ ഗ്രന്ഥമാണ് വർത്തമാനപ്പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഈ കൃതി രചിച്ചത്. മതപരമായ ആവശ്യത്തിനായി തോമ്മാക്കത്തനാർ 1778-നും 1786-നും ഇടയ്ക്കു നടത്തിയ റോമാ യാത്രയുടെ വിവരണമാണ് ഈ കൃതി. മദിരാശിയിൽനിന്ന് തുടങ്ങി ലിസ്ബൺ വരെ കടൽമാർഗമായും തുടർന്ന് വത്തിക്കാനിലേക്കും നടത്തിയ യാത്രയിൽ ഇറ്റലിയിൽ എത്തിച്ചേർന്നപ്പോഴുള്ള ഭാഗത്താണ് ‘ക്വാറെന്തെനാ’യെക്കുറിച്ച് പരാമർശിക്കുന്നത്. അന്യദേശത്തുനിന്ന് കപ്പലിൽ യാത്രക്കാർ എത്തുമ്പോൾ തുറമുഖത്തുതന്നെ ലാസറെത്ത എന്നു വിളിക്കുന്ന പ്രത്യേകം കേന്ദ്രത്തിൽ കുറെനാൾ പാർപ്പിച്ചതിനു ശേഷമേ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ. അതാണ് അന്നത്തെ ക്വാറെന്തെനാ. വകന്തെ അഥവാ വസൂരിയാണ് അക്കാലത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധി എന്നതിനാൽ അതുള്ള യാത്രക്കാരുമായി വരുന്ന കപ്പലിലുള്ളവർ 40 ദിവസം കഴിഞ്ഞേ നഗരത്തിലിറങ്ങാവൂ. കടുത്ത പകർച്ചവ്യാധികൾ വന്നശേഷമുള്ള നാല്പതു കുളിക്കും ഒരുപക്ഷേ, ഇതുമായും ബന്ധമുണ്ടാവാം. ലത്തീൻ ഭാഷയിൽനിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. നാല്പത് എന്നാണ് അർഥം. പിന്നീട് അത് കപ്പൽ വിലക്ക്, ഏകാന്തവാസം എന്നൊക്കെ പല അർഥത്തിലും പ്രയോഗിക്കപ്പെട്ടു. പതിമൂന്നും പതിന്നാലും നൂറ്റാണ്ടുകളിലെ പ്ലേഗ് കാലത്താണ് ഈ സമ്പ്രദായം നിലവിൽവന്നതെന്ന് കരുതുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3aTKsae
via
IFTTT