തിരുവനന്തപുരം : സമദൂരം ശരിദൂരമായതിന്റെ അർഥം യു.ഡി.എഫിനെ പിന്തുണയ്ക്കുകയാണെന്ന് വ്യക്തമാക്കി എൻ.എസ്.എസ്. രംഗത്തുവന്നതോടെ ഉപതിരഞ്ഞെടുപ്പിൽ സാമുദായിക ചേരിതിരിവുകൾ നിർണായകമായി. ഏറെക്കാലമായി പുലർത്തിപ്പോന്ന സമദൂരത്തിൽനിന്നാണ് പിന്തുണ പറയാതെ പറഞ്ഞ് എൻ.എസ്.എസ്. നിലപാട് വ്യക്തമാക്കിയത്. ശരിദൂരമെന്ന നയം സ്വീകരിക്കാനുള്ള കാരണം വ്യക്തമാക്കി ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ തിങ്കളാഴ്ച പ്രസ്താവനയിറക്കി. സർക്കാരുമായുള്ള അഭിപ്രായവ്യത്യാസം വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമാണ്. മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംവരണം ലഭ്യമാക്കിയില്ലെന്ന കുറ്റപ്പെടുത്തലും എൻ.എസ്.എസ്. നടത്തുന്നു. നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ എൻ.എസ്.എസ്. കരയോഗം ഭാരവാഹികൾ അംഗങ്ങളുടെ വീടുകളിൽ കയറി പ്രചാരണവും തുടങ്ങി. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലാകും എൻ.എസ്.എസിന്റെ നിലപാട് കാര്യമായി ബാധിക്കുക. ഏകപക്ഷീയ നിലപാട് എടുക്കില്ലെന്ന പ്രതീക്ഷയിൽ സി.പി.എം.എൻ.എസ്.എസ്. നേതൃത്വം ആഹ്വാനംചെയ്താലും സംഘടനയിൽ എല്ലാ പാർട്ടിക്കാരും ഉള്ളതിനാൽ ഏകപക്ഷീയ നിലപാടായി അത് മാറില്ലെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. സാമുദായിക സംഘടനകളിൽപ്പെട്ട വിവിധ പാർട്ടികളിൽപ്പെട്ടവരും അനുഭാവികളും സംഘടനയുടെ ആഹ്വാനപ്രകാരം മാത്രം വോട്ടുചെയ്യുന്നവരല്ലെന്ന് സി.പി.എം. കരുതുന്നു. പ്രചാരണം സാമുദായിക ഘടകങ്ങളിൽ തട്ടാതെ വികസനത്തിലൂന്നി നിർത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ജാതി ചിന്തകൾക്കപ്പുറമുള്ള പരിഗണനകളാണ് സ്ഥാനാർഥി നിർണയത്തിൽ പുലർത്തിയതെന്നും ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വെള്ളാപ്പള്ളിയുടെ ചുവടുമാറ്റം പാലായിൽ ഇടതുമുന്നണിക്കനുകൂല നിലപാടെടുത്ത എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എല്ലാ മുന്നണിയോടും ഒരേ നിലപാടാണ് സ്വീകരിക്കുകയെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. പാലായിലേത് പ്രത്യേക സാഹചര്യമായിരുന്നു. രാഷ്ട്രീയമായ അഭിപ്രായം പറയുന്നതിനെ പിന്തുണയായി വ്യഖ്യാനിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ഡി.ജെ.എസ്. മുന്നണിയിലുണ്ടെങ്കിലും എൻ.ഡി.എ.യുമായുള്ള ബന്ധം സുഖകരമല്ല. അരൂരിൽ മത്സരിക്കാൻപോലും കൂട്ടാക്കാത്ത ബി.ഡി.ജെ.എസ്. നിലപാട് എൻ.ഡി.എ. ഗൗരവമായിട്ടാണ് കാണുന്നത്. ചോറങ്ങും കൂറിങ്ങുമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് നേതൃത്വം പറയുന്നു. സഭാതർക്കവും സ്വാധീനിക്കും മലങ്കരസഭാതർക്കവും അടിയൊഴുക്കിന് വഴിമരുന്നിട്ടേക്കും. സുപ്രീംകോടതിവിധി അനുകൂലമായതിലൂടെ പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിനാണ്. എന്നാൽ, പള്ളികൾ യാക്കോബായക്കാരിൽനിന്നു കിട്ടാൻ സർക്കാർ വേണ്ടത്ര താത്പര്യം കാട്ടുന്നില്ലെന്ന പരാതി ഓർത്തഡോക്സ് സഭയ്ക്കുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിൽ കോന്നിയിലാണ് ഓർത്തോഡോക്സ് വിഭാഗക്കാർ കൂടുതലായുള്ളത്. വട്ടിയൂർക്കാവിലും സാന്നിധ്യമുണ്ട്. ഓർത്തഡോക്സ് സഭയുടെ കാതോലിക്കാബാവയെ സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയും സമീപദിവസങ്ങളിൽ സന്ദർശിച്ചിരുന്നു. സഭയുടെ നിലപാട് അനുകൂലമാക്കിയെടുക്കുകയാണ് ഇരുപാർട്ടി നേതാക്കളുടെയും ലക്ഷ്യം. പരസ്യമായ നിലപാടെടുത്തിട്ടില്ലെങ്കിലും സഭാനേതൃത്വം ഇതുസംബന്ധിച്ച സൂചന നൽകാതിരിക്കില്ല.
from mathrubhumi.latestnews.rssfeed https://ift.tt/33uYyL3
via
IFTTT