Breaking

Monday, April 20, 2020

പട്ടങ്ങള്‍ക്കുമുന്നില്‍ പതറി വിമാനം; 'ഹൈ റിസ്‌ക്' എന്ന് പൈലറ്റ്

വിമാനമിറങ്ങാനെത്തുന്ന പരുത്തിക്കുഴി-മുട്ടത്തറ ഭാഗത്തെ ആകാശത്ത് പട്ടങ്ങൾ പറത്തിയപ്പോൾ നടപടി അടിയന്തര സന്ദേശത്തെ തുടർന്ന് തിരുവനന്തപുരം: വിമാനമിറങ്ങാനുള്ള പാതയിൽ പട്ടങ്ങളുടെ കൂട്ടം. വിമാനമിറക്കുന്നത് ഹൈ റിസ്ക് എന്നുകാട്ടി പൈലറ്റ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറിൽ അടിയന്തരസന്ദേശം നൽകി. ഉടൻ എയർട്രാഫിക് കൺട്രോൾ അധികൃതർ ടെർമിനൽ മാനേജർക്ക് അടിയന്തര നടപടി സ്വീകരിക്കാനുള്ള നിർദേശം നൽകി. മാനേജർ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ച് പട്ടംപറത്തുന്ന കുട്ടികളടക്കമുള്ള സംഘത്തെ കണ്ടെത്തി. ഞായറാഴ്ച രാവിലെയോടെയാണു സംഭവം. തിരുവനന്തപുരത്തുനിന്ന് 40 ടണ്ണോളം പച്ചക്കറിയും പഴങ്ങളും ഷാർജയിലെത്തിച്ചശേഷം ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ എയർഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റാണ് എയർട്രാഫിക് കൺട്രോളിൽ പരാതിപ്പെട്ടത്. പൂന്തുറ-പരുത്തിക്കുഴി-മുട്ടത്തറ പാതയിൽ ചെറുതും വലുതുമായ 25-ഓളം പട്ടങ്ങൾ തടസ്സമുണ്ടാക്കിയെന്നാണ് പൈലറ്റ് അറിയിച്ചത്. വിമാന എൻജിനിൽ പട്ടങ്ങളുടെ വാലും നൂലും തട്ടിയിരുന്നു. കാറ്റിന്റെ ഗതി മാറിയതോടെ പട്ടങ്ങൾ വിമാനത്തിനു നേർക്ക് താഴ്ന്നുപറന്നു. ആയാസപ്പെട്ടാണ് വിമാനം ഇറക്കാനായതെന്നാണ് പൈലറ്റ് കൺട്രോൾ ടവറിൽ നൽകിയ അടിയന്തര സന്ദേശം. വലിയതുറ, പൂന്തുറ, ഫോർട്ട് എന്നിവിടങ്ങളിൽനിന്നെത്തിയ പ്രത്യേക പോലീസ് സംഘം റോന്തുചുറ്റി പട്ടംപറത്തുന്ന സംഘത്തെ കണ്ടെത്തി. ഇതേത്തുടർന്ന് പോലീസ് മൈക്ക് അനൗൺസ്മെന്റ് നടത്തി. ലോക്ഡൗൺ കാലത്ത് കുട്ടികളെ പുറത്തുവിടുകയും അവർ വിമാനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ പട്ടങ്ങൾ പറത്തുകയും ചെയ്യുന്നതിൽ രക്ഷിതാക്കളുടെപേരിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2RLxqnR
via IFTTT