Breaking

Wednesday, April 22, 2020

അവള്‍ക്ക് പ്രായം ഒരുമാസം ഒരുനോക്കുപോലും കാണാനാകാതെ രണ്ടമ്മമാര്‍

കൊച്ചി: കാണാമറയത്ത് തേങ്ങൽപോലൊരു താരാട്ടുമായി ആ അമ്മയുണ്ട്... ഒരിക്കലും ആ കുഞ്ഞിന്റെ മുഖം കാണാനാവില്ലെന്ന നിയോഗത്തോടെ അവളെ നൊന്തുപെറ്റ വാടക അമ്മ. കടലിനക്കരെ മനസ്സുനിറയെ താരാട്ടുപാടി മറ്റൊരു അമ്മയുണ്ട്... എന്നാകും കുഞ്ഞിന്റെ മുഖംനേരിട്ടു കാണാനാവുകയെന്നറിയാതെയുള്ള കാത്തിരിപ്പിന്റെ ഉള്ളുരുകലോടെ. അമ്മമാർ രണ്ടുപേരും ദൂരെയായതോടെ അവരുടെ താരാട്ട് കാതോരമെത്താതെ പൊന്നുമോൾക്കു അമ്മയുടെ അമ്മൂമ്മ നൂലുകെട്ടി. കോവിഡ് കാലത്ത് വാടകഗർഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിനാണ് അമ്മമാർ അരികിലില്ലാതെ വല്യമ്മൂമ്മ നൂലുകെട്ടിയത്. പത്തുവർഷത്തിലേറെ നീണ്ട ചികിത്സയ്ക്കും പ്രാർഥനയ്ക്കുമൊടുവിലാണ് അമേരിക്കയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശികളായ ദമ്പതിമാർക്ക് ഒരുമാസംമുമ്പ് മറ്റൊരമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞുപിറന്നത്. എറണാകുളം ചേരാനല്ലൂരിലുള്ള സൈമർ ആശുപത്രിയിൽ ഡോ. പരശുറാമിന്റെ ചികിത്സയിൽ പിറന്ന കുഞ്ഞിനെ കാണാൻ അമ്മയ്ക്കും അച്ഛനും ഇതുവരെയെത്താനായിട്ടില്ല. ലോക്ഡൗണിൽ കുടുങ്ങി ഇവർക്ക് ഇനിയെന്നാണ് നാട്ടിൽ വരാൻ കഴിയുന്നതെന്നറിയില്ല. കുറച്ചുദിവസം ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ പിന്നീട് ഇവരുടെ ബന്ധുക്കൾ കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനെ എന്നാണ് കാണാൻ കഴിയുന്നതെന്നറിയാത്ത ഉള്ളുരുക്കമാണ് അമേരിക്കയിൽനിന്ന് അമ്മ പങ്കുവെച്ചത്. നാട്ടിൽ അമ്മൂമ്മയുടെ അടുത്ത് കുഞ്ഞ് സുരക്ഷിതമായിരിക്കണമെന്ന പ്രാർഥനയിലാണ് ഞങ്ങൾ. ബെംഗളുരുവിൽ ലോക്ഡൗണിൽ കുടുങ്ങിയതിനാൽ എന്റെ മാതാപിതാക്കൾക്കും നാട്ടിലെത്താനായിട്ടില്ല. വീട്ടിൽ പ്രായമായ അമ്മൂമ്മയും കുഞ്ഞും മാത്രമേയുള്ളൂ. കോവിഡിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കളെപ്പോലും കാണാൻ അനുവദിക്കുന്നില്ല. ഞങ്ങൾ എത്താൻ വൈകുന്നതിനാൽ കുഞ്ഞിന് നൂലുകെട്ടാൻ അമ്മൂമ്മയോടു പറഞ്ഞു. വീഡിയോകോളിലൂടെ ആ ചടങ്ങ് ഞങ്ങൾ കണ്ടു. എത്രയോ വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുപിറന്നത്. ഒരുനോക്കു കാണാൻ ഇനിയുമെത്ര നാൾ കാത്തിരിക്കണം... -അമ്മയുടെ വാക്കുകൾ സങ്കടത്താൽ മുറിഞ്ഞു. Content Highlight: Lockdown: Mothers are unable to reach their one-month-old baby


from mathrubhumi.latestnews.rssfeed https://ift.tt/34TSz4w
via IFTTT