കുട്ടികളുടെ നഗ്നചിത്രങ്ങൾ പങ്കുവെക്കുന്ന, പാകിസ്താനികൾ അഡ്മിൻമാരായ സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും മലയാളികൾ അംഗങ്ങളെന്ന് കണ്ടെത്തൽ. കുട്ടികൾക്കെതിരേയുള്ള ലൈംഗികചൂഷണം തടയാൻ സംസ്ഥാന പോലീസ് ആരംഭിച്ച പ്രത്യേകവിഭാഗം ഇന്റർപോളിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇതു വ്യക്തമായത്. അഞ്ചുലക്ഷത്തോളം പേർ അംഗങ്ങളായ ഗ്രൂപ്പുകളിൽ സംസ്ഥാനത്തുനിന്നുള്ള ഒട്ടേറെപ്പേരുണ്ട്. ഗ്രൂപ്പ് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന പോലീസ് ഇന്റർപോളിന് കൈമാറിയിട്ടുണ്ട്. കുട്ടികൾക്കെതിരേയുള്ള ലൈംഗികചൂഷണം തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി രൂപവത്കരിച്ച 'കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ' വിഭാഗം ഇതിൽ വിശദപരിശോധനകൾ നടത്തിയിരുന്നു. ടെലിഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെയും ഇന്റർപോളിന്റെ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന വിഭാഗം, ഇന്റർനാഷണൽ സെന്റർ ഫൊർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ എന്നിവയുമായി സഹകരിച്ചായിരുന്നു അന്വേഷണം. ടെലിഗ്രാമിൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർമാരുടെയും അംഗങ്ങളുടെയും നമ്പരുകൾ മറച്ചുവച്ചാണ് പ്രവർത്തിക്കുന്നത്. ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ഒട്ടേറെ ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞിരുന്നു. കേരളത്തിൽ നിന്നുള്ള 126 അംഗങ്ങളെ തിരിച്ചറിഞ്ഞതിൽ 12 പേരേയാണ് കഴിഞ്ഞ ദിവസം എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്. കുട്ടികൾക്കെതിരേയുള്ള ലൈംഗികചൂഷണം തടയുന്നതിനുള്ള പ്രത്യേക വിഭാഗം സംസ്ഥാന പോലീസിൽ ആരംഭിച്ച ശേഷം പി-ഹണ്ടെന്ന പേരിൽ മൂന്നുവട്ടം വ്യാപക പരിശോധന നടത്തി. 57 കേസുകൾ ഇതുവരെ രജിസ്റ്റർചെയ്ത് 38 പേരെ അറസ്റ്റുചെയ്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വിവരങ്ങൾ ഇന്റർപോളിന് കൈമാറി പാകിസ്ഥാൻ ഫോൺനമ്പരുകൾ അഡ്മിനിസ്ട്രേറ്റർമാരായ ടെലിഗ്രാം ഗ്രൂപ്പുകളിൽ ഇവിടെയുള്ളവർ ഉൾപ്പടെ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഇവ തടയുന്നതിനും നടപടിയെടുക്കുന്നതിനുമായി വിവരങ്ങൾ ഇന്റർപോളിന് കൈമാറി. - മനോജ് എബ്രഹാം, എ.ഡി.ജി.പി.
from mathrubhumi.latestnews.rssfeed https://ift.tt/2MJ2vVM
via
IFTTT