Breaking

Monday, April 13, 2020

ചൈനയില്‍ രണ്ടാം തരംഗം? രോഗബാധ ആറാഴ്ചത്തെ ഉയര്‍ന്ന നിലയില്‍

ബെയ്ജിങ്: ചൈനയിൽ ആറ് ആഴ്ചകൾക്കിടയിലെ ഏറ്റവും ഉയർന്ന എണ്ണം കോവിഡ് 19 കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. 108 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം പിടിച്ചുനിർത്തിയ ശേഷം ഒന്നര മാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന രോഗബാധയാണിത്. വൈറസ് ബാധയുടെ രണ്ടാം തരംഗമാണ് ഇപ്പോൾ ചൈനയിൽ അനുഭവപ്പെടുന്നതെന്നാണ് സംശയിക്കുന്നത്. മാർച്ച് ആറിന് രേഖപ്പെടുത്തിയ 143 പേരുടെ രോഗബാധയാണ് ഇതിനു മുൻപത്തെ ഉയർന്ന സംഖ്യ. അതിനു ശേഷമുണ്ടാകുന്ന കൂടിയ രോഗബാധയാണ് ഞായറാഴ്ചത്തേത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 98 പേരും രാജ്യത്തിനു പുറത്തുനിന്നെത്തിയവരാണെന്ന് അധികൃതർ പറഞ്ഞു. റഷ്യയുമായി അതിർത്തി പങ്കിടുന്ന ഹെയ്ലോങ്ജിയാങ് പ്രവിശ്യയിലെ56 പുതിയ കേസുകളിൽ 49 എണ്ണവും റഷ്യയിൽനിന്നെത്തിയവരിലാണ് സ്ഥിരീകരിക്കപ്പെട്ടത്. വൈറസ് ബാധിച്ചവർ പുറത്തുനിന്നെത്തുന്നതു മൂലം ചൈനയിൽ രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. റഷ്യൻ അതിർത്തിയ്ക്ക് സമീപമുള്ള നഗരങ്ങളിൽ അതിർത്തിയിലെ സുരക്ഷാ ക്രമീകരണങ്ങളും രാജ്യത്തേയ്ക്കെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള നടപടികളും ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി മാസത്തിൽ ഏറ്റവും ഉയർന്ന രോഗവ്യാപന തോത് രേഖപ്പെടുത്തിയ ചൈനയിൽ പിന്നീട് ഇത് കുറഞ്ഞുവരുകയും മാർച്ച് പകുതിയോടെ ഏറ്റവും കുറഞ്ഞ നിലയിലെത്തുകയും ചെയ്തു. നിലവിൽ ചൈനയിലെ രോഗബാധിതരുടെ എണ്ണം 82,160 ഉം ആകെ മരണസംഖ്യ 3,341 ഉം ആണ്. Content Highlights:China's new coronavirus cases rise to near 6-week high


from mathrubhumi.latestnews.rssfeed https://ift.tt/2VmIXLo
via IFTTT