Breaking

Tuesday, October 15, 2019

നഷ്ടപരിഹാരം ആധാരത്തിലെ തുക മാത്രം; ആദ്യഘട്ടത്തിൽ 25 ലക്ഷം മൂന്നുപേർക്ക്

കൊച്ചി: മരടിൽ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകളിൽ ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുന്നത് മൂന്നുപേർക്ക് മാത്രം. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റിയാണ് ഈ ശുപാർശ സർക്കാരിന് നൽകിയത്. തിങ്കളാഴ്ച 14 ഫ്ലാറ്റുടമകളുടെ ക്ലെയിമുകളാണ് സമിതി പരിശോധിച്ചത്. ഫ്ളാറ്റുടമകൾക്ക് ആദ്യഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം വീതം ഒരു മാസത്തിനകം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. ഉടമകൾ ആധാരങ്ങളിൽ കെട്ടിട വിലയായി കാണിച്ചിരിക്കുന്ന തുക കണക്കിലെടുത്താണ് സമിതിയുടെ തീരുമാനം. ആൽഫ സെറീനിലെ ഒരാൾക്കും ജെയിൻ കോറൽ കോവിലെ രണ്ടുപേർക്കുമാണ് 25 ലക്ഷം വീതം നൽകാൻ ശുപാർശയുള്ളത്. മൂന്നുപേരും 25 ലക്ഷത്തിൽ കൂടിയ തുകയാണ് ആധാരത്തിൽ കാണിച്ചിട്ടുള്ളത്. ബാക്കിയുള്ളവർക്കെല്ലാം ആധാരത്തിൽ കാണിച്ചിട്ടുള്ള അതേ തുകയാണ് സമിതി ശുപാർശ ചെയ്തിട്ടുള്ളത്. രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാൾക്ക് 15,88,500 രൂപയെ കിട്ടിയുള്ളൂ. ബാക്കിയുള്ളവരുടെ ക്ലെയിമുകൾ 17-ന് പരിഗണിക്കും. ബിൽഡറും ഫ്ളാറ്റുടമയും തമ്മിലുള്ള ആദ്യ ആധാരമാണ് കമ്മിറ്റി അടിസ്ഥാനമാക്കിയത്. ആധാരത്തിലെ തുകയെക്കാൾ കൂടുതൽ തുക നൽകിയിട്ടുണ്ടെന്നും യഥാർഥ നഷ്ടപരിഹാരം എത്രയാണെന്ന് ഈ കമ്മിറ്റി കണ്ടെത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ടെന്നും ചില ഉടമകൾ വാദിച്ചു. ഇക്കാര്യം പിന്നീട് പരിഗണിക്കും.ഫ്ളാറ്റുടമകളിൽനിന്ന് എത്ര പണം വാങ്ങിയെന്ന വിവരം ബിൽഡർ 17-നു മുമ്പ് മരട് നഗരസഭാ സെക്രട്ടറിയെ അറിയിക്കാൻ കമ്മിറ്റിയുടെ ഉത്തരവായിട്ടുണ്ട്. ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന നടപടിക്രമങ്ങൾ കമ്മിറ്റി ലഘൂകരിക്കുകയും ചെയ്തു. ക്ലെയിം ഉന്നയിക്കുമ്പോൾ സത്യവാങ്മൂലവും ഹാജരാക്കാൻ സമിതി നേരത്തെ ഫ്ളാറ്റുടമകളോട് നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥ തത്‌കാലം ഒഴിവാക്കി. ആവശ്യമെങ്കിൽ പിന്നീട് ഹാജരാക്കണം. യഥാർഥ രേഖകൾക്കൊപ്പം ബിൽഡറുമായുള്ള പണമിടപാടിന്റെ തെളിവുകൾ ഹാജരാക്കിയാൽ മതി. ഇതും 17-നു മുമ്പ് നഗരസഭാ സെക്രട്ടറിക്കാണ് നൽകേണ്ടത്. ഓരോ ഫ്ളാറ്റുടമയുടെയും ക്ലെയിമുകൾ നഗരസഭയ്ക്ക് നൽകാൻ കഴിഞ്ഞ സിറ്റിങ്ങിൽ കമ്മിറ്റി നിർദേശിച്ചിരുന്നു. 25 പേരാണ് ഇത് നൽകിയത്. ഇവയിൽ രേഖകൾ പരിശോധിച്ച 19 അപേക്ഷകൾ നഗരസഭ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. ഇവയിൽ 14 എണ്ണം ക്രമപ്രകാരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അവ പരിഗണിച്ചത്. മൂന്നെണ്ണത്തിന്റെ ആദ്യ വില്പനയുടെ ആധാര രേഖകൾ ഹാജരാക്കിയിരുന്നില്ല. ആദ്യ ഉടമ, ബിൽഡർക്ക് നൽകിയ തുകയെ രണ്ടാമത്തെ ഉടമയ്ക്ക് ലഭിക്കൂ. ഉടമകളിൽ ഭൂരിപക്ഷവും വിദേശത്തായതിനാലാണ് രേഖകളുടെ പരിശോധന വൈകുന്നതെന്ന് നഗരസഭ കമ്മിറ്റിയെ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2MeBDy2
via IFTTT