Breaking

Tuesday, October 15, 2019

വെളിച്ചംപോൽ ചിരിച്ച്, ചരിത്രത്താളിൽ ഒപ്പിട്ട് പ്രജ്ഞാൽ പാട്ടീൽ

തിരുവനന്തപുരം: കളക്ടറേറ്റിന്റെ രണ്ടാംനിലയിലെ തന്റെ ഓഫീസിലേക്കെത്താൻ െെകയിൽ കരുതിയിരുന്ന 'വൈറ്റ് കെയിൻ' വേണ്ടിവന്നതേയില്ല സബ് കളക്ടർ പ്രജ്ഞാൽ പാട്ടീലിന്. സിവിൽ സ്റ്റേഷൻ എ ബ്ളോക്കിനു മുന്നിൽ വന്നിറങ്ങുമ്പോൾത്തന്നെ പൂച്ചെണ്ടും കരുതലുമായി സഹപ്രവർത്തകർ കാത്തുനിന്നിരുന്നു. ചേർത്തുപിടിച്ചു നടത്തി ഓഫീസ് മുറിയിലെ കസേരയിൽ കൊണ്ടിരുത്താൻ അസിസ്റ്റന്റ് കളക്ടർ അനുകുമാരി ഒപ്പമുണ്ടായിരുന്നു. കാഴ്ചപരിമിതിയുള്ള രാജ്യത്തെ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ പ്രജ്ഞാൽ പാട്ടീൽ ഊഷ്മളമായ വരവേൽപ്പിനു നടുവിൽ തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു. അസിസ്റ്റന്റ് കളക്ടർ അനുകുമാരി പ്രജ്ഞാലിന്റെ വിരൽ ഒപ്പിടേണ്ട കളത്തിൽ മുട്ടിച്ചുകൊടുത്തു. അങ്ങനെ ജില്ലാ ഭരണത്തിന്റെ താളിൽ പുതുചരിത്രത്തിന്റെ കൈയൊപ്പ്. മഹാരാഷ്ട്ര സ്വദേശിയായ 31-കാരി പ്രജ്ഞാൽ എറണാകുളം അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് സബ് കളക്ടറായി എത്തുന്നത്. പത്തരയോടെ കളക്ടറേറ്റിൽ എത്തിയ പ്രജ്ഞാലിനെ അസിസ്റ്റന്റ് കളക്ടർ അനുകുമാരിയും സഹപ്രവർത്തകരും ചേർന്നു സ്വീകരിച്ചു. ഓഫീസിൽ എത്തിയശേഷം കളക്ടർ കെ.ഗോപാലകൃഷ്ണനെ ഫോണിൽ വിളിച്ച് താൻ എത്തിയ കാര്യം പ്രജ്ഞാൽതന്നെ അറിയിച്ചു. പിന്നീട് കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേൽക്കൽ. ''ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ ഉത്തരവാദിത്വം ഏൽക്കുന്നത്. സഹപ്രവർത്തകരിൽനിന്നും തിരുവനന്തപുരത്തെ ജനങ്ങളിൽനിന്നുമുള്ള പിന്തുണ എനിക്കുണ്ടാവണം''-മുന്നിൽ മാധ്യമപ്രവർത്തകർ കാത്തിരിക്കുകയാണെന്ന് കളക്ടർ അറിയിച്ചപ്പോൾ അവർ പറഞ്ഞു. ഡെപ്യൂട്ടി കളക്ടറായിരുന്ന സാം ക്ലീറ്റസിൽനിന്നാണ് ചുമതല ഏറ്റെടുത്തത്. അപ്പോഴേക്കും ലഡുവുമായി കളക്ടറേറ്റിലെ സഹപ്രവർത്തകരെത്തി. സാമൂഹിക നീതിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറും സ്ഥലത്തെത്തിയിരുന്നു. 2016-ൽ സിവിൽ സർവീസിൽ ആദ്യ ശ്രമത്തിൽ 777-ാം റാങ്ക് നേടിയിരുന്നു പ്രജ്ഞാൽ. 2017-ൽ 124-ാം റാങ്ക് നേടിയാണ് െഎ.എ.എസിലെത്തിയത്. കൊച്ചി അസിസ്റ്റന്റ് കളക്ടറായാണ് ആദ്യം നിയമിതയായത്. ആറാം വയസ്സിൽ അപകടത്തെത്തുടർന്നായിരുന്നു കാഴ്ച നഷ്ടമായത്. എന്നാൽ, തന്റെ പഠനവഴികളിൽ കാഴ്ചപരിമിതി ഇവർക്കു തടസ്സമായില്ല. ആരെയും പ്രചോദിപ്പിച്ചുകൊണ്ട് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്കും പ്രജ്ഞാൽ എത്തി. മുംെബെ സെന്റ് സേവ്യേഴ്സ് കോേളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ജെ.എൻ.യു.വിൽനിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി. കണ്ണുചിമ്മാതെ ഒപ്പമൊരു ടീം സബ് കളക്ടറായി ചുമതലയേറ്റ പ്രജ്ഞാൽ പാട്ടീലിനു വേണ്ട സഹായങ്ങളുമായി ഒരു പ്രത്യേക ടീം തന്നെ കളക്ടറേറ്റിൽ പ്രവർത്തിക്കും. കാഴ്ചപരിമിതിയുള്ളതിനാൽ ഫയലുകൾ എല്ലാം പൂർണമായി വായിച്ചുകേൾപ്പിക്കുന്ന രീതിയിലാവും ആദ്യം പ്രവർത്തനം. ഡിജിറ്റൽ ഫയലുകൾ വായിച്ചു കേൾപ്പിക്കുന്ന തരത്തിലുള്ള സോഫ്റ്റ്വേർ ഉള്ള ലാപ്ടോപ്പും സബ് കളക്ടർക്കു സഹായകമാവും. പരിശീലനത്തിനു പോകാതെ വിവിധ സോഫ്റ്റ്വേറുകളുടെ സഹായത്തോടെ പഠനം നടത്തിയാണ് പ്രജ്ഞാൽ സിവിൽ സർവീസ് നേടിയത്. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ശ്രീലതയ്ക്കാണ് പ്രധാന ചുമതല. ഇവർ വഴിയാകും ഫയലുകൾ സബ് കളക്ടറിലേക്ക് എത്തുക. തഹസീൽദാർമാരുൾപ്പെടെ സബ് കളക്ടറുമായി നേരിട്ട് ആശയവിനിമയം നടത്തണം. വിവാദങ്ങളും മരണങ്ങളുമുൾപ്പെടെ സബ് കളക്ടർ നേരിട്ടെത്തി അന്വേഷിക്കേണ്ട കാര്യങ്ങൾക്കു മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ചുമതലയേറ്റ ആദ്യദിനംതന്നെ സബ് കളക്ടർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. അടിയന്തരപ്രാധാന്യമുള്ള ഫയലുകളുടെ വിവരങ്ങൾ ഉടൻ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2BaYp3r
via IFTTT